ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി മൂന്നാർ

ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി മൂന്നാർ
May 19 04:45 2017

സന്ദീപ്‌ രാജാക്കാട്‌
രാജാക്കാട്‌: സമര കോലാഹലങ്ങൾക്ക്‌ ശേഷം മൂന്നാറിൽ സഞ്ചാരികളുടെ തിരക്കു വീണ്ടും വർധിച്ചു. ഇതോടെ ടൗണിൽ ഗതാഗതക്കുരുക്ക്‌ അതിരൂക്ഷമായി.
ഇരവികുളം ദേശിയോദ്യാനം,ലാക്കാട്‌ വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങളാണ്‌ ഗതാഗതക്കുരുക്കുണ്ടാകുന്ന പ്രധാന കേന്ദ്രങ്ങൾ. അനിയന്ത്രിതമായി വാഹനങ്ങൾ പാതയോരത്ത്‌ പാർക്ക്‌ ചെയ്യുന്നതും ഗതാഗതക്കുരുക്കിന്‌ കാരണമായിട്ടുണ്ട്‌. വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കി മൂന്നാറിൽ ആളികത്തി നിന്ന സമരങ്ങളും മറ്റു പ്രതിസന്ധികളും താൽക്കാലികമായി കെട്ടടങ്ങിയതോടെ തെക്കിന്റെ കശ്മീരിലേയ്ക്ക്‌ സഞ്ചാരികളുടെ വരവും വർധിച്ചു. അവധി ആസ്വദിയ്ക്കുന്നതിനായി ദിനംപ്രതി ആയിരക്കണക്കിന്‌ വിനോദ സഞ്ചാരികളാണ്‌ ഇവിടേയ്ക്ക്‌ എത്തുന്നത്‌.
ഇരവികുളം ദേശീയ ഉദ്യാനം,ലക്കം വെള്ളച്ചാട്ടം മൂന്നാർ ഹൈഡൽ പാർക്ക്‌, മാട്ടുപ്പെട്ടി ബോട്ടിംഗ്‌ എന്നിവടങ്ങളിലാണ്‌ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്‌. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പാർക്കിംഗിന്‌ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും വലിയ പ്രസിന്ധി സൃഷ്ടിക്കുന്നുണ്ട്‌. മാത്രവുമല്ല രാജമല, മാട്ടുപ്പെട്ടി, കുണ്ടള, മൂന്നാർ ടൗൺ എന്നിവടങ്ങളിലും മണിക്കൂറുകളോളമാണ്‌ ഗതാഗതക്കുരുക്ക്‌ അനുഭവപ്പെടുന്നത്‌. രാജമലയിൽ എത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ അനധികൃതമായി പാർക്ക്‌ ചെയ്യുന്നത്‌ ഇവിടെ വലിയ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്‌.
സന്ദർശകരുടെ കടന്നുവരവ്‌ വർധിച്ചതോടെ മൂന്നാർ ഹൈഡൽപാർക്കിൽ നടന്നുവന്നിരുന്ന പുഷ്പമേള 21 വരെ നീട്ടിയിട്ടുണ്ട്‌. ഇതോടെ വരും ദിവസങ്ങളിൽ മൂന്നാർ ഗതാഗതക്കുരുക്കിൽ കൂടുതൽ വീർപ്പുമുട്ടുമെന്ന്‌ ഉറപ്പാണ്‌.

  Categories:
view more articles

About Article Author