ഗർഭിണികളുടെ ആറായിരം രൂപയും മോഡിയും

ഗർഭിണികളുടെ ആറായിരം രൂപയും മോഡിയും
January 07 05:00 2017

ഗീതാ നസീർ
നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ 50 ദിവസം തരുന്നപക്ഷം ജനങ്ങൾ ആഗ്രഹിക്കുന്ന രാജ്യം താൻ തിരിച്ചുനൽകുമെന്ന്‌ പ്രധാനമന്ത്രി ജനങ്ങൾക്ക്‌ വാക്കുനൽകുകയുണ്ടായി. അൻപതു ദിവസത്തിനുശേഷം ഇത്‌ സംഭവിച്ചില്ലെങ്കിൽ തന്നെ പരസ്യമായി തൂക്കിലേറ്റാമെന്നും അദ്ദേഹം നവംബർ 12 ന്‌ ഗോവയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പ്രഖ്യാപിച്ചു. 50 ദിവസത്തിനുശേഷവും ദുരിതംപേറി വലയുന്ന ജനങ്ങളെ അഭിസംബോധന ചെയ്യാൻ 2016-ന്റെ അവസാനദിവസം രാത്രി പ്രധാനമന്ത്രി തയ്യാറായപ്പോൾ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ്‌ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാനിരുന്നത്‌. പക്ഷെ, അതൊരു പരാജിതന്റെ പരിഭ്രമവാക്കുകളും ലക്ഷ്യം തെറ്റിയ അമ്പെയ്ത്തുകാരന്റെ അങ്കലാപ്പുകളുമായി മാറി എന്നതാണ്‌ വസ്തുത, അരിയെത്ര എന്ന ചോദ്യത്തിന്‌ പയറഞ്ഞാഴി എന്ന മറുപടിപോലെ ഒരു കോമാളി മറുപടി.
ജനങ്ങൾക്ക്‌ നൽകുന്ന വാക്കുകൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാജയം തുറന്ന്‌ സമ്മതിച്ച്‌ ക്ഷമചോദിക്കുകയാണ്‌ അന്തസുള്ള പൊതുപ്രവർത്തകൻ ചെയ്യേണ്ടത്‌, അത്‌ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയാണെങ്കിൽ പ്രത്യേകിച്ചും. അതിൽ നരേന്ദ്രമോഡി അതിദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. പരസ്യമായി തൂക്കിലേറാൻ അദ്ദേഹം തയ്യാറാണോ എന്ന്‌ ജനങ്ങൾ ചോദിക്കാത്തത്‌ അവരാപ്രഖ്യാപനം മറന്നതുകൊണ്ടല്ല, മറിച്ച്‌ ജനാധിപത്യമര്യാദയുടെ പേരിലാണ്‌. ഇപ്പോൾതൊട്ട്‌ മോഡിക്കു കിട്ടുന്ന ദിവസങ്ങളെല്ലാം തന്നെ ജനങ്ങൾ നൽകുന്ന സൗജന്യം മാത്രമാണ്‌.
