ഗോത്രവർഗങ്ങൾക്ക്‌ അറിവ്‌ ഇന്നും കിട്ടാക്കനി

ഗോത്രവർഗങ്ങൾക്ക്‌ അറിവ്‌ ഇന്നും കിട്ടാക്കനി
July 13 04:55 2017

ലക്ഷ്മി ബാല
സമ്പൂർണ സാക്ഷരമായ കേരളത്തിൽ ഗോത്രവർഗങ്ങൾക്ക്‌ അറിവ്‌ ഇപ്പോഴും കിട്ടാക്കനി. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ഗോത്രവർഗങ്ങളായ മുതുവാൻ വിഭാഗങ്ങൾക്കു വിദ്യ അവരുടെ സ്വപ്നങ്ങൾക്കും അപ്പുറമാണ്‌.
ഇടമലക്കുടി പഞ്ചായത്തിൽ ആകെ ഉള്ളത്‌ നാലാം ക്ലാസ്‌ വരെ പഠിക്കാവുന്ന ഒരു പ്രൈമറി സ്കൂൾ മാത്രമാണ്‌. 1978-ൽ സ്ഥാപിക്കപ്പെട്ട ട്രൈബൽ എൽ പി സ്കൂളിൽ പ്രധാനാധ്യാപകൻ അടക്കം നാലധ്യാപകരാണ്‌ ഉള്ളത്‌. പിഎസ്‌ സി വഴി നിയമനം ലഭിക്കുന്നവർ ജോയിനിംഗ്‌ റിപ്പോർട്ടിനൊപ്പം തന്നെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷയും നൽകിയാണ്‌ ജോലിക്ക്‌ പ്രവേശിക്കുന്നത്‌. താമസസൗകര്യമില്ല, ഗതാഗത സൗകര്യമില്ല. ക്ലാസ്‌ മുറിയിൽ തന്നെ ഭക്ഷണം പാചകം ചെയ്യുകയും, ഉറങ്ങുകയും ചെയ്യേണ്ട അവസ്ഥ.
പ്രാകൃത മലയാളവും, തമിഴും ഇടകലർന്ന ഭാഷ സംസാരിക്കുന്ന മുതുവാന്മാർ. തങ്ങളുടെ മുൻഗാമികൾ, മധുരരാജാവിന്റെ ആശ്രിതരായിരുന്നു എന്നും ശ്രീരാമന്റേയും സീതയുടേയും തോഴന്മാരായിരുന്നു എന്നും ഇവർ വിശ്വസിക്കുന്നു. പാണ്ടിപ്പടയെ പേടിച്ച്‌ കേരളത്തിലേയ്ക്ക്‌ കുടിയേറി പാർത്തവരാണ്‌ മുതുവാന്മാർ എന്നും ചരിത്രം.
വിദ്യാഭ്യാസപരമായി നിലനിൽക്കുന്ന പിന്നോക്കാവസ്ഥയാണ്‌ ഇടമലക്കുടി നിവാസികളുടെ ശോചനീയതയ്ക്ക്‌ പ്രധാനവും സങ്കീർണവുമായ കാരണം. മുതുവാന്മാർ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലാണ്‌ എന്ന്‌ പരിതപിക്കുമ്പോഴും, എന്തുകൊണ്ട്‌ പുറകിലായി എന്ന കാര്യം എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല. കാലാനുസൃതമായി വർത്തമാന സമൂഹത്തിനൊപ്പം സഞ്ചരിക്കാൻ, ഗോത്ര സമൂഹത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഇന്നും മുതുവാന്മാർക്കിടയിൽ ആവിഷ്കരിക്കാത്തതാണ്‌ കാരണം.
ഗതാഗത സൗകര്യത്തിന്റെ കുറവ്‌, ആരോഗ്യ സേവന സംവിധാനങ്ങളുടെ അപര്യാപ്ത, സാമൂഹ്യ ആരോഗ്യ സംവിധാനങ്ങളുടെ കുറവ്‌ എന്നിങ്ങനെ മുതുവാൻ സമൂഹത്തിന്റെ അഭിവൃദ്ധിക്ക്‌ തടസങ്ങളേറെ.
