ഖത്തർ പ്രവാസികളുടെ യാത്രാദുരിതം തീരുന്നു

ഖത്തർ പ്രവാസികളുടെ യാത്രാദുരിതം തീരുന്നു
June 16 03:00 2017

ഇന്ത്യൻ വിമാനങ്ങൾക്ക്‌ യുഎഇ ക്ക്‌ മുകളിലൂടെ ദോഹയ്ക്ക്‌ പറക്കാം

കെ രംഗനാഥ്‌
ദുബായ്‌: ഖത്തറിനെതിരായ ഗൾഫ്‌ രാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന്‌ റംസാൻ അവധിക്കാലത്ത്‌ നാട്ടിലെത്താനിരുന്ന മലയാളികൾക്ക്‌ ആശ്വാസമായി വ്യോമ വിലക്കുകളിൽ ഇളവ്‌.
ഇന്ത്യൻ സ്ഥാനപതി നവദീപ്സിങ്‌ സൂരിയുടെ ഇടപെടലിനെത്തുടർന്ന്‌ യുഎഇയിലെ വ്യോമമാർഗത്തിലൂടെ ഇന്ത്യൻ യാത്രാവിമാനങ്ങൾക്ക്‌ ഖത്തർ തലസ്ഥാനമായ ദോഹയിലേയ്ക്കും തിരിച്ച്‌ ഇന്ത്യയിലേയ്ക്കും പറക്കാമെന്ന്‌ ഉത്തരവായി. വ്യോമ വിലക്കിനെത്തുടർന്ന്‌ ദോഹയിൽ നിന്നുള്ള ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാന്റെയും ഇറാന്റെയും ആകാശവീഥി വഴിയായിരുന്നു ഇന്ത്യയിലേക്കു സർവീസ്‌ നടത്തിയിരുന്നത്‌. ഇതുമൂലം കേരളീയർ ഒരു മണിക്കൂറോളം അധികം യാത്ര ചെയ്യേണ്ടിയിരുന്നു. പ്രതിദിനം ശരാശരി 1200 മലയാളികളാണ്‌ ദോഹയിൽ നിന്ന്‌ നാട്ടിലേയ്ക്ക്‌ തിരിക്കുന്നത്‌. മുംബയിലേയ്ക്കുള്ള യാത്രക്കാർ അരമണിക്കൂറോളം അധികയാത്ര ചെയ്യണമായിരുന്നു. ഇന്ധനച്ചെലവ്‌ കൂടുന്നതിനാൽ ഇതുവഴി യാത്രാക്കൂലിയിലും വർധനവുണ്ടായി.
ഈ സാഹചര്യത്തിൽ ഇനി വിലക്ക്‌ ഖത്തർ എയർവേയ്സ്‌ വിമാനങ്ങൾക്ക്‌ മാത്രമായതിനാൽ യാത്രാദുരിതത്തിൽ തെല്ലു ശമനമുണ്ടാകും. എന്നാൽ ബുദ്ധിമുട്ട്‌ പൂർണമായി ഒഴിവാകണമെങ്കിൽ എയർ ഇന്ത്യയും മറ്റ്‌ ഇന്ത്യൻ വിമാനക്കമ്പനികളും ദോഹയിലേയ്ക്ക്‌ കൂടുതൽ വിമാനസർവീസുകൾ നടത്തണമെന്ന്‌ യുവകലാസാഹിതി ഖത്തർ ഘടകം ആവശ്യപ്പെട്ടു.
ഇന്ത്യൻ വിമാനങ്ങൾക്ക്‌ ഏർപ്പെടുത്തിയിരുന്ന വ്യോമവിലക്കു കാരണം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, മംഗലാപുരം വിമാനത്താവളങ്ങളിലേയ്ക്ക്‌ ദോഹയിൽ നിന്നുള്ള 30 കിലോ ലഗേജ്‌ 20 കിലോയായി വെട്ടിക്കുറച്ചതും ഇനി പുനഃസ്ഥാപിക്കും.

view more articles

About Article Author