Saturday
26 May 2018

ഗോകർണം മുതൽ കന്യാകുമാരിവരെ

By: Web Desk | Sunday 18 June 2017 4:45 AM IST

കേരളം കടൽ മാറി കരയായതാണെന്ന്‌ ഭൂമിശാസ്ത്രം പറയുന്നു. ഗോകർണേശ്വരനും അംബയും കാത്തുപോകുന്ന പുണ്യനാടായി നമ്മുടെ വാഗീശ്വരന്മാർ കേരളത്തെ വാഴ്ത്തിയിട്ടുണ്ട്‌

എൻ രാജൻ നായർ
നിലാവുപോലെയുള്ള ഐതിഹ്യങ്ങളാണ്‌ എന്നും ഒരു നാടിന്റെ സാംസ്കാരിക പൈതൃകമായി മാറാറുള്ളത്‌. അത്തരത്തിൽ പരശുരാമ കഥയും പറയിപെറ്റ പന്തിരുകുലവും കേരളത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്‌. അറുപത്‌ പിന്നിടുന്ന ഐക്യകേരളം കാലും തലയുമറ്റ ഒരു സാംസ്കാരിക സവിശേഷതയാണ്‌.
മാതൃഹത്യാപാപം തീരാൻ പരശുരാമൻ കേരളം സൃഷ്ടിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകി എന്നതാണ്‌ പഴയകഥ. ബുദ്ധിമാന്മാരായ നമ്പൂതിരിമാർ പരശുരാമകഥയിലൂടെ പിന്നീട്‌ കയറി ഭക്തജനങ്ങളെ വഞ്ചിച്ചതാവം. ഇക്കഥയിൽ കാര്യമുണ്ട്‌. നല്ലതെല്ലാം നമ്പൂതിരിസൃഷ്ടിയാണെന്ന്‌ വരുത്തുന്ന ഒരു കുബുദ്ധി അവസാനത്തെ നമ്പൂതിരിക്ക്‌ വരെ ഉണ്ടായിരുന്നല്ലോ. കേരളം കടൽ മാറി കരയായതാണെന്ന്‌ ഭൂമിശാസ്ത്രവും പറയുന്നു. നമ്മുടെ നാടിന്‌ പിതാമഹന്മാരില്ലാതെ പോകുന്നത്‌ അനാഥത്വമാണ്‌. തമിഴർക്ക്‌ തിരുവള്ളുവർ പോലെ മലയാളിക്ക്‌ പരശുരാമനും ഒരു പിതാമഹനാണ്‌.
ഡോക്ടർ എസ്‌ രാധാകൃഷ്ണൻ പറഞ്ഞതുപോലെ സാംസ്കാരിക സമ്പത്തുക്കൾ പൊതുവൽക്കരിച്ചില്ലെങ്കിൽ നാളെ അവ വർഗീയവൽക്കരിക്കപ്പെടും. അതിനാണ്‌ ഹിന്ദുധർമത്തെ രാധാകൃഷ്ണൻ ഇന്ത്യൻ ഫിലോസഫിയായി ലോകത്തിന്‌ മുന്നിൽ അവതരിപ്പിച്ച്‌ വിജയിച്ചത്‌. ഹിന്ദുമതമെന്ന സനാതനധർമം എക്കാലവും മതേതരമായിരുന്നു എന്ന്‌ അത്‌ പഠിച്ചിട്ടുള്ളവർക്ക്‌ അറിയാം. അല്ലാത്തവർ ചാതുർവർണ്യത്തിന്റെ പ്രചാരകരായി സ്വയം അധഃപതിക്കും.