ആവശ്യമായ സഞ്ചാര സൗകര്യ മാർഗങ്ങൾ ലഭ്യമല്ലാത്തത്‌ സ്കൂളിലേയ്ക്ക്‌ കുട്ടികൾ എത്തുന്നതിനു തടസം നിൽക്കുന്നു. ഉദാഹരണത്തിന്‌ നന്മണൽ കുടി, നൂറടി കുടി തുടങ്ങിയ മേഖലകൾ സമീപപ്രദേശങ്ങളിലെ കുടികളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടു നിൽക്കുന്നവയാണ്‌. നന്മണൽ കുടിയിൽ നിന്നും തൊട്ടടുത്തുള്ള മുളകുതറ കുടിയിൽ എത്താൻ രണ്ടു മണിക്കൂറിലധികം സമയം ഈറ്റക്കാടുകളിലൂടെ നടക്കണം. പത്തു കുട്ടികൾ ഉള്ള ഈ കുടിയിൽ നിന്നും രണ്ടു പേർ മാത്രമാണ്‌ വിദ്യാലയത്തിൽ പോകുന്നത്‌.
ഇടമലക്കുടി പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പെട്ടിമുടി സൊസൈറ്റി കുടിപ്പാത ഇനിയും പൂർത്തീകരിച്ചിട്ടില്ല. പഞ്ചായത്ത്‌ ആസ്ഥാനത്തെ ഇതര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ ഇപ്പോഴും വനത്തിൽ കൂടിയുള്ള ഒറ്റയടി പാതകളാണ്‌ . എന്നാൽ മഴക്കാലങ്ങളിൽ ഇടമലക്കുടിയ്ക്ക്‌ പുറംലോകവുമായി ബന്ധമില്ലാതെയാകുന്നു. മഴക്കാലത്ത്‌ നിരവധി ദുരിതങ്ങളാണ്‌ കുട്ടികൾക്ക്‌ നേരിടേണ്ടി വരിക. ശക്തമായ കാറ്റിലും മഴയിലും വൻ മരങ്ങൾ കടപുഴകി വീഴുന്നതും തുറസ്സായ സ്ഥലങ്ങളിലേക്ക്‌ വന്യ മൃഗങ്ങൾ എത്തുന്നതും യാത്രയ്ക്ക്‌ തടസ്സമാകുന്നു. മഴയിൽ അരുവികൾ നിറഞ്ഞു ഒഴുകുന്നതും ഭീഷണിയാകുന്നു. പ്രാതൽ പോലും കഴിക്കാതെ വളരെ ദൂരം കാൽനടയായി നടന്നു സ്കൂളിൽ എത്തുന്ന കുട്ടികൾക്ക്‌ ക്ഷീണം മൂലം പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്ന്‌ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ വർഷം റിപ്പോർട്ട്‌ ചെയ്തിരുന്നു. അങ്കണവാടിയുടെയും, സ്കൂളിന്റെയും ശോച്യാവസ്ഥയും കമ്മീഷൻ പരാമർശിക്കുകയുണ്ടായി .
