Thursday
24 May 2018

ചങ്കൂറ്റത്തിന്റെ ഉന്മാദം

By: Web Desk | Sunday 18 June 2017 4:55 AM IST

ഇന്ന്‌ മാക്സിംഗോർക്കിയുടെ എൺപത്തിയൊന്നാം ചരമവാർഷികദിനം

യു വിക്രമൻ

വിശ്വവിഖ്യാതനായ മാക്സിംഗോർക്കിയുടെ എൺപത്തിയൊന്നാം ചരമവാർഷികദിനമാണ്‌ ഇന്ന്‌. അലക്സി മാക്സിമോവിച്‌ പെഷ്ക്കോവ്‌ തന്നെയായിരുന്നു യഥാർത്ഥ പേര്‌. സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗോർക്കി ഒരു ഉത്തമ രാഷ്ട്രീയപ്രവർത്തകൻ കൂടിയായിരുന്നു. 1936 ജൂൺ 18-നാണ്‌ ഗോർക്കി അന്തരിക്കുന്നത്‌. ‘പ്രക്ഷുബ്ധ കടൽപക്ഷി’ എന്ന ഗദ്യകവിതയിൽ ഗോർ എഴുതി.
“കൊടുങ്കത്ത്തിക്കഴിഞ്ഞു! കൊടുങ്കാറ്റ്‌ ചങ്ങലപൊട്ടിക്കുകയാണ്‌.
അപ്പോഴും പരാക്രമിയായ പ്രക്ഷുബ്ധ കടൽപ്പക്ഷി ഇടിമിന്നലുകൾക്കിടയിൽ പറന്നുചുറ്റുന്നു; അലറുന്ന, ഇളകിമറിയുന്ന സമുദ്രത്തിന്റെ മീതെ – അവന്റെ നിലവിളി വിജയത്തിന്റെ പ്രവചനംപോലെ, ആഹ്ലാദഭരിതമായി പ്രതിധ്വനിക്കുന്നു.
കൊടുങ്കാറ്റ്‌ അതിന്റെ എല്ലാ ഊക്കോടുംകൂടി ആഞ്ഞുവീശട്ടെ”
ആദ്യം രഹസ്യമായിട്ടാണ്‌ ഈ ഗദ്യകവിത കല്ലച്ചിൽ അച്ചടിച്ച്‌ വിതരണം ചെയ്തത്‌. ‘ഷിൻ’ (ജീവൻ) എന്ന പത്രത്തിൽ പിന്നീട്‌ പ്രസിദ്ധീകരിച്ചു. അതിനു അനുവദിച്ചത്‌ തെറ്റായിപ്പോയെന്ന്‌ സെൻസർമാർക്ക്‌ തോന്നി പത്രം നിരോധിക്കപ്പെട്ടു. വികാരോജ്ജ്വലമായ ഒരു വിപ്ലവ ഗാനമായിട്ടാണ്‌ ‘പ്രക്ഷുബ്ധ കടൽപക്ഷി’യെ റഷ്യൻ സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാർ സ്വാഗതം ചെയ്തത്‌. നമ്മുടെ സാഹിത്യത്തിൽ ഇത്രയധികം പ്രാവശ്യം അച്ചടിച്ച മറ്റൊരു കൃതിയുണ്ടെന്നു തോന്നുന്നില്ല. എല്ലാ നഗരത്തിലും ആ ഗാനം പ്രസിദ്ധീകരിക്കപ്പെട്ടു. ടൈപ്പ്‌റൈറ്ററിൽ കോപ്പിയെടുത്തു, കല്ലച്ചിൽ അച്ചടിച്ച്‌, കൈകൊണ്ടു പകർത്തിയെഴുതി തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സർക്കിളുകൾ അത്‌ വീണ്ടും വീണ്ടും വായിക്കപ്പെട്ടു. അക്കാലത്ത്‌ ‘പ്രക്ഷുബ്ധ കടൽപക്ഷി’യുടെ അനേകലക്ഷം കോപ്പികൾ നാട്ടിൽ പ്രചരിച്ചിരുന്നു.