വിവിധ സംസ്കാരങ്ങളുടെ ഒരു ദേശീയ പൈതൃകമാണ്‌ ഇന്ത്യയെന്ന്‌ ഇന്ത്യയെ കണ്ടെത്തലിൽ ജവഹർലാൽ നെഹ്‌റു പറയുന്നുണ്ട്‌. കേരളത്തിലെ ഒരു നദി പണ്ടേ നമുക്ക്‌ ഭാരതപ്പുഴയായത്‌ ഇതേ വികാരം കൊണ്ട്‌ തന്നെയാണ്‌. നമ്മുടെ ഭാഷാപിതാവായ എഴുത്തച്ഛൻ മലയാള ഭാഷയെ വിളിച്ചത്‌ ഭാരതി എന്നാണ.്‌
തിരുവിതാംകൂർ, തിരുക്കൊച്ചി, മലബാർ എന്നീ മൂന്ന്‌ ഭൂവിഭാഗങ്ങൾ അറുപത്‌ വർഷം മുമ്പ്‌ ഒന്നായതാണല്ലോ ഐക്യകേരളം. ഐക്യകേരളത്തിനും മുമ്പേ ആ വികാരമുണ്ടായിരുന്നു. ഗോകർണേശ്വരനും അംബയും കാത്തുപോകുന്ന പുണ്യനാടായി നമ്മുടെ വാഗീശ്വരന്മാർ കേരളത്തെ വാഴ്ത്തിയിട്ടുണ്ട്‌. സംസ്ഥാന വിഭജനത്തിൽ ഗോകർണം കർണാടകക്കാർക്കും കന്യാകുമാരി തമിഴർക്കും കിട്ടി. ദേശീയതയ്ക്ക്‌ വേണ്ടി പരശുരാമനെ പോലെ നമ്മൾ സഹിച്ചു. ഇന്നും കന്യാകുമാരിയിലും ഗോകർണത്തും മലയാളം മറക്കാത്ത മലയാളിയുണ്ടെന്നത്‌ സംസ്ഥാന വിഭജനത്തിന്റെ ഭാഷാദുഃഖമായ ഒരു തിരുശേഷിപ്പാണ്‌.
ഗോകർണം ശിവപുരാണത്തിൽ വരെ പരാമർശിക്കുന്ന ധന്യമായ ഒരു ശിവക്ഷേത്രത്താൽ പ്രസിദ്ധമാണ്‌. ഈ ശിവനെയാണ്‌ ഗോകർണേശ്വരൻ എന്നു വിളിക്കുന്നത്‌. ധർമം എന്ന പശു ഓരോ യുഗത്തിലും ഓരോ കാലുകൾ നഷ്ടപ്പെട്ട്‌ ഇക്കലിയുഗത്തിൽ ഒറ്റക്കാലിൽ കഷ്ടത്തിൽ നിൽക്കുകയാണെന്ന്‌ ഭാഗവതം. ആ ധർമപ്പശുവിന്റെ ചെവിയിലാണ്‌ ഗോകർണത്തെ ശിവലിംഗ പ്രതിഷ്ഠ എന്നാണ്‌ സങ്കൽപം.
ധർമത്തിന്റെ മഹിമയറിയാൻ ശ്രീനാരായണഗുരുവിന്റെ അതേ പേരിലുള്ള നാലുവരി കവിത വായിച്ചാൽ മതി. ധർമം തന്നെ കർമം എന്നു മനസിലാകും. അങ്ങനെ വിശ്രുതമായ ഒരു ഭൂമികയിൽ നിന്നാണ്‌ പരശുരാമൻ കേരളം സൃഷ്ടിച്ചതെന്നത്‌ നമ്മുടെ പാരമ്പര്യമഹനീയത തന്നെയാണ്‌. വീരന്മാരായ പഴശിരാജയും കുഞ്ഞാലി മരയ്ക്കാരുമൊക്കെയാണ്‌ പൂർവിക മലബാറിന്റെ ധീരതാരകങ്ങൾ, പിന്നെ എഴുത്തച്ഛനെന്ന ഭാഷാ പിതാവും. പിൽക്കാലത്ത്‌ കേളപ്പജിയും കെ പി കേശവമേനോനും എകെജിയും.
ഗോകർണത്തെ പോലെ പശുനാമധാരിയാണ്‌ ഗോശ്രീ എന്ന കൊച്ചിയും. നമ്മുടെ ഗോശ്രീയെ സായിപ്പ്‌ കൊച്ചിയാക്കിയത്‌ ഇനിയും നമുക്ക്‌ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പണ്ടേ ഒരു തുറമുഖ പട്ടണമാണ്‌ കൊച്ചി. മലബാറിൽ മാമ്പറതങ്ങളെങ്കിൽ കൊച്ചിയിൽ മലയാറ്റൂർ മുത്തപ്പനാണ്‌ വിശ്വാസകേന്ദ്രം. കഥകളിലെ മാന്ത്രിക വൈദികനായ പൗലോസ്‌ എന്ന കടമുറ്റത്ത്‌ കത്തനാർ കൊച്ചി ദേശക്കാരൻ തന്നെ. സ്മാർത്ത വിചാരത്തിലൂടെ നിത്യസ്മരണീയയായ താത്രിക്കുട്ടിയും കൊച്ചീസീമക്കാരി തന്നെ. മലബാറിന്‌ മുത്തപ്പനും ഗുരുവായൂരപ്പനും എന്ന പോലെ കൊച്ചിക്ക്‌ ചോറ്റാനിക്കരയമ്മയുണ്ട്‌. കൊച്ചിയും കോഴിക്കോടും കൊടുങ്ങല്ലൂരും പഴയ വിശ്രുത അങ്ങാടികളും അഭയസ്ഥാനങ്ങളുമാണ്‌.
ആറ്‌ മലയാളിക്ക്‌ നൂറ്‌ മലയാളം എന്നു പറയുന്നത്‌ ഇവിടെ തികച്ചും ശരിയാണ്‌. മലബാർ മലയാളവും കൊച്ചി മലയാളവും ഉച്ചാരണം കൊണ്ട്‌ സവിശേഷമാണ്‌. ശീഘ്രയാളമാണ്‌ തൃശൂരുമാരുടേത്‌. നൃത്തം ചെയ്യുന്ന മലയാളമാണ്‌ പാലക്കാട്ടെ വള്ളുവനാടൻ മലയാളം. തിരുവനന്തപുരത്തെയും കൊല്ലത്തെയും മലയാളങ്ങൾ വ്യത്യസ്തമാണ്‌. എന്നാൽ ടി വി-ദിനപ്പത്ര സംസ്കാരത്തിലൂടെ നമുക്കൊരു ഏക മലയാളം ലഭിച്ചുകൊണ്ടിരിക്കുന്നു.
പാവങ്ങളുടെ കള്ളനായ കായംകുളം കൊച്ചുണ്ണിയുടെ നാടെത്തിയാൽ നാം തിരുവിതാംകൂറിലായി. ഓച്ചിറയും ചട്ടമ്പി സ്വാമികളും നിങ്ങളെ വരവേൽക്കുകയായി.
വേദാധികാരനിരുപണത്തിന്റെ കരിമരുന്ന്‌ ശക്തി അനുഭവിച്ച്‌ വർക്കലയിലെ ശിവഗിരിയിലേക്ക്‌ പോകുക. അയിത്തരഹിതകേരളം സൃഷ്ടിച്ച ശ്രീനാരായണൻ അവിടെയുണ്ട്‌. കൊട്ടാരക്കരയിൽ സദാനന്ദസ്വാമിയും വെങ്ങാനൂരിൽ അയ്യങ്കാളിയുമുണ്ട്‌. കൊല്ലത്തെ ഇളമ്പള്ളൂർ കാവിൽ വച്ചാണ്‌ വേലുത്തമ്പിദളവ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്‌.
തിരുവനന്തപുരം ശ്രീപത്മനാഭന്റെ നഗരിയാണ്‌, കേരളത്തിന്റെ ഭരണസിരാകേന്ദ്രം. സെക്രട്ടേറിയറ്റും നിയമസഭയുമൊക്കെ ഇവിടെയാണ്‌, ശ്രീപത്മനാഭസ്വാമി ക്ഷേത്രവും. ആധുനിക തിരുവിതാംകൂർ മാർത്താണ്ഡ വർമയുമായി ബന്ധപ്പെട്ടതാണങ്കിലും കലാകാരനായ രാജാവ്‌ സ്വാതിതിരുനാൾ തന്നെ വിശ്രുതൻ. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലും ബീമാപള്ളിയും ഇവിടെയാണ്‌.
