ഗോതമ്പിന്റെ രാഷ്ട്രീയം

January 05 05:00 2017

നമ്മുടെ രാജ്യത്ത്‌ ആഗോളവൽക്കരണ നയങ്ങൾ നടപ്പിലാക്കി കാൽനൂറ്റാണ്ട്‌ പിന്നിടുമ്പോൾ ഏറ്റവും ഭീകരമായ ആക്രമണം നേരിട്ടത്‌ കാർഷികമേഖലയും കർഷക കുടുംബങ്ങളുമാണ്‌. ഇന്ത്യൻ ജനതയിൽ ബഹുഭൂരിപക്ഷവും കാർഷികമേഖലയെ ആശ്രയിച്ച്‌ ഉപജീവനം കഴിക്കുന്നവരാണ്‌. കാർഷിക മേഖല ഉൾപ്പെടെ മർമ്മ പ്രധാന മേഖലകളിൽ പൊതുനിക്ഷേപം കുറച്ചുകൊണ്ടുവരുന്നത്‌ പ്രതിസന്ധി ആഴത്തിലാക്കി. സബ്സിഡികൾ വെട്ടിച്ചുരുക്കുകയും ഇല്ലാതാക്കുകയും ചെയ്തത്‌ കൃഷി ചെലവേറിയതാക്കി മാറ്റി. നവലിബറൽ നയങ്ങൾ തുടരുമ്പോൾ ഇറക്കുമതി കയറ്റുമതി നയങ്ങൾ സംരക്ഷിക്കുന്നത്‌ സാമ്രാജ്യത്വ താൽപര്യങ്ങൾ മാത്രമാണ്‌. ഇന്ത്യൻ ജനതയ്ക്കും സമ്പ്ദ്ഘടനയ്ക്കും ദോഷകരമായ നയങ്ങളാണ്‌ തുടരുന്നത്‌. ലക്ഷക്കണക്കിന്‌ കർഷകർ നമ്മുടെ രാജ്യത്ത്‌ ആത്മഹത്യ ചെയ്തു. കടക്കെണിയിൽ കുടുങ്ങി ഗത്യന്തരമില്ലാതെ, മറ്റുള്ളവർക്കുവേണ്ടി ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന കർഷകർ ഒട്ടിയ വയറോടെ ആത്മഹത്യ ചെയ്തു.
നവംബർ എട്ട്‌ മുതൽ മോഡി സർക്കാർ നടപ്പിലാക്കിയ കറൻസി നിരോധനം കാർഷിക മേഖലയെയും ദോഷകരമായി ബാധിച്ചു. ഇന്ത്യൻ ജനതയുടെ ദൈനംദിന ജീവിതം ഇത്രയും ക്രൂരമായി താളം തെറ്റിയ സാഹചര്യം ക്ഷാമകാലത്ത്‌ പോലും ഉണ്ടായിരുന്നില്ല. കിലോഗ്രാമിന്‌ ഒരു രൂപവച്ച്‌ കോളിഫ്ലവർ വിൽപന നടത്തുകയും ഉരുളക്കിഴങ്ങും തക്കാളിയും ടൺ കണക്കിന്‌ റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന കർഷകരുടെ മനോവിഷമം സങ്കൽപ്പിക്കുക. അവരുടെ ദുരിതങ്ങൾ വളർത്തിയതാരാണ്‌. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഒരു ജീവിത സാഹചര്യമാണ്‌ കർഷകർ ഉൾപ്പെടെ മുഴുവൻ ഇന്ത്യാക്കാരും അഭിമുഖീകരിക്കുന്നത്‌. രാജ്യത്തിന്റെ നട്ടെല്ലായ കാർഷിക മേഖലയെ സംരക്ഷിക്കാൻ ഒരു നടപടിയും ഭരണകൂടം സ്വീകരിക്കുന്നില്ല.
ഗോതമ്പ്‌ കർഷകരെ സംബന്ധിച്ചിടത്തോളം കേന്ദ്ര സർക്കാ രിന്റെ പുതിയ തീരുമാനം ഇരുട്ടടിയായി മാറി. ഗോതമ്പിന്റെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയതോടെ ഇന്ത്യയിലേക്ക്‌ വൻതോതിൽ ഗോതമ്പ്‌ ഇറക്കുമതി ചെയ്യാൻ വഴിയൊരുക്കി. രാജ്യത്ത്‌ വർധിച്ചുവരുന്ന കർഷക ആത്മഹത്യ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ ഒരു വിഷയമേ അല്ല. അതുകൊണ്ടാണ്‌ കർഷക ജനതയെ വീണ്ടും വീണ്ടും ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്ന നയങ്ങൾ നടപ്പിലാകുന്നത്‌. 25 ശതമാനം ആയിരുന്ന ഗോതമ്പിന്റെ ഇറക്കുതി തീരുവ കഴിഞ്ഞ സെപ്തംബർ മാസത്തിൽ പത്ത്‌ ശതമാനമായി കുറച്ചു. ആഗോള കുത്തകകളുടെ താൽപര്യം സംരക്ഷിക്കാൻ ഗോതമ്പിന്റെ ഇറക്കുമതി തീരുവ ഇപ്പോൾ പൂർണമായും എടുത്തു കളഞ്ഞു. മോഡി സർക്കാർ ഉദ്ദേശിക്കുന്നത്‌ കാർഷിക മേഖലയുടെ കോർപ്പറേറ്റ്‌വൽക്കരണം തന്നെയാണ്‌.
ഗോതമ്പ്‌ ഉൽപാദിപ്പിക്കുന്ന മിക്ക ലോകരാജ്യങ്ങളിലും ഈ വർഷം മെച്ചപ്പെട്ട ഉൽപാദനം ലഭിച്ചിരുന്നു. ആസ്ട്രേലിയ, റഷ്യ, ഉക്രയിൻ തുടങ്ങിയ രാജ്യങ്ങൾ വിപണികൾ കീഴടക്കാൻ തക്കംപാർത്തിരിക്കുന്ന സാഹചര്യത്തിൽ അവർക്കുവേണ്ടിയാണ്‌ മോഡി സർക്കാർ വാതിൽ തുറന്നിട്ടത്‌. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വിലയിടിവിനും കർഷകദുരിതങ്ങൾ ഇരട്ടിക്കാനും ഉതകുന്ന നടപടിയാണിത്‌. കഴിഞ്ഞ വർഷങ്ങളിലെ വരൾച്ച കൃഷിയെ ദോഷകരമായി ബാധിച്ചിട്ടും ഗോതമ്പിന്റെ കരുതൽ ശേഖരത്തിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല എന്ന്‌ സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. പിന്നെ ആരുടെ താൽപര്യം സംരക്ഷിക്കാനാണ്‌ ഇറക്കുമതി തീരുവ പൂർണമായും എടുത്തുകളഞ്ഞതെന്ന്‌ ബോധ്യപ്പെട്ടുവല്ലോ.ബഹുരാഷ്ട്ര ഭീമന്മാരെ താലോലിക്കുന്ന ഭരണാധികാരികളുടെ നയങ്ങളാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.
കെ ജി സുധാകരൻ

view more articles

About Article Author