Monday
10 Dec 2018

‘ഗോത്രായനം’ പഠനയാത്ര നാളെ പുറപ്പെടും

By: Web Desk | Saturday 13 January 2018 1:55 PM IST

കല്‍പ്പറ്റ: ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗവികസന വകുപ്പ് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിയ ‘ഗോത്രായനം’ പഠനയാത്ര നാളെ (ജനുവരി 13 ) വൈകിട്ട് 6 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് പുറപ്പെടും. പഠനമികവിന്റെയും വിദ്യാലയത്തിലെ ഹാജരിന്റെയും അടിസ്ഥാനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 32 വിദ്യാര്‍ത്ഥികളാണ് കൊച്ചി മെട്രോയടക്കം ഉള്‍പ്പെടുത്തിയുള്ള പഠനയാത്രയില്‍ പങ്കെടുക്കുന്നത്.

കാട്ടുനായ്ക്ക, പണിയ, അടിയ, കുറുമ, ഊരാളി, കുറിച്യ, കരിമ്പാലന്‍, മുതുവാന്‍, മുഡഗര്‍ എന്നീ വിഭാഗങ്ങളിലെ 26 പെണ്‍കുട്ടികളും 6 ആണ്‍ കുട്ടികളുമാണ് സംഘത്തിലുളളത്. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥി സംഘത്തെ യാത്ര അയക്കാന്‍ എത്തും.

ജനുവരി 14 ന് രാവിലെ ആലുവ വൈ.എം.സി.എ.യിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 9 മണിയ്ക്കാണ് മെട്രോ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മെട്രോ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ എത്തും തുടര്‍ന്ന് കുട്ടികളടോപ്പം യാത്രയില്‍ പങ്കെടുക്കും.

എറണാകുളം ഡി.ടി.പി.സി യാണ് യാത്രയ്ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. മെട്രോ യാത്രയ്ക്കു ശേഷം കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘം പര്യടനം നടത്തും. 15 ന് രാവിലെ വയനാട്ടില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പഠനയാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി പ്രധാനധ്യാപകരുടെയും പട്ടികവര്‍ഗ വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ. ഉദ്യോഗസ്ഥരുടെയും യോഗം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ ചേര്‍ന്നു.