വിപ്ലവസാഹിത്യകാരന്മാരുടെ ആചാര്യനാണ്‌ മാക്സിംഗോർക്കി. അദ്ദേഹത്തിന്റെ അതുല്യമായ തൂലികാവിലാസം റഷ്യൻ സാഹത്യത്തിൽ മാത്രമല്ല വിശ്വസാഹിത്യത്തിൽതന്നെ ഒരു പുതിയ വഴിത്തിരിവുണ്ടാക്കി. തൊഴിലാളി സ്ഥിതി സമത്വസാഹിത്യത്തിന്റെ (പ്രോലറ്റേറിയൻ സോഷ്യലിസ്റ്റ്‌ ലിറ്ററേച്ചർ) പിതാവ്‌ എന്നാണ്‌ മൊളോട്ടാവ്‌ അദ്ദേഹത്തെ വിളിച്ചിരുന്നത്‌. കഷ്ടപ്പെടുന്ന മനുഷ്യവർഗത്തിന്റെ നീറിപ്പുകയുന്ന ആത്മാവായി ഇത്രത്തോളം തന്മയീഭാവം പൂണ്ടിണങ്ങിച്ചേരാൻ മറ്റൊരു സാഹിത്യകാരനും കഴിവുണ്ടായിട്ടില്ല. ചവുട്ടിമെതിക്കപ്പെടുന്ന മനുഷ്യത്വത്തെ സാഹിത്യമാർഗേണ നവജീവൻ നൽകി സമുദ്ധരിക്കാനുള്ള ശ്രമത്തിലാണ്‌ ഗോർക്കി തന്റെ ആയുഷ്ക്കാലം മുഴുവൻ വിനിയോഗിച്ചത്‌.
ചങ്കൂറ്റത്തിന്റെ ഉന്മാദത്തെ സ്തുതിച്ചുകൊണ്ടാണ്‌ വിപ്ലവ ചൈതന്യത്തെ ഉത്തേജിപ്പിക്കാനുള്ള പ്രവർത്തനം താൻ ആരംഭിച്ചതെന്ന്‌ ഗോർക്കി എഴുതി. ആദ്യത്തെ ചെറുകഥ മക്കാർചുണ്ട്ര 1902-ൽ പ്രസിദ്ധീകരിച്ചു. എം ഗോർക്കി എന്ന തൂലികാനാമം സ്വീകരിച്ചു. കഥകളുടെയും തൂലികാചിത്രങ്ങളുടെയും രണ്ട്‌ സമാഹാരങ്ങൾ പുറത്തിറക്കി. അതോടെ മാക്സിം ഗോർക്കി എന്ന സാഹിത്യകാരൻ ജനിച്ചു എന്നു പറയാം. അദ്ദേഹത്തിന്റെ കൃതികൾ പ്രചുരപ്രചാരം നേടി, റഷ്യയ്ക്കുപുറത്തും. 24-ാ‍മത്തെ വയസിൽ ഗോർക്കി തന്റെ വിപ്ലവപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കാസാനടുത്തുള്ള ഗ്രാമത്തിലെ കൃഷിക്കാർക്കിടയിൽ പ്രചാരവേല നടത്തി.
ഗോർക്കി എഴുതി “രാത്രി നീണ്ടുനീണ്ടുപോകുന്നു. പകൽ ഒരിക്കലും വരില്ലല്ലോ: എന്റെ പങ്കപ്പാടുകൾ തീരില്ലേ?
പ്രാർഥിക്കേണ്ടതെങ്ങനെയാണെന്നറിഞ്ഞിരുന്നെങ്കിൽ!
വിശ്വസിക്കാൻ കഴിയുന്നത്‌ എത്ര നല്ലതാണ്‌!”
തിഫിസ്ലീസിലെ സോഷ്യലിസ്റ്റ്‌ ജനാധിപത്യ സംഘടനയുമായി ബന്ധമുണ്ടെന്നു പറഞ്ഞു 1898 മെയ്‌ മാസത്തിൽ ഗോർക്കിയെ അറസ്റ്റ്‌ ചെയ്തു. വിപ്ലവപ്രസ്ഥാനത്തിൽ പങ്കെടുത്തതിന്‌ 1901-ൽ ഗോർക്കിയെ വീണ്ടും അറസ്റ്റ്‌ ചെയ്തു. 1902-ൽ റഷ്യൻ ശാസ്ത്രപരിഷത്ത്‌ ഗോർക്കിയെ ഓണററി മെമ്പറായി തിരഞ്ഞെടുത്തു. സാർ ചക്രവർത്തി ആ തീരുമാനം റദ്ദാക്കുന്നു.