നാലാം ക്ലാസ്‌ പൂർത്തീകരിച്ചവർക്ക്‌ ഉപരിപഠനം വെല്ലുവിളിയാണ്‌. ഇരിപ്പുകുടി, മുളകുതറ കുടി, കീഴ്‌ വിളയാംപാറക്കുടി, ഒളക്കയം തുടങ്ങിയ ഇടങ്ങളെല്ലാം തമിഴ്‌നാട്ടിലെ വാൽപ്പാറയോട്‌ ചേർന്ന്‌ കിടക്കുന്ന പ്രദേശങ്ങളാകയാൽ നാലാം ക്ലാസ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ പോലും, പിന്നീട്‌ വാൽപ്പാറയിലെ തമിഴ്‌ മാധ്യമത്തിൽ പഠിപ്പിക്കുന്ന വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടി വരും. ഭാഷ ഒരു പ്രശ്നമാകയാൽ ഈ കുട്ടികൾ നിയമവിരുദ്ധമായി ഒന്നാം ക്ലാസിൽ ചേർക്കാൻ നിർബന്ധിക്കപ്പെടുകയാണ്‌ പതിവ്‌. മലയാളം മീഡിയം സ്കൂളുകൾ ലഭ്യമായ മൂന്നാറിലോ, മാങ്കുളത്തോ പോകണമെങ്കിൽ കുട്ടികൾ കൊടുംകാട്ടിലൂടെ ദിവസങ്ങളോളം യാത്ര ചെയ്താൽ മാത്രം എത്തിച്ചേരാവുന്ന പ്രദേശങ്ങളുമാണ്‌.
ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികളെ നാലാം ക്ലാസ്സിനു ശേഷം ട്രൈബൽ ഹോസ്റ്റലുകളിലേയ്ക്ക്‌ അയയ്ക്കാറുണ്ടെങ്കിലും, അവരിൽ ഭൂരിഭാഗം പേരും അവധിക്കാലത്ത്‌ നാട്ടിൽ വന്നാൽ തിരിച്ചു പോകാറില്ല. തങ്ങളുടെ ജീവിത ശൈലിയിൽ നിന്നും വ്യതിചലിക്കാനുള്ള വിമുഖതയും, സ്വാതന്ത്ര്യക്കുറവ്‌ അനുഭവപ്പെടുന്നതുമാണ്‌ ഈ കുട്ടികളെ ഹോസ്റ്റൽ ജീവിതത്തിൽ നിന്നും പിന്നോട്ട്‌ വലിക്കുന്നത്‌. ഒന്നാം ക്ലാസ്‌ മുതൽ ഹോസ്റ്റലിൽ ചേർക്കപ്പെടുന്ന കുട്ടികൾക്കാണെങ്കിലോ ഹോസ്റ്റൽ ജീവിതം അതീവ ദുഷ്കരമാകുന്നു. അഞ്ചു വയസ്സ്‌ മാത്രം പ്രായമുള്ള കുട്ടികൾക്ക്‌ ഹോസ്റ്റലിൽ ഒറ്റയ്ക്ക്‌ താമസിക്കുക എന്നത്‌ തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. കുട്ടികളെ വേണ്ടുംവിധം പരിപാലിക്കുന്നതിനോ, വസ്ത്രങ്ങൾ കഴുകി നൽകുന്നതിനോ ഒന്നും ജീവനക്കാർ ഇല്ല എന്നതും ഹോസ്റ്റൽ ജീവിതം ദുസഹമാക്കുന്നു.
ഇടമലക്കുടിയിലെ കുട്ടികളിൽ നാലാം ക്ലാസ്സിനു മുകളിൽ വിദ്യാഭ്യാസമുള്ളവർ വളരെ കുറവാണ്‌. വളരെ ചുരുക്കം പേര്‌ ഒൻപതാം ക്ലാസ്‌ വരെ തുടരാറുണ്ട്‌. പത്താം ക്ലാസ്സിലെ പരാജയഭീതി ഇവരിൽ പലരുടെയും വിദ്യാലയ ജീവിതം അവസാനിക്കുവാൻ കാരണമാകുന്നു. ഈ കുട്ടികൾ പിന്നീട്‌ കുടുംബത്തോടൊപ്പം കൃഷിപ്പണി ചെയ്തു ഉപജീവനം കണ്ടെത്താനും ചെയ്യുന്നു. നേടിയ വിദ്യാഭ്യാസം കൊണ്ട്‌ അവരുടെ ജീവിതത്തിൽ യാതൊരുവിധ ഗുണവും ഉണ്ടാകുന്നില്ല എന്നതാണ്‌ വസ്തുത. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച്‌ കുട്ടികളെയും, മാതാപിതാക്കളെയും ബോധവൽക്കരിക്കാനും അതിനു വേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പാടാക്കുന്നതിനും ഉതകുന്ന സ്ഥിരതയുള്ള ഒരു വ്യവസ്ഥ നിർമ്മിക്കപ്പെടാത്തിടത്തോളം കാലം ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുമില്ല.
