ഗൾഫ്‌ വിമാന യാത്രാനിരക്ക്‌ കുറയ്ക്കും; കൂടുതൽ സർവീസുകൾ

ഗൾഫ്‌ വിമാന യാത്രാനിരക്ക്‌ കുറയ്ക്കും; കൂടുതൽ സർവീസുകൾ
May 16 04:45 2017

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉത്സവകാലങ്ങളിൽ ഗൾഫ്‌ യാത്രയ്ക്കുള്ള ഉയർന്ന വിമാന നിരക്ക്‌ കുറയ്ക്കണമെന്നും കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്ക്‌ കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യത്തിന്‌ അനുകൂല പ്രതികരണം. ഇതു സംബന്ധിച്ച്‌ തിരുവനന്തപുരത്ത്‌ ചേർന്ന ഉന്നത സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുടെയും എയർലൈൻ കമ്പനികളുടെയും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആവശ്യങ്ങൾക്കാണ്‌ അനുകൂല പ്രതികരണം ലഭിച്ചത്‌.
അമിതമായ നിരക്ക്‌ വർധന ഒഴിവാക്കുന്നതിന്‌ ഓണം പോലെ തിരക്കുള്ള സീസണിൽ വിദേശ വിമാനകമ്പനികൾക്ക്‌ നിശ്ചിത ദിവസത്തേക്ക്‌ കൂടതൽ സീറ്റ്‌ അനുവദിക്കാൻ മന്ത്രാലയം തയാറാണെന്ന്‌ യോഗത്തിൽ പങ്കെടുത്ത സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ എൻ ചൗബേ പറഞ്ഞു. ഉഭയകക്ഷി കരാർ പ്രകാരമാണ്‌ വിദേശ വിമാന കമ്പനികൾക്ക്‌ മന്ത്രാലയം സീറ്റ്‌ അനുവദിക്കുന്നത്‌. മുൻകൂട്ടി സീറ്റ്‌ വർധന തീരുമാനിക്കാൻ കഴിഞ്ഞാൽ നിരക്ക്‌ കുത്തനെ ഉയർത്തുന്നത്‌ ഒഴിവാക്കാൻ കഴിയുമെന്ന്‌ യോഗത്തിൽ പങ്കെടുത്ത എയർലൈൻ കമ്പനികൾ അറിയിച്ചു. ഇതു സംബന്ധിച്ച്‌ കൂടുതൽ ആലോചന നടത്തി തീരുമാനമെടുക്കുമെന്ന്‌ ചൗബേ അറിയിച്ചു.
ഉത്സവ സീസണിൽ യാത്രക്കാരുടെ തിരക്ക്‌ കൂടുമ്പോൾ നിരക്ക്‌ വർധിപ്പിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അതിന്‌ ഒരുവിധ ന്യായീകരണവുമില്ല. പ്രവാസി മലയാളികളുടെ മുഖ്യ പരാതിയാണ്‌ നിരക്കിലെ യുക്തിരഹിതമായ വർധന. യൂറോപ്പിലേക്കുള്ള നിരക്കിലും കൂടുതലാണ്‌ ചില സീസണിൽ ഗൾഫിലേക്ക്‌ ഈടാക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം ജോ. സെക്രട്ടറി ഉഷാ പാഠി, ഡയറക്ടർമാരായ ഡോ. ഷെഫാലി ജുനേജ, റുബീന അലി എന്നിവരും 20 എയർലൈൻ കമ്പനികളുടെ മേധാവികളും പങ്കെടുത്തു. വ്യോമയാന മേഖലയുടെ വികസനത്തിന്‌ ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഉന്നതതല യോഗം വിളിക്കുന്നത്‌ ആദ്യമാണെന്ന്‌ സെക്രട്ടറി ചൗബേ പറഞ്ഞു. അതിന്‌ മുൻകയ്യെടുത്ത മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.
കൂടുതൽ സർവീസ്‌ നടത്തുന്നതിന്‌ പ്രോത്സാഹനമെന്ന നിലയിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്‌) വാറ്റ്‌ സംസ്ഥാന സർക്കാർ കുറയ്ക്കണമെന്ന ആവശ്യം യോഗത്തിൽ എയർലൈൻ കമ്പനികൾ ഉന്നയിച്ചു. ഇക്കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകൾ വർധിപ്പിക്കുന്നതോടൊപ്പം നിരക്ക്‌ യുക്തിസഹമാക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

view more articles

About Article Author