1903-ൽ സോഷ്യൽ ഡെമോക്രാറ്റിക്‌ രഹസ്യസംഘടനകളുമായി ബന്ധം ശക്തിപ്പെടുത്തി. 1903 മുതൽ താൻ ബോൾഷെവിക്കാണെന്ന്‌ ഗോർക്കി പിന്നീട്‌ പറയുകയുണ്ടായി. 1905 ജനുവരി 8, 9 തീയതികളിൽ പെട്രോഗ്രാഡിലെ പ്രസിദ്ധമായ തൊഴിലാളി പ്രകടനത്തിന്റെ മുൻനിരയിൽ ഗോർക്കി ഉണ്ടായിരുന്നു. അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചു. തുടർന്ന്‌ ബോൾഷെവിക്ക്‌ പാർട്ടിയിൽ അംഗത്വമെടുത്തു. മോസ്കോവിൽ 1905 ഡിസംബറിൽ സായുധകലാപത്തെ സജീവമായി സഹായിച്ചു. 1906 ജനുവരിയിൽ ഫിൻലണ്ടിലേയ്ക്കും അവിടെ നിന്ന്‌ ന്യൂയോർക്കിലേയ്ക്കും പോകുന്നു.
1906 – 1908 കാലയളവിൽ ന്യൂയോർക്കിൽവച്ചാണ്‌ ഗോർക്കി ‘അമ്മ’ എന്ന നോവൽ എഴുതി പൂർത്തിയാക്കുന്നത്‌. റഷ്യയിലേയും ലോകത്തിലേയും സാഹിത്യത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിയൽ ചൂണ്ടുപലകയായും നാഴികക്കല്ലായും സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെയും റഷ്യൻ വിപ്ലവത്തിന്റെയും തുകിലുണർത്തുന്ന ശംഖനാദമായും ആ നോവൽ മാസങ്ങൾക്കകം മാറി. 1906 ഡിസംബറിൽ ന്യൂയോർക്കിലെ ‘ആപ്പ്ല്ടൺ’ എന്ന മാസികയിൽ അമ്മയുടെ ഇംഗ്ലീഷ്‌ പരിഭാഷ പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1907-ൽ ന്യൂയോർക്കിൽ പുസ്തകരൂപത്തിൽ അത്‌ പുറത്തുവന്നു. 1907-08-ൽ പെട്രോഗ്രാഡിലെ ‘സ്നാനി’ കഥാസമാഹാരത്തിൽ റഷ്യൻ ഭാഷയിൽ അത്‌ പ്രസിദ്ധീകരിക്കപ്പെട്ടു. സെൻസർമാർ അതിനെ വളരെയേറെ വെട്ടിത്തിരുത്തി അംഗഭംഗപ്പെടുത്തിയിരുന്നു. എങ്കിലും 1907 ജൂലൈയിൽ ‘സ്നാനി’യുടെ ലക്കങ്ങൾ പൊലീസ്‌ നിരോധിച്ചു. ഗ്രന്ഥകാരനെ അറസ്റ്റ്‌ ചെയ്യാൻ വാറന്റ്‌ പുറപ്പെടുവിച്ചു. ഒക്ടോബർ വിപ്ലവത്തിനുശേഷമാണ്‌ മൂലകൃതി പൂർണരൂപത്തിൽ റഷ്യയിൽ പ്രസിദ്ധീ കരിച്ചത്‌.