നോട്ടുനിരോധനം സാമ്പത്തികമാന്ദ്യത്തിന്‌ ഇടയാക്കിയേക്കുമെന്ന്‌ ഒടുവിൽ രാഷ്ട്രപതിക്ക്‌ മൂന്നാര്റിയിപ്പ്‌ നൽകേണ്ടിവന്നിരിക്കുന്നു. രാജ്യം അതീവ ഗൗരവതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്‌ കൂപ്പുകുത്തുകയാണെന്ന കാര്യത്തിൽ സംശയമില്ല. 2007-08 ലെ സാമ്പത്തിക സർവെ അനുസരിച്ച്‌ 93 ശതമാനം ജനങ്ങളും അസംഘടിതമേഖലയിലാണ്‌ പണിയെടുക്കുന്നത്‌. ഇവിടെ ധനവിനിമയം രൂപ അണ അടിസ്ഥാനത്തിൽ മാത്രമാണ്‌ നടക്കുന്നത്‌. ഈ മേഖലയിൽ നിന്നും പണമൊഴിവാക്കി ക്യാഷ്ലെസ്‌ സമൂഹമുണ്ടാക്കുക എന്നു പറഞ്ഞാൽ അതിനർഥം ഇവയെ പരിപൂർണമായും തകർക്കുക എന്നുതന്നെയാണ്‌. ദേശീയഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലടക്കം ഈ ദുരന്തം വരുംനാളുകളിൽ അനുഭവിക്കാൻ പോവുകയാണ്‌. അതുപോലെതന്നെ പൊതുവിതരണ സമ്പ്രദായത്തിലും ഇത്‌ പ്രതികൂല സ്ഥിതി സൃഷ്ടിക്കും. രാജസ്ഥാൻ സർക്കാരിന്റെ ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റ്‌ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത ഇതിലേയ്ക്കുള്ള ചൂണ്ടുപലകയാണ്‌. ആധാർ മെട്രിക്‌ സമ്പ്രദായം നടപ്പാക്കിയതോടെ 30 ലക്ഷം കുടുംബങ്ങൾ പൊതുവിതരണ പദ്ധതിക്ക്‌ പുറത്തായി എന്നാണ്‌ വെബ്സൈറ്റ്‌ രേഖകൾ വെളിപ്പെടുത്തുന്നത്‌. പലചരക്ക്‌ കടകളുടെ അവസ്ഥയും ഏതാണ്ടിതുതന്നെ. നോട്ടുനിരോധനത്തിന്‌ മുമ്പ്‌ 5 കോടി വിറ്റുവരവുണ്ടായിരുന്നിടത്ത്‌ ഇന്ന്‌ അത്‌ പകുതിയും അതിന്‌ താഴെയുമായി മാറിയിരിക്കുന്നു.
ഈ രണ്ടു മേഖലകൾക്ക്‌ കരുത്ത്‌ നൽകുന്ന വലിയൊരു പദ്ധതിയാണ്‌ 2013-ൽ പാർലമെന്റ്‌ പാസാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതി. ഈ പദ്ധതി അനുസരിച്ച്‌ ആദ്യം ശക്തിപ്പെടുത്തേണ്ടത്‌ രാജ്യത്തെ പൊതുവിതരണശൃംഖലയെയാണ്‌. അവയെ ആധാറുമായി ബന്ധപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുടെ ഫലമായി 30 ലക്ഷം കുടുംബങ്ങൾ രാജസ്ഥാനിൽ മാത്രം പദ്ധതിക്ക്‌ പുറത്തായത്‌ നാം കണ്ടുകഴിഞ്ഞു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ താങ്ങുവില നൽകി അവ സംഭരിക്കാൻ കേന്ദ്രസർക്കാർചെറുവിരൽ അനക്കിയിട്ടില്ല. കർഷക സബ്സിഡികൾ പകരം എടുത്തുകളയുകയാണുണ്ടായത്‌. ഗ്രാമീണ കച്ചവട കേന്ദ്രങ്ങൾ നോട്ടുനിരോധനത്തോടെ തൂത്തെറിയപ്പെട്ടുകഴിഞ്ഞു. അടിസ്ഥാനമേഖലകൾ തകർത്ത നോട്ടുനിരോധനം ഒരു വലിയ യാഥാർത്ഥ്യമായി നിലനിൽക്കേ അവയൊന്നും പരിശോധിക്കാനോ പരാമർശിക്കാനോ ശ്രമിക്കാതെ ഡിസംബർ 31 ന്‌ സന്തോഷം നിറഞ്ഞ പുതുവത്സരം ആശംസിച്ചുകൊണ്ട്‌ പ്രധാനമന്ത്രി മോഡി നടത്തിയ പ്രസംഗം മറ്റൊരു തട്ടിപ്പുകൂടി കാട്ടിയെന്നതാണ്‌ ഏറെ ഖേദകരം. അത്‌ ഗർഭിണികൾക്ക്‌ ആറായിരം രൂപ നൽകുമെന്ന വാഗ്ദാനമാണ്‌. പുതിയൊരു കാര്യമെന്നതുപോലെ പ്രധാനമന്ത്രി ഒരു പദ്ധതി പ്രഖ്യാപിക്കേണ്ടത്‌ ഇങ്ങനെയാണോ എന്നത്‌ അവിടെ നിൽക്കട്ടെ, എന്നാൽ ഈ വാഗ്ദാനം 2013-ൽ പാർലമെന്റ്‌ പാസാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ 4 ബി വകുപ്പാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ട്‌ എന്തിന്‌ പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തി? നോട്ടുനിരോധനത്തിൽ നട്ടം തിരിയുന്ന ജനങ്ങളെ ഡിസംബർ 31 രാത്രിയിലെ പ്രസംഗത്തിലൂടെ മോഡി വഞ്ചിക്കുകയായിരുന്നു സത്യത്തിൽ. അല്ലെങ്കിൽ ഗർഭിണികൾക്ക്‌ ആറായിരം രൂപയെന്ന വാഗ്ദാനത്തിന്‌ അന്നേദിവസം എന്തു പ്രസക്തിയാണുള്ളത്‌. നോട്ടുനിരോധനത്തിന്റെ ദുരന്തത്തെക്കുറിച്ച്‌ ഒരക്ഷരം പ്രധാനമന്ത്രി ഉരിയാടിയുമില്ലല്ലോ. ഇനി അതിന്റെ ഉള്ളറകളിലേയ്ക്ക്‌ കടന്നാൽ മറ്റൊരു കൊടിയവഞ്ചനയാണ്‌ മറനീക്കിവരിക. ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ 4 ബി വകുപ്പനുസരിച്ച്‌ എല്ലാ ഗർഭിണികൾക്കും കുഞ്ഞു വരുമ്പോൾ 6000 രൂപ നൽകണമെന്നതിന്‌ പകരം അതിന്റെ മുന്നോടിയായി 2010-ൽ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ യോജനയനുസരിച്ചുള്ള പദ്ധതിയാണ്‌ കഴിഞ്ഞ മൂന്നുകൊല്ലമായി നടപ്പിലാക്കിക്കൊണ്ടിരുന്നത്‌. അതാകട്ടെ രാജ്യത്തെ 53 ജില്ലകളിൽ മാത്രമാണ്‌ നടപ്പിലായതും. ഭക്ഷ്യസുരക്ഷാ പദ്ധതി നിഷ്കർഷിക്കുന്നതനുസരിച്ച്‌ നടപടികളുണ്ടാകണമെന്ന്‌ സ്ത്രീസമൂഹം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിനായി ദേശീയ മഹിളാ ഫെഡറേഷൻ എൻഎഫ്‌ഐഡബ്ല്യു അടക്കമുള്ള സ്ത്രീ സംഘടനകൾ പ്രധാനമന്ത്രിക്ക്‌ പോസ്റ്റുകാർഡുകളയച്ചിട്ടും ഒരു ചെറുവിരൽപോലും അനക്കിയിട്ടില്ല. അവകാശാധിഷ്ഠിത നിയമങ്ങളെ നോക്കുകുത്തിയാക്കുന്ന സർക്കാർ തങ്ങളുടെ പരാജയത്തെ മറച്ചുവയ്ക്കാൻ ഈ നിയമത്തെ കരുവാക്കുന്ന നടപടിയായാണ്‌ പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്‌ മാത്രമല്ല, 2015 സെപ്തംബറിൽ സുപ്രിംകോടതി നേരിട്ട്‌ ഗർഭകാല ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന്‌ കേന്ദ്രസർക്കാരിനോടാവശ്യപ്പെടുകകൂടി ഉണ്ടായി.