ഇവയൊക്കെ അതിജീവിച്ച്‌ സ്വന്തം മകളെ ബിരുദധാരിയാക്കിയ ഒരു അച്ഛന്റെ ദുരനുഭവവും എടുത്തു പറയേണ്ടതുണ്ട്‌. ഹോസ്റ്റലിൽ താമസിക്കുന്ന മകളെ വാരാദ്യ, വാരാന്ത്യ ദിനങ്ങളിൽ വീട്ടിലേയ്ക്ക്‌ കൊണ്ട്‌ വരുന്നതിനും, തിരികെ കൊണ്ട്‌ പോകുന്നതിനുമായി വർഷങ്ങളോളം എട്ടു കിലോമീറ്ററോളം ദൂരം കൊടുംകാട്ടിലൂടെ സഞ്ചരിച്ച അച്ഛന്‌ സമ്മാനമായി മകൾ ബിരുദം നേടിയെങ്കിലും ആ കുട്ടിയുടെ യോഗ്യതയ്ക്ക്‌ ഉതകുംവിധം ഒരു ജോലി പോലും ലഭിക്കാനുള്ള സഹായങ്ങൾ എവിടെ നിന്നുമുണ്ടായില്ല. സർക്കാർ ജോലിക്ക്‌ അപേക്ഷ കൊടുത്താലോ, പരീക്ഷ പാസായാൽ തന്നെയോ തപാൽ അറിയിപ്പുകൾ കുടികളിൽ എത്തുന്നതിനുള്ള സൗകര്യങ്ങളും ലഭ്യമല്ല. ജീവിതപ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട്‌ നേട്ടങ്ങൾ കരസ്ഥമാക്കുന്ന ഇത്തരം പ്രതിഭകൾക്ക്‌ ചുരുങ്ങിയ പക്ഷം ട്രൈബൽ സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി നൽകാനെങ്കിലും സാധിച്ചില്ല.
ഇടമലക്കുടി വികസനഫണ്ട്‌ എന്ന പേരിൽ കോടികളുടെ കണക്കുകൾ ഫയലുകളിൽ ഉണ്ടാകാറുണ്ട്‌. വേണ്ടുംവിധം പണം വിനിയോഗിച്ച്‌ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇതേവരെ ആർക്കും സാധിച്ചിട്ടില്ല. പഞ്ചായത്ത്‌ ഭരണസമിതിയുടെ അഭിപ്രായ പ്രകാരം പഞ്ചായത്തിൽ മൂന്നു പ്രൈമറി വിദ്യാലയങ്ങൾ ആരംഭിക്കുകയും, വേണ്ടുന്ന സൗകര്യങ്ങളോടെ അധ്യാപകരുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയും വേണം. നിലവിലെ ട്രൈബൽ സ്കൂളിനെ ഹൈസ്കൂൾ ആക്കിയാൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസശതമാനം ഉയരും. പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളുകളിൽ കുട്ടികൾക്ക്‌ വേണ്ടുന്ന ഹോസ്റ്റൽ സൗകര്യം ഒരുക്കിക്കൊണ്ട്‌, പ്രദേശ വാസികളെ തന്നെ മേൽനോട്ടം ഏൽപ്പിച്ചാൽ ഉൾപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്കും പഠിക്കാനുള്ള അവസരം ലഭിക്കും.
വർത്തമാനകാല സൗകര്യങ്ങളിൽ നിന്നും ഏറെ പുറകിൽ നിൽക്കുന്ന ഒരു ജനതയെ കാലത്തിനൊപ്പം കൈ പിടിച്ചു നടത്തേണ്ടതാണ്‌.

  Categories:
view more articles

About Article Author