1907-08-ൽ അമേരിക്കയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും ഇറ്റലിയിലും സ്പെയിനിലും തുർക്കിയിലും സ്വീഡനിലും ഡെന്മാർക്കിലും അൽബേനിയയിലും ചെക്കോസ്ലോവാക്യയിലും മറ്റ്‌ രാജ്യങ്ങളിലും അമ്മ പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്ത്‌ റഷ്യൻ ഭാഷയിൽ അത്‌ ബെർലിനിൽ നിന്നും പുറത്തുവന്നു. തൊഴിലാളി പത്രങ്ങൾ അക്ഷരാർത്ഥത്തിൽ ദശലക്ഷക്കണക്കിന്‌ കോപ്പികൾ സപ്ലിമെന്റായി പുറത്തിറക്കി. അമ്മ യൂറോപ്പിലെ തൊഴിലാളികളുടെ ബൈബിളായിത്തീർന്നു. മറ്റ്‌ രാജ്യങ്ങളിലും വളരെവേഗം അത്‌ തൊഴിലാളികൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമായി.
ലോക സാഹിത്യചരിത്രത്തിൽ അപൂർവമായേ ഒരു നോവൽ ഇത്രയും വേഗത്തിൽ ഇത്രയധികം വായനക്കാരെ സൃഷ്ടിക്കുകയും അത്രയധികം ലക്ഷക്കണക്കിനാളുകളെ സ്വാധീനിക്കുകയും ചെയ്ത ഒരു ക്ലാസിക്കായിട്ടുള്ളു. 1970 വരെ റഷ്യയിൽ 200-ലധികം പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്‌. 70 ലക്ഷം കോപ്പികൾ; മറുനാടുകളിൽ 127 ഭാഷകളിൽ 300-ലധികം പതിപ്പുകൾ പുറത്തുവന്നിട്ടുണ്ട്‌. ഇന്ത്യൻ ഭാഷകളിൽ 1960 കളിലാണ്‌ ‘അമ്മ’ തർജ്ജമ ചെയ്യപ്പെട്ടത്‌.
മഹാകവി വള്ളത്തോൾ മാക്സിംഗോർക്കിയെപ്പറ്റി എഴുതി: “ലെനിൻ സാർഭരണ കൂരിരുട്ടിന്‌ അറുതിവരുത്തി; മാക്സിംഗോർക്കിയോ സ്വാതന്ത്ര്യവെളിച്ചത്തെ പ്രസരിപ്പിച്ചു.”
ഗോർക്കി എഴുതി: “എല്ലാറ്റിനേയും അറിയാൻ എഴുത്തുകാരൻ ബാധ്യസ്ഥനാണ്‌. ജീവിതത്തിന്റെ പ്രവാഹത്തെയാകെ, ആ പ്രവാഹത്തിലെ ചെറിയ അടിയൊഴുക്കുകളെ, യാഥാർത്ഥ്യത്തിന്റെ വൈരുദ്ധ്യങ്ങളെയെല്ലാം അതിന്റെ നാടകങ്ങളേയും പ്രഹസനങ്ങളേയും അതിന്റെ ധീരോദാത്തതയേയും ദുഷ്ടതകളേയും അതിന്റെ നുണകളേയും സത്യത്തേയും അറിയണം. ഏതെങ്കിലുമൊരു പ്രതിഭാസം നിസാരവും അപ്രധാനവുമായി തോന്നാമെങ്കിലും ഒന്നുകിൽ അത്‌, ഒന്നുകിൽ അത്‌ നശിച്ചുകൊണ്ടിരിക്കുന്ന പഴയലോകത്തിന്റെ ഒരു ശകലമോ അല്ലെങ്കിൽ പുതിയ ലോകത്തിന്റെ ഒരു ആദിമുളയോ ആണെന്ന്‌ അയാൾ മനസിലാക്കണം. എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യനിൽ നിന്ന്‌ ബാഹ്യമായി നിലനിൽക്കുന്ന ആശയങ്ങളൊന്നുമില്ല.”
ഗോർക്കി കലയുടെ ചരിത്രത്തിൽ ഒരു പുതിയ യുഗം ഉദ്ഘാടനം ചെയ്തു. കലാകാരന്റെ സർഗാത്മകൃതികളിലെ വസ്തുനിഷ്ടവും കർതൃനിഷ്ടവും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ രൂപഭാവങ്ങളാണ്‌ ഈ യുഗത്തിന്റെ സവിശേഷത.