ഗുരുതര ആരോപണങ്ങളുമായി യുവരാജിന്റെ പിതാവ്‌: ധോണി യുവിയുടെ അവസരം തുലച്ചു

ഗുരുതര ആരോപണങ്ങളുമായി യുവരാജിന്റെ പിതാവ്‌: ധോണി യുവിയുടെ അവസരം തുലച്ചു
January 12 04:45 2017

ന്യൂഡൽഹി: സ്ഥാനമൊഴിഞ്ഞ ഇന്ത്യയുടെ വിജയനായകൻ മഹേന്ദ്ര സിങ്‌ ധോണിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവരാജ്‌ സിങ്ങിന്റെ അച്ഛൻ യോഗ്‌രാജ്‌ സിങ്ങ്‌ വീണ്ടും രംഗത്തെത്തി. ഇതിനു മുമ്പ്‌ പല തവണ ധോണിയ്ക്കെതിരെ മാധ്യമ പ്രവർത്തകർക്ക്‌ മുന്നിൽ വന്നിട്ടുള്ള യോഗ്‌രാജ്‌ ഇത്തവണ കൂടുതൽ കടുത്ത ഭാഷയിലാണ്‌ മകന്റെ സഹതാരത്തെ വിമർശിച്ചത്‌.
ധോണിയുടെ ക്യാപ്റ്റൻ സ്ഥാനം പോയതുകൊണ്ടാണ്‌ യുവരാജിന്‌ ടീം ഇന്ത്യയിൽ വീണ്ടും അവസരം ലഭിച്ചതെന്ന്‌ യോഗരാജ്‌ പറഞ്ഞു. ധോണി നായക സ്ഥാനത്തു നിന്ന്‌ മാറിയാലേ യുവരാജ്‌ ഇനി ടീമിലെത്തൂ എന്ന്‌ താൻ രണ്ടു വർഷം മുൻപ്‌ തന്നെ പറഞ്ഞിരുന്നു .എന്നാലിപ്പോൾ അത്‌ സത്യമായെന്നും യോഗരാജ്‌ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ടൈംസിന്‌ നൽകിയ അഭിമുഖത്തിലായിരുന്നു യോഗരാജിന്റെ പ്രതികരണം.
നേരത്തെ 2011 ലോകകപ്പിന്റെ ഫൈനലിൽ ബാറ്റിംഗ്‌ ഓർഡറിൽ യുവരാജിന്‌ മുൻപേ എത്തിയ ധോണിക്കെതിരേ യോഗരാജ്‌ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തന്റെ മകനെ ടീമിൽ നിന്ന്‌ ഒഴിവാക്കിയത്‌ ധോണിയാണെന്ന്‌ നേരത്തെയും യോഗരാജ്‌ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌.
അതെ സമയം കഴിഞ്ഞ ദിവസം നായക വേഷത്തിൽ ഇംഗ്ലണ്ടിനെതിരായി നടന്ന സന്നാഹ മത്സരം മൂന്നു വിക്കറ്റിന്‌ കൈവിട്ട ശേഷം ഡ്രസിംഗ്‌ റൂമിൽ യുവരാജ്‌ സിങ്ങിന്റെ ഒരു സൗഹൃദ ചോദ്യത്തിന്‌ മറുപടി പറയുന്ന ധോണിയുടെ വീഡിയോ യുവരാജന്റേതായി പുറത്ത്‌ വന്നു. ഇരുവരും തമ്മിൽ ഇപ്പോഴും സൗഹൃദം നിലനിൽക്കുന്നു എന്ന്‌ തെളിയിക്കുന്നതാണ്‌ വീഡിയോ.
ധോണിയുടെ തോളിൽ കൈയിട്ട്‌ യുവരാജാണ്‌ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്‌.
സാഹചര്യങ്ങൾക്ക്‌ ഒത്തുവരുന്ന ഏതു ബോളും സിക്സർ പായിക്കുമെന്ന്‌ ധോണി പറഞ്ഞു.
‘മൂന്നു പ്രമുഖ ജയങ്ങൾ, അതിൽ രണ്ടു ലോകകപ്പും’–യുവരാജ്‌ ധോണിയെ പ്രശംസിച്ചു. നായക വേഷം അഴിച്ച സ്ഥിതിക്ക്‌ ഇനി ആ പഴയ ധോണിയെ പുറത്തുവിടാമെന്നും യുവരാജ്‌ പറഞ്ഞു. സ്റ്റുവർട്ട്‌ ബ്രോഡിനെതിരെ ആറു സിക്സറുകൾ പായിച്ച യുവരാജിന്റെ പ്രകടനത്തിന്‌ സാക്ഷ്യം വഹിച്ചതിൽ തനിക്കും സന്തോഷമുണ്ടെന്നും ധോണി പറയുന്നുണ്ട്‌.
യോഗ്‌രാജ്‌ പറയുന്നത്‌ പോലെ യുവരാജ്‌ സിങ്ങും ധോണിയും തമ്മിൽ നിലവിൽ കാര്യമായ പ്രശ്നങ്ങളില്ല എന്ന്‌ തെളിയിക്കുന്നതാണ്‌ ഈ വീഡിയോ.

  Categories:
view more articles

About Article Author