Saturday
26 May 2018

ഗാന്ധിജിയുടെ സങ്കൽപ്പത്തിലെ ഇന്ത്യ

By: Web Desk | Wednesday 14 June 2017 4:55 AM IST

കാര്യവിചാരം
യു വിക്രമൻ
പല മതങ്ങളിൽ വിശ്വസിക്കുന്നവരും പല ജാതികളായി വിഭജിക്കപ്പെട്ടവരും പല ഭാഷകൾ സംസാരിക്കുന്നവരും പല പ്രാദേശിക സംസ്കാരങ്ങളോടു കൂടിയവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു മഹാരാജ്യമാണ്‌ ഇന്ത്യ. ‘നാനാത്വത്തിലെ ഏകത്വം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ഐക്യം ഊട്ടിയുണ്ടാക്കുകയെന്ന പ്രശ്നത്തെപ്പറ്റി ആഴത്തിൽ ചിന്തിച്ച നേതാക്കളിൽ പ്രഥമഗണനീയനായിരുന്നു ഗാന്ധിജി. അതുകൊണ്ട്‌ അദ്ദേഹം ഹിന്ദു – മുസ്ലിം ഐക്യം തന്റെ ജീവിതലക്ഷ്യങ്ങളിലൊന്നായി കണക്കാക്കി.
ഇന്ത്യയിൽ ചരിത്രപരമായി ഉരുത്തിരിഞ്ഞുവന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിതിവിശേഷങ്ങളുടെ സങ്കീർണതകളെപ്പറ്റിയും അവ ഉയർത്തിയിട്ടുള്ള പ്രശ്നങ്ങളെപ്പറ്റിയും സമഗ്രമായി ചിന്തിക്കുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും കർമ്മപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്ത മറ്റൊരു ദേശീയനേതാവ്‌ ഗാന്ധിജിക്ക്‌ മുമ്പ്‌ ഉണ്ടായിട്ടില്ല. തന്റെ ആദർശങ്ങൾ സഫലീകരിക്കുന്നതിന്‌ ജനങ്ങളുടെ ശക്തിയിൽ വിശ്വസിക്കുകയും പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും ആളുകളെ തന്റേതായ രീതിയിൽ കർമ്മരംഗത്തിറക്കുകയും ചെയ്ത മറ്റൊരു നേതാവ്‌ ഗാന്ധിജിക്കു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.
ഹിന്ദു – മുസ്ലിം ഐക്യത്തിനു വേണ്ടിയെന്നപോലെതന്നെ അത്രവാശിയോടും വീറോടും ആത്മാർഥതയോടും അർപ്പണബോധത്തോടും കൂടി ഗാന്ധിജി ജാതിവ്യവസ്ഥ സൃഷ്ടിച്ച സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരായി, അയിത്തോച്ചാടനത്തിനുവേണ്ടി, ഹരിജനങ്ങളുടെ ഉദ്ധാരണത്തിനായി പോരാടി. 1920 മുതൽക്കുതന്നെ ഗാന്ധിജി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിന്‌ അദ്ദേഹം ആദിവാസി സേവാസംഘമെന്ന സംഘടനയുണ്ടാക്കി. ഇന്ത്യയിലെ പ്രാദേശികഭാഷകളുടെ സമ്പൂർണ വികസനത്തിനുവേണ്ടിയാണ്‌ ഗാന്ധിജി വിട്ടുവീഴ്ചയില്ലാതെ വാദിച്ചത്‌.
ഭാഷാടിസ്ഥാനത്തിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന വേണമെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഗാന്ധിജി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനയെ അദ്ദേഹം ഭാഷയുടെ അടിസ്ഥാനത്തിലാക്കി. തൊഴിൽ പരിശീലനമെന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ദേശീയ വിദ്യാഭ്യാസനയം ഗാന്ധിജി ആവിഷ്കരിക്കുകയും നടപ്പിൽ വരുത്തുവാൻ ശ്രമിക്കുകയും ചെയ്തു. ഇന്ത്യൻ സ്ത്രീകളെ അടുക്കളയിൽ നിന്ന്‌ പൊതുപ്രവർത്തനരംഗത്തേയ്ക്കു കൊണ്ടുവരാനും അവരുടെ സമത്വത്തിനും സ്വാതന്ത്ര്യത്തിനു വേണ്ടിയും വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചതും ഗാന്ധിജിയായിരുന്നു.
