ഗൾഫ്‌ വിമാനസർവീസുകൾ വെട്ടിക്കുറച്ച്‌ ആകാശക്കൊള്ള

ഗൾഫ്‌ വിമാനസർവീസുകൾ വെട്ടിക്കുറച്ച്‌ ആകാശക്കൊള്ള
April 30 03:50 2017
  • യുഎഇയിൽ മാത്രം പ്രതിവാരം വെട്ടിക്കുറച്ചത്‌ 35,432 സീറ്റുകൾ
  • ആകെ ഉപയോഗിക്കുന്നത്‌ 99,009 സീറ്റുകൾക്കുള്ള സർവീസുകൾ

കെ രംഗനാഥ്‌
ദുബായ്‌: പ്രവാസികളെ കൊള്ളയടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യൻ വിമാനക്കമ്പനികൾ ഗൾഫ്‌ സെക്ടറിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു.
യുഎഇ സെക്ടറിൽ മാത്രം ഇതിന്റെ ഭാഗമായി അനുവദനീയമായതിൽ 35,432 സീറ്റുകളിലേയ്ക്ക്‌ സർവീസ്‌ നടത്താതെ അതിനാവശ്യമായ വിമാനങ്ങളുടെ എണ്ണമാണ്‌ വെട്ടിച്ചുരുക്കിയത്‌. യാത്രക്കാരുടെ എണ്ണം വർധിക്കുകയും സീറ്റുകൾ പരിമിതമാകുകയും ചെയ്താൽ ഭാരിച്ച വിമാനക്കൂലി വാങ്ങി ആകാശക്കൊള്ള കൊഴുപ്പിക്കാമെന്ന പ്രാഥമിക അങ്കഗണിതമാണ്‌ നടപ്പാക്കുന്നത്‌. ഗൾഫ്‌ സെക്ടറിൽ കുവൈറ്റ്‌, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേയ്ക്കും അനുവദിച്ച ആയിരക്കണക്കിന്‌ സീറ്റുകളും അതനുസരിച്ചുള്ള സർവീസുകളുമാണ്‌ വെട്ടിക്കുറച്ചിരിക്കുന്നത്‌.
ദുബായിലെ ഇന്ത്യൻ സിവിൽ വ്യോമയാനവൃത്തങ്ങളിൽ നിന്ന്‌ ‘ജനയുഗ’ത്തിന്‌ ലഭിച്ച കണക്കുകളിൽ നിന്നാണ്‌ എയർ ഇന്ത്യയുടേയും എയർ ഇന്ത്യ എക്സ്പ്രസിന്റേയും സ്പൈസ്‌ ജറ്റിന്റേയും ജെറ്റ്‌ എയറിന്റേയും സീറ്റുകൾ വെട്ടിക്കുറച്ച്‌ കൊള്ള നടത്താനുള്ള തന്ത്രം പുറത്തായത്‌. ഗൾഫ്‌ സെക്ടറിലെ ഇന്ത്യൻ വിമാനക്കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ച്‌ മെയ്‌ ആദ്യവാരം കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത്സിൻഹ വിളിച്ചുചേർക്കുന്ന സിവിൽ വ്യോമയാന ഡയറക്ടർ ജനറലിന്റെയും വിദേശകാര്യ വകുപ്പ്‌ ഉദ്യോഗസ്ഥരുടേയും ഉന്നതതലയോഗത്തിൽ സമർപ്പിക്കാൻ തയാറാക്കിയ രേഖയിലാണ്‌ യുഎഇ സെക്ടറിലേയ്ക്ക്‌ ഇന്ത്യൻ വിമാനക്കമ്പനികൾക്ക്‌ പ്രതിവാരം അനുവദിച്ചിട്ടുള്ള 134,441 സീറ്റുകളിൽ 35432 സീറ്റുകളിലും സർവീസ്‌ നടത്താത്തതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഉള്ളത്‌. ആകെ ഉപയോഗിക്കുന്നത്‌ 99,009 സീറ്റുകൾക്കുള്ള സർവീസുകൾ മാത്രം.ദുബായ്‌ 65,200, അബുദാബി 50,000, ഷാർജ 17,841, റാസൽഖൈമ 1400 എന്നിങ്ങനെയാണ്‌ ഇന്ത്യൻ വിമാനക്കമ്പനികൾക്ക്‌ ഒരാഴ്ച അനുവദിച്ചിട്ടുള്ള സീറ്റുകൾ. ഇവയിൽ 35000ൽ പരം സീറ്റുകൾക്കുള്ള സർവീസുകൾ നടത്താത്തത്‌ ഇടയ്ക്കിടെ വിമാനക്കൂലി കുത്തനെ ഉയർത്തി കൊള്ളയുടെ ചാകരക്കോളിനാണെന്ന്‌ വ്യക്തം. യുഎഇയിലേയ്ക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ സംബന്ധിച്ച കരാർ ഏകീകരിക്കണമെന്ന്‌ യുഎഇ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഏതെങ്കിലും ഒരു ഗൾഫ്‌ രാജ്യത്തേയ്ക്കോ യുഎഇ എമിറേറ്റുകളിലേയ്ക്കോ അനുവദിച്ച സർവീസുകളുടേയും സീറ്റുകളുടേയും എണ്ണത്തിൽ കുറവ്‌ വരുത്തുകയാണെങ്കിൽ കുറവ്‌ വരുത്തുന്ന സീറ്റുകളും അവയ്ക്കനുസരിച്ച സർവീസുകളും മറ്റ്‌ എമിറേറ്റ്സുകളിലേയ്ക്കും ഗൾഫ്‌ നാടുകളിലേയ്ക്കും മാറ്റണമെന്നാണ്‌ യുഎഇയുടെ നിർദേശം.
ഈ നിർദേശം നടപ്പിലാക്കുന്ന പുതിയ ഏകീകൃത കരാറുണ്ടായാൽ പ്രവാസികളുടെ യാത്രാദുരിതവും ഇന്ത്യൻ വിമാനക്കമ്പനികളുടെ കൊള്ളയും വലിയൊരളവിൽ അവസാനിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കരാറിലെ വൈകല്യങ്ങൾ കാരണം യുഎഇ വിമാനങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ള 15,055 സീറ്റുകളും ഉപയോഗിക്കാനാവാത്ത സ്ഥിതിയുണ്ട്‌. ഈ സീറ്റുകൾക്ക്‌ വേണ്ടി കൂടുതൽ സർവീസുകൾ നടത്താൻ കഴിയുമെന്ന്‌ യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും എത്തിഹാദും എയർ അറേബ്യയും ഫ്ലൈ ദുബായും കരുതുന്നു.

view more articles

About Article Author