കാസർകോട്‌ മുതൽ കളിയിക്കാവിളവരെയാണ്‌ ഇന്നത്തെ കേരളം. തക്കലയിൽ ചെന്നാൽ കൊല്ലക്കാരുടെ ഭദ്രകാളിക്ഷേത്രമായ മണ്ടയ്ക്കാട്‌ എത്താം. മടക്കത്തിൽ കുമാരകോവിൽ സുബ്രഹ്മണ്യക്ഷേത്രത്തിലും കയറാം. വേളിമലയുടെ സമീപമാണിത്‌. ഇനി നാഗർകോവിൽ വഴി കന്യാകുമാരിക്കുമിടയിൽ ശുചീന്ദ്രവും മറക്കേണ്ട. ഇതൊക്കെ പൂർവമലയാളികളുടെ ദേശങ്ങളാണ്‌.
പറയിപെറ്റ പന്തിരുകുലത്തിന്റെ പിൻതുടർച്ചക്കാരാണ്‌ നമ്മൾ. അത്‌ ശാസ്ത്രീയമായി തന്നെ ഡോ. രാജൻ ചുങ്കത്ത്‌ തെളിയിച്ചിട്ടുണ്ട്‌. പ്രസ്തുത പന്ത്രണ്ട്‌ വംശപരമ്പരകളും ഇന്ന്‌ നിളാതീരത്തുണ്ട്‌. വ്യത്യസ്തമായ ജാതിയിൽ ഒരേ മാതാവിനും പിതാവിനുമുണ്ടായ മക്കൾ. കേരളത്തിന്റെ ഒരുമ ഈ പൈതൃകമാണ്‌.
കന്യാകുമാരിയിലേക്ക്‌ പ്രവേശിക്കുമ്പോൾ കേരളത്തിന്‌ നഷ്ടപ്പെട്ട നാഞ്ചിനാട്‌ നെല്ലറയെക്കുറിച്ച്‌ നാം ഓർത്തുപോകും. സി വി രാമൻ പിള്ളയുടെ നോവൽത്രയത്തിന്റെ ഭൂമികയും ഇതുതന്നെ. തമിഴിലെ ശ്രദ്ധേയ കഥാകൃത്തായ ജയമോഹന്റെ നാടും ഇതാണ്‌. ഒരു നാഞ്ചിനാട്‌ കാറ്റ്‌ നമ്മെ കടന്നുപോകുന്നില്ലേ.
ഇതാ കന്യാകുമാരി. അവിവാഹിതയായി കേരളം കാക്കുന്ന സങ്കൽപം. മൂകാംബികയും ഇതുപോലെ മലയാളിയുടെ മതേതര കുലദൈവമാണ്‌. അകലെ വിവേകാനന്ദപാറയും തിരുവള്ളൂവർ പാറയും. നമ്മുടെ പൈതൃകകേരളത്തിന്റെ അവസാനം ഈ സമുദ്ര സംഗമത്തിലാണ്‌.
ഗോകർണം മുതൽ കന്യാകുമാരി വരെ ഓഹരിവയ്പിൽ കുറച്ച്‌ പോയെങ്കിലെന്ത്‌, ആ മഹാപാരമ്പര്യത്തെ നമുക്ക്‌ നമിക്കാം. ഇങ്ങനെയൊരു വലിയ കേരളം പണ്ടുണ്ടായിരുന്നു. ഇന്നും ഒരു കേരളം. കേരളീയന്റെ വീക്ഷണം വിശാലമാണ്‌. ഒരു പ്രതിബന്ധങ്ങളും നമ്മെ ബാധിക്കാറില്ല. കാരണം നാം ഐക്യ കേരളത്തിലാണ്‌, ഏക കേരളത്തിലാണ്‌. കേരളം മലയാളികളുടെ സ്വപ്നഭൂമി.