ഇപ്പോഴിതാ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ഗാന്ധിജിയെ ജാതിപറഞ്ഞ്‌ വിമർശിച്ച്‌ രംഗത്തുവന്നിരിക്കുന്നു. അമിത്ഷായുടെ പ്രസ്താവന വൻ വിവാദമായിരിക്കുകയാണ്‌. ഭരണത്തിലെത്തിയനാൾ മുതൽ ഓരോ വിഷയത്തിലും ബിജെപി നേതാക്കൾ കാട്ടുന്ന അസഹിഷ്ണുതയുടെ ഭാഗമായി മാത്രമേ ഈ പ്രസ്താവനയേയും കാണാൻ കഴിയൂ. ഇന്ത്യയിലെ അനേക കോടിവരുന്ന ദരിദ്രനാരായണന്മാരുടെ, മർദ്ദിതരും ചൂഷണം ചെയ്യപ്പെട്ടവരും പട്ടിണികിടക്കുന്നവരുമായ അധ്വാനിക്കുന്നവരുടെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവായിരുന്നു ഗാന്ധിജിയെന്ന കാര്യം അമിത്ഷാ ഓർക്കുക.
‘ഞാൻ പിടിച്ച മുയലിന്‌ മൂന്നുകൊമ്പ്‌’ എന്ന്‌ വാദിക്കുന്ന ഒരു പിടിവാശിക്കാരനായിരുന്നില്ല ഗാന്ധിജി. ജനങ്ങളുടെ ബോധത്തിലുണ്ടാവുന്ന മാറ്റങ്ങൾ തൊട്ടറിഞ്ഞും പ്രസ്ഥാനത്തിന്റെ വളർച്ചയും ആവശ്യങ്ങളും മനസിലാക്കിയും തന്റെ അഭിപ്രായങ്ങൾ മാറ്റാനും നിലപാടുകളെടുക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ്‌ അന്യാദൃശമായിരുന്നു. അതുകൊണ്ടാണ്‌ ഗാന്ധിജിയെ ഇന്ത്യയിലെ സാധാരണ ജനങ്ങൾ ‘മഹാത്മാവ്‌’ എന്നുവിളിച്ച്‌ ആരാധിക്കുകയും ‘രാഷ്ട്രപിതാവ്‌’ ആയി ആദരിക്കുകയും ചെയ്തത്‌. ഗാന്ധിജി ജനങ്ങളോടൊപ്പം നീങ്ങിയ ഒരു നേതാവായിരുന്നുവെന്ന്‌ കാണുകയും മനസിലാക്കുകയും ചെയ്യാത്തവർ ഗാന്ധിജിയെ വിലയിരുത്തുന്നത്‌ കുരുടന്മാർ ആനയെ കണ്ടതുപോലെയാണ്‌. അവർ യഥാർത്ഥ ഗാന്ധിജിയെ കാണാതെ പോകുന്നു.
ഗാന്ധിജി ഒരു ഹിന്ദുവായിരുന്നു. പക്ഷേ ഒരു സനാതനി ആയിരുന്നില്ല. ക്ഷേത്രദർശനത്തിലോ ബിംബാരാധനയിലോ വിശ്വസിച്ചിരുന്നില്ല. ഗാന്ധിജി ഈശ്വരവിശ്വാസിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈശ്വരൻ ഏതെങ്കിലും മതത്തിൽ പറയുന്ന ഈശ്വരനായിരുന്നില്ല. ഭഗവത്ഗീത മാത്രമായിരുന്നില്ല അദ്ദേഹത്തിന്‌ വഴികാട്ടിയായ വേദപുസ്തകം. ലോകത്തിലെ വിവിധ മതക്കാരുടെ വേദപുസ്തകങ്ങളെ താൻ മനസിലാക്കുവാൻ ശ്രമിക്കുകയാണെന്നും താൻ അവയെ അക്ഷരാർഥത്തിൽ എടുക്കുന്നില്ലെന്നും സത്യത്തിന്റേയും അഹിംസയുടെയും ഊരകല്ലിലാണ്‌ താൻ അവയിലെ ബോധനങ്ങളെ മാറ്റുരച്ചുനോക്കുന്നതെന്നും ഗാന്ധിജി എഴുതി.
“ഞാൻ വേദങ്ങളുടെ അനന്യമായ ദൈവികത്വത്തിൽ വിശ്വസിക്കുന്നില്ല. വേദങ്ങളെപ്പോലെതന്നെ ഈശ്വരചൈതന്യം ഉൾക്കൊള്ളുന്നതാണ്‌ ബൈബിളും ഖുർആനും പാർസികളുടെ സെൻഡ്‌ അവസ്തയുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഹിന്ദു വേദപുസ്തകങ്ങളിൽ എനിക്കുള്ള വിശ്വാസം അവയിലെ ഓരോ വാക്കും ഓരോ സൂക്തവും ഈശ്വരചൈതന്യമടങ്ങുന്നതാണെന്ന്‌ അംഗീകരിക്കാൻ എന്നോട്‌ ആവശ്യപ്പെടുന്നില്ല. എത്രതന്നെ പണ്ഡിതോചിതനാണെങ്കിലും യുക്തിക്കും ധാർമ്മികബോധത്തിനും നിരക്കാത്ത ഏത്‌ വ്യാഖ്യാനത്തിലും ബന്ധനസ്ഥനാകാൻ ഞാൻ ഒരുക്കമല്ല.”
