ഗീതയുടെ കരവിരുതിൽ വിരിയുന്ന അലങ്കാര വസ്തുക്കൾ

ഗീതയുടെ കരവിരുതിൽ വിരിയുന്ന അലങ്കാര വസ്തുക്കൾ
September 20 05:05 2016

സന്ദീപ്‌ രാജാക്കാട്‌
രാജാക്കാട്‌: ഒഴിവ്‌ സമയങ്ങളിൽ ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച്‌ കരകൗശല വസ്തുക്കൾ നിർമ്മിച്ച്‌ ശ്രദ്ധേയമാകുകയാണ്‌ മറയൂർ പുതച്ചി വയൽ സ്വദേശിനി ഗീതാ ഗണേശൻ. നേരംപോക്കിനൊപ്പം മികച്ച വരുമാനവുമാണ്‌ ഗീത ഇതിലൂടെ കണ്ടെത്തുന്നത്‌. രണ്ട്‌ മാസത്തിനുളിൽ അയ്യായിരത്തോളം രൂപയുടെ കരകൗശല വസ്തുക്കളാണ്‌ സ്വന്തമായി നിർമ്മിച്ച്‌ വിറ്റഴിച്ചത്‌.
മറയൂർ രാജീവ്‌ ഗാന്ധി നേച്ചറൽ പാർക്കിൽ ചായക്കട നടത്തുന്ന ഗീതാ ഗണേശനെന്ന യുവതിക്ക്‌ വെറുതേ കളയുവാൻ സമയമില്ല. ദിവസേന നൂറുകണക്കിന്‌ സഞ്ചാരികളെത്തുന്ന പാർക്കിലെ ചായക്കടയിൽ തിരക്കൊഴിഞ്ഞാൽ ഉപയോഗശൂന്യമായ കലണ്ടറും മറ്റ്‌ പേപ്പറുകളുമെടുത്ത്‌ അവയ്ക്ക്‌ പുതിയ ജീവൻ നൽകും. പേപ്പറുകളും കലണ്ടറുകളും വെട്ടിയെടുത്ത്‌ നിമിഷ നേരംകൊണ്ട്‌ നിർമ്മിക്കുന്ന മയിലും, താറാവും മറ്റ്‌ അലങ്കാര വസ്തുക്കളും വാങ്ങുന്നതിന്‌ നിരവധിപ്പേരാണ്‌ എത്തുന്നത്‌. ഇവിടെയെത്തുന്ന സഞ്ചാരികളെ കൂടാതെ ഗീതയുടെ കരവിരുതിൽ വിരിയുന്ന കരകൗശല വസ്തുക്കൾക്ക്‌ തമിഴ്‌നാട്ടിൽ നിന്നുള്ള കച്ചവടക്കാരുടെ നിരവധി ഓഡറും ലഭിച്ചിട്ടുണ്ട്‌. വെറും നാലുമാസം കൊണ്ടാണ്‌ ഗീത ഈ രംഗത്ത്‌ ശ്രദ്ധേയയാത്‌.
വീടിനടുത്തുള്ള മെഡിക്കൽ സ്റ്റോറിലെ സുഹൃത്ത്‌ ഇത്തരത്തിൽ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നത്‌ കണ്ട്‌ ഇതിനോട്‌ താൽപര്യം തോന്നുകയും തുടർന്ന്‌ നാലുമാസം മുമ്പാണ്‌ ഇവയുടെ നിർമ്മാണം ആരംഭിക്കുന്നതും. ആദ്യമുണ്ടാക്കിയവ കടയുടെ ഒരുവശത്ത്‌ പ്രദർശിപ്പിക്കുകയും തുടർന്ന്‌ ഇവ വിലയ്ക്ക്‌ വാങ്ങുവാൻ സഞ്ചാരികളടക്കം എത്തിയതൊടെയാണ്‌ ഇതിൽ നിന്നും മികച്ച വരുമാനം കണ്ടെത്തുവാൻ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞ്‌ കൂടുതൽ അലങ്കാരവസ്തുക്കൾ നിർമ്മിക്കുകയും ഇവ കടയിൽ പ്രദർശിപ്പിക്കുകയുമായിരുന്നു.
ഗീത നിർമ്മിക്കുന്ന അലങ്കാര വസ്തുക്കൾ തമിഴ്‌നാട്ടിലെത്തിച്ച്‌ നിറങ്ങളും മറ്റ്‌ ആകർഷകമായ വസ്തുക്കളും ചേർത്താണ്‌ വിറ്റഴിക്കുന്നത്‌. ഇത്തരത്തിൽ അലങ്കാര വസ്തുക്കൾക്ക്‌ ആവശ്യക്കാർ ഏറിയതോടെ ചാർട്ട്‌ പേപ്പറും മറ്റും ഉപയോഗിച്ചും ആകർഷകമായ അലങ്കാര വസ്തുക്കളും ഇവർ നിർമ്മിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. സഹായങ്ങൾ ലഭിച്ചാൽ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ്‌ തന്നെ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌ ഈ വനിത.

view more articles

About Article Author