ഖത്തർ ഉപരോധം: മലക്കം മറിഞ്ഞ്‌ യുഎസ്‌

ഖത്തർ ഉപരോധം: മലക്കം മറിഞ്ഞ്‌ യുഎസ്‌
June 11 03:00 2017

പ്രത്യേക ലേഖകൻ
ദുബായ്‌: ഖത്തർ ഉപരോധത്തിൽ നിലപാട്‌ മയപ്പെടുത്തി മലക്കം മറിയുന്ന യുഎസ്‌ നിലപാടിൽ ഗൾഫ്‌-അറബ്‌ രാഷ്ട്രസമൂഹത്തിന്‌ ആശങ്കയെന്നു സൂചന.
ഉപരോധം മൂലം ഐഎസ്‌ അടക്കമുള്ള ഇസ്ലാമിക ഭീകര സംഘടനകൾക്കെതിരായ അമേരിക്കയുടെ സൈനിക നടപടികൾ തടസപ്പെട്ടിരിക്കുകയാണെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി റെക്സ്ടില്ലേഴ്സൺ ഇന്നലെ അഭിപ്രായപ്പെട്ടത്‌ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളിൽ അമർഷം ഉളവാക്കിയിട്ടുണ്ടെന്ന്‌ മധ്യപൂർവദേശത്തെ നയതന്ത്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഖത്തറിന്റെ ഭീകരാനുകൂല നിലപാടുകൾക്കെതിരെ ഗൾഫ്‌ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും രംഗത്തിറങ്ങുമെന്ന കണക്കുകൂട്ടലും തെറ്റി. ഖത്തർ ഉപരോധം കൂടുതൽ മേഖലകളിലേയ്ക്ക്‌ വ്യാപിപ്പിക്കരുതെന്ന സ്റ്റേറ്റ്‌ സെക്രട്ടറി ടില്ലേഴ്സന്റെ ഉപദേശം ഇടങ്കോലിടലായാണ്‌ ഗൾഫ്‌ രാഷ്ട്രസമൂഹം കരുതുന്നത്‌.
ഉപരോധത്തിൽ അയവു വരുത്തണമെന്ന്‌ യുഎഇ, സൗദിഅറേബ്യ, ബഹ്‌റൈൻ, ഈജിപ്റ്റ്‌ എന്നീ രാജ്യങ്ങളോട്‌ അദ്ദേഹം ആവശ്യപ്പെട്ടതും ഈ രാജ്യങ്ങളെ ഞെട്ടിച്ചു. കര, കടൽ, വ്യോമഗതാഗത വിലക്കുകളിലൂടെ ഖത്തറിനെ ഒറ്റപ്പെടുത്തുന്ന നടപടികൾ കൂടുതൽ മേഖലകളിലേയ്ക്ക്‌ വ്യാപിപ്പിക്കുന്നതിനിടയിലാണ്‌ ഈ ഉപദേശമെന്ന കാര്യവും ശ്രദ്ധേയം. സൂയസ്‌ കനാലിലൂടെ ഖത്തറിന്റെ എണ്ണ-പ്രകൃതിവാതകം വഹിച്ചുകൊണ്ടുള്ള കപ്പലുകൾക്ക്‌ ഈജിപ്റ്റ്‌ പ്രവേശനാനുമതി നിഷേധിച്ചതിനിടെയാണ്‌ ടില്ലേഴ്സന്റെ ഉപരോധ ഉദാരവൽക്കരണ നിലപാട്‌ പ്രഖ്യാപനം.
ഉപരോധം മൂലം ചരക്കുനീക്കം നിലച്ചതിനാൽ ഭക്ഷ്യധാന്യങ്ങളിൽ തൊണ്ണൂറ്‌ ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഖത്തറിനോട്‌ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണം. കുടുംബങ്ങൾ തമ്മിൽ വേർപെട്ടുപോയ അവസ്ഥയ്ക്ക്‌ പരിഹാരമായാണ്‌ ഉപരോധത്തിൽ അയവു വരുത്തണമെന്ന്‌ ആവശ്യപ്പെടുന്നതെന്നും ടില്ലേഴ്സൺ വ്യക്തമാക്കി. എന്നാൽ ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങളെന്ന നിലയിൽ മധ്യപൂർവദേശത്തെയും ഗൾഫിലേയും പ്രതിസന്ധി പരിഹരിക്കാൻ ആ രാജ്യങ്ങൾ തന്നെ മുൻകൈയെടുക്കണമെന്ന പ്രസിഡന്റ്‌ ട്രംപിന്റെ ഇന്നലത്തെ വിശദീകരണവും ഉപരോധം പ്രഖ്യാപിച്ചതിന്റെ പിറ്റേന്നത്തെ അദ്ദേഹത്തിന്റെ നയപ്രഖ്യാപനത്തിൽ നിന്നുള്ള മറ്റൊരു മലക്കംമറിച്ചിലായും നയതന്ത്ര നിരീക്ഷകർ കരുതുന്നു.

  Categories:
view more articles

About Article Author