അയിത്തം മതവിധിപ്രകാരമുള്ള ഒന്നല്ല എന്ന്‌ വളരെ ചെറുപ്പകാലം മുതൽ ഗാന്ധിജി തന്റെ അമ്മയോട്‌ വാദിച്ചിരുന്നതായി പറയപ്പെടുന്നു. വിദ്യാഭ്യാസത്തിനുവേണ്ടി വിദേശരാജ്യത്ത്‌ പോയതിന്‌ ഗാന്ധിജി സ്വന്തം ജാതിയിൽ നിന്ന്‌ പുറത്താക്കപ്പെട്ടു. ജാതിമുഖ്യന്മാരുടെ പൊതുയോഗം ഇങ്ങനെ രേഖപ്പെടുത്തി: “ഈ കുട്ടിയെ ഇന്നു മുതൽ ജാതിഭ്രഷ്ടനായി കരുതേണ്ടതാണ്‌. ആരെങ്കിലും അയാളെ സഹായിക്കുകയോ കപ്പൽ കയറ്റി അയക്കാൻ പോവുകയോ ചെയ്താൽ അയാൾക്ക്‌ ഒന്നേകാൽ രൂപ പിഴയിടുന്നതാണ്‌.”
സ്വാതന്ത്ര്യം കിട്ടിയതിനുശേഷം പടുത്തുയർത്തേണ്ടതായ പുതിയ ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനത്തേയും സാമ്പത്തിക നയപരിപാടികളെയും പറ്റി ഗാന്ധിജിക്ക്‌ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. രാമരാജ്യം, ഗ്രാമസ്വരാജ്‌ എന്നീ പദങ്ങളെക്കൊണ്ടാണ്‌ അദ്ദേഹം തന്റെ സങ്കൽപ്പത്തിലുള്ള ഇന്ത്യയെ നിർവചിച്ചത്‌. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യത്തെയും ഗ്രാമസ്വരാജിനെയും മനസിലാക്കാൻ മെനക്കെടാതെയാണ്‌ അവയെ പരിഹസിക്കുകയും അപ്രായോഗികമെന്ന്‌ മുദ്രകുത്തി തള്ളിക്കളയുകയും ചെയ്യുന്നത്‌.
നമ്മുടെ രാജ്യത്തെ യഥാർത്ഥ സ്ഥിതിഗതികളെപ്പറ്റിയും പുരോഗതിയുടെ പ്രശ്നങ്ങളെപ്പറ്റിയും പരിഹാരമാർഗങ്ങളെപ്പറ്റിയും ഗാന്ധിജിക്കുണ്ടായിരുന്ന സമഗ്രവീക്ഷണവും വികസ്വരചിന്തയും വീണ്ടെടുക്കേണ്ട സന്ദർഭമാണിത്‌. വിദേശസാമ്രാജ്യാധിപത്യത്തോട്‌ ഗാന്ധിജിക്കുണ്ടായിരുന്ന രൂക്ഷമായ എതിർപ്പ്‌, ബഹുജനങ്ങളുടെ സംഘടനയോടും സജീവമായ ചെറുത്തുനിൽപ്പിനോടും അദ്ദേഹത്തിനുണ്ടായിരുന്ന തീവ്രമായ ആഭിമുഖ്യം, ജനങ്ങളെ അടിച്ചമർത്തുകയും അധഃപതിപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വശൂന്യമായ എല്ലാറ്റിനോടുമുള്ള വെറുപ്പ്‌-എല്ലാം നിത്യസ്മരണീയമായ സ്വഭാവഗുണങ്ങളായിരുന്നു. സത്യഗ്രഹി അനീതിയുടെയും പാവത്തിന്റെയും മുന്നിൽ മുട്ടുമടക്കുന്ന ആളല്ല, എതിർത്തു പോരാടുന്നവനാണ്‌ എന്ന്‌ ഗാന്ധിജി പറയാറുണ്ടായിരുന്നു.
1948 ജനുവരി 30-ന്‌ ഒരു ഹിന്ദുമതഭ്രാന്തന്റെ വെടിയുണ്ടകൾ ജീവൻ അപഹരിച്ചിരുന്നില്ലെങ്കിൽ ഗാന്ധിജി എന്തുചെയ്യുമായിരുന്നു? പ്രശ്നം വെയ്ക്കുന്നതിൽ അർഥമില്ല. പക്ഷേ, ഒന്നുതീർച്ച: പണക്കാർ പാവപ്പെട്ടവരെ കണ്ണിൽചോരയില്ലാതെ ചൂഷണം ചെയ്യുന്നതിനോട്‌ അദ്ദേഹം ഒരിക്കലും സന്ധിചെയ്യുമായിരുന്നില്ല. തന്റേതായ രീതിയിൽ ദരിദ്രനാരായണന്മാരുടെ മോചനത്തിനായി അദ്ദേഹം സമരം തുടരുമായിരുന്നു.