ഇപ്പോൾ പ്രധാനമന്ത്രി നടത്തിയിരിക്കുന്ന പ്രഖ്യാപനമനുസരിച്ച്‌ 19 വയസിന്‌ മുകളിലുള്ള രണ്ടു കുട്ടികളിൽ കൂടുതലില്ലാത്ത അമ്മമാർക്കാണ്‌ 6000 രൂപ നൽകുക. ഇവർ ആശുപത്രികളിൽ പ്രസവിച്ചിരിക്കണമെന്നും കുഞ്ഞിന്‌ പൂർണപ്രതിരോധ നടപടികൾ നൽകിയിരിക്കണമെന്നും നിഷ്കർഷിക്കുന്നു. എങ്കിൽ മാത്രമേ രൂപ നൽകൂ! രാജ്യത്ത്‌ ഡോക്ടർമാരുടെ സഹായം ലഭിക്കുന്നവർ 19.7 ശതമാനമാണ്‌. ആശുപത്രിയിൽ പോകുന്നവർ 40 ശതമാനവും. രാജ്യത്ത്‌ ഒരു വർഷം 2.9 കോടി ഗർഭിണികളുണ്ടെന്നാണ്‌ രജിസ്ട്രാർ ജനറലിന്റെ കണക്കിൽ പറയുന്നത്‌. ഇതിൽ എത്രപേർക്ക്‌ ആശുപത്രി സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്‌. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി 2010-ലെ ഇന്ദിരാഗാന്ധി മാതൃത്വസഹയോഗ യോജനയിലാണോ അതോ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയിലാണോ ഉൾപ്പെടുത്തിയിട്ടുള്ളതെന്നതിനെപ്പറ്റി ഒരു സൂചനയും നൽകുന്നുമില്ല. ഒരു വർഷം 2.9 കോടി ഗർഭിണികളുണ്ടാകുന്നതുകൊണ്ട്‌ 6000 രൂപ പദ്ധതി നടപ്പിലാക്കണമെങ്കിൽ 16,000 കോടി രൂപ ആവശ്യമാണ്‌. ഐജിഎംഎസ്‌വൈ പദ്ധതിക്ക്‌ കേവലം 400 കോടി രൂപ മാത്രമാണ്‌ വക കൊള്ളിച്ചിട്ടുള്ളത്‌. വരാൻപോകുന്ന ബജറ്റിൽ ഈ പദ്ധതി ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള സ്ത്രീകൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തുമെന്നാണ്‌ ധനമന്ത്രാലയം പറയുന്നത്‌.
ചുരുക്കത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി എന്ത്‌? ഏത്‌? എങ്ങനെയെന്നത്‌ സംബന്ധിച്ച്‌ കേന്ദ്രസർക്കാരിന്‌ ഒരു രൂപവുമില്ല എന്നർഥം. പിന്നെയെന്തിനായിരുന്നു ഈ പ്രഖ്യാപനം? വാസ്തവങ്ങൾ മറച്ചുവച്ചുകൊണ്ട്‌ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്നത്‌ പ്രധാനമന്ത്രിക്ക്‌ ഭൂഷണമല്ലല്ലോ; ഇതാദ്യത്തെ തവണയല്ലെന്നതാണ്‌ രാജ്യം ഗൗരവമായി കാണേണ്ടത്‌. നോട്ടുനിരോധനംപോലെ, ശൗചാലയ പ്രഖ്യാപനംപോലെ, കള്ളപ്പണവേട്ടപോലെ, പുതുവത്സര സമ്മാനവും ഒരു തട്ടിപ്പായോ? ഗർഭിണികളെപ്പോലും വെറുതെ വിടുന്നില്ലല്ലോ?

  Categories:
view more articles

About Article Author