Thursday
24 May 2018

ചരക്ക്‌ സേവന നികുതി: ജനങ്ങൾക്കും സമ്പദ്ഘടനയ്ക്കും എതിരായ മിന്നലാക്രമണം

By: Web Desk | Saturday 15 July 2017 4:55 AM IST

ഷമീം ഫെയിസി
ഇന്ത്യൻ സമ്പദ്ഘടനയ്ക്കുനേരെ പ്രത്യേകിച്ചും സാധാരണ ജനവിഭാഗങ്ങളുടെ സമ്പദ്ഘടനയ്ക്കുനേരെ പ്രധാനമന്ത്രി നരേന്ദ്രമോഡി മറ്റൊരു മിന്നലാക്രമണം കൂടി നടത്തിയിരിക്കുന്നു. ഒമ്പതു മാസങ്ങൾക്കു മുമ്പ്‌ വിനാശകരമായ നോട്ടുനിരോധനം നടപ്പിലാക്കുമ്പോൾ അദ്ദേഹം എല്ലാ കാര്യങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചു. കള്ളപ്പണത്തിനും ഭീകരവാദത്തിനും അഴിമതിക്കുമെതിരായ മിന്നലാക്രമണമെന്ന പേരിൽ പ്രഖ്യാപിച്ച ആ നടപടിയുടെ വേളയിൽ അത്‌ ചെറിയ പ്രയാസങ്ങൾ മാത്രമേ സൃഷ്ടിക്കൂ എന്നും അതുതന്നെ 50 ദിവസത്തിലധികം നീണ്ടുനിൽക്കില്ലെന്നുമായിരുന്നു അദ്ദേഹം ധരിച്ചത്‌. പക്ഷേ ഇപ്പോഴും ജനങ്ങൾ മാത്രമല്ല എല്ലാവിധത്തിലുമുള്ള പ്രതിസന്ധികൾ അനുഭവിക്കുന്നത്‌, രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ താറുമാറായിരിക്കുകയാണ്‌. അഴിമതിയും ഭീകരപ്രവർത്തനങ്ങളും കൂടുതൽ അപകടകരമായി നമ്മെ പിന്തുടരുകയും ചെയ്യുന്നു. ആളുകളെ മുഴുവൻ അവർ അധ്വാനിച്ചുണ്ടാക്കിയ പണം നിർബന്ധിപ്പിച്ച്‌ ബാങ്കുകളിൽ നിക്ഷേപിപ്പിച്ചുവെങ്കിലും ദേശസാൽകൃത ബാങ്കുകൾ യഥാർഥത്തിൽ പാപ്പരീകരണത്തിന്റെ വക്കിലാണ്‌. അതുകൊണ്ടുതന്നെ ബാങ്കുകളെല്ലാം പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും വിവിധ തരത്തിലുള്ള നിബന്ധനകൾ ഏർപ്പെടുത്തുന്നു. പണം നിക്ഷേപിക്കുന്നതിന്‌ പോലും സാധാരണക്കാർ സേവനനികുതി നൽകേണ്ടിവരുന്നു. ജൂലൈ ഒന്നിന്‌ ചരക്കുസേവന നികുതി പ്രാബല്യത്തിൽ വരുന്ന ദിവസം ബാങ്ക്‌ അക്കൗണ്ടുള്ള രാജ്യത്തെ ഭൂരിപക്ഷം പേർക്കും ഒരു സന്ദേശം ലഭിക്കുകയുണ്ടായി. 15 ശതമാനമുണ്ടായിരുന്ന സേവനനികുതി ഇനിമുതൽ 18 ശതമാനമായിരിക്കുമെന്നായിരുന്നു സന്ദേശം.
അത്‌ മോഡിഭരണത്തിന്റെ രണ്ടാം മിന്നലാക്രമണത്തിലെ ആദ്യത്തെ ആഘാതമായിരുന്നില്ല. ചരക്കുസേവനനികുതി നടപ്പിലാക്കുന്നതിന്‌ ഒരാഴ്ച മുമ്പ്‌ രാജ്യത്തെ വിവിധ മേഖലകളിലുള്ളവർ തെരുവിലിറങ്ങുകയുണ്ടായി. ജിഎസ്ടിയുടെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട നികുതിഘടനയ്ക്ക്‌ എതിരെയായിരുന്നു പ്രസ്തുത പ്രതിഷേധം. തുണി വ്യാപാരികളും വസ്ത്ര നിർമ്മാതാക്കളും എന്നുവേണ്ട വജ്ര നിർമ്മാതാക്കളുൾപ്പെടെ ഗുജറാത്തിലെ സൂറത്തിൽ കടകൾ അടച്ചിട്ടു. ജൂലൈ മൂന്നിന്‌ സമാധാനപരമായി മാർച്ച്‌ നടത്തിയ അവരെ ക്രൂരമായി ലാത്തിച്ചാർജ്ജ്‌ നടത്തുകയാണ്‌ ചെയ്തത്‌. മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ പവർലൂം ഉടമകളും വസ്ത്ര വ്യാപാരികളും അനിശ്ചിതകാലത്തേക്ക്‌ സ്ഥാപനങ്ങൾ അടച്ചിടുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌.
തൊഴിലാളികൾ ആഴ്ചകൾ നീണ്ട സമരം നടത്തിയിട്ടും നേരിയ വേതനവർധന പോലും അംഗീകരിക്കാതിരുന്ന അമൃത്സറിലെ തുണി മില്ലുടമകൾ ഏകപക്ഷീയമായി ജിഎസ്ടി അടിച്ചേൽപ്പിച്ചതിനെതിരായ ഉടമകളുടെ സമരത്തെ പിന്തുണച്ച സാഹചര്യത്തിൽ, തൊഴിലാളി സംഘടനകളുമായി ഒരു കരാറിൽ ഒപ്പുവച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ സിനിമ, തിയേറ്റർ ഉടമകൾ മുതൽ രാജ്യത്തെ കാർഷികോൽപന്ന വ്യാപാരികൾ വരെ കുപിതരായി ആസൂത്രണമില്ലാതെയും ദോഷകരമായും ജിഎസ്ടി നടപ്പിലാക്കുന്നതിനെതിരെ എതിർപ്പുയർത്തുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്‌.
ഏകപക്ഷീയമായി ജിഎസ്ടി നടപ്പിലാക്കുമ്പോൾ തങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ ഏതുവിധത്തിലാണ്‌ ജനങ്ങളെ കോപാകുലരാക്കുന്നതെന്നും തെരുവിലിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്നും ഇപ്പോൾ മോഡിക്കും അദ്ദേഹത്തിന്റെ ഉപദേശികൾക്കും ബോധ്യമായിത്തുടങ്ങിയിട്ടുണ്ട്‌. നോട്ടുനിരോധനത്തിന്റെ കാലത്ത്‌ അൽപകാലത്തേക്കെങ്കിലും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ അവർക്കു സാധിച്ചിരുന്നു. ഇപ്പോൾ അതുപോലെയല്ല കാര്യങ്ങൾ. എല്ലാ പ്രത്യാഘാതങ്ങളെ കുറിച്ചും ജനങ്ങൾ പൂർണമായും ബോധവാന്മാരല്ലെങ്കിലും ഇതൊരു ജനവിരുദ്ധ തീരുമാനമാണെന്ന്‌ അവർ വ്യക്തമായി മനസിലാക്കിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ച തീരുമാനമാണിതെന്ന്‌ വരുത്തിത്തീർക്കാൻ ഭരിക്കുന്നവർ ശ്രമിക്കുന്നുണ്ട്‌. എന്നാൽ അത്‌ യാഥാർഥ്യമല്ല. നിരവധി രാഷ്ട്രീയ പാർട്ടികൾ പ്രത്യേകിച്ച്‌ ഇടതുപാർട്ടികൾ അവരുടെ എതിർപ്പുകൾ ഉന്നയിച്ചിരുന്നതാണ്‌, പാർലമെന്റിലെ ചർച്ചകളിൽ പോലും അത്‌ വ്യക്തമാക്കിയിരുന്നു. ചട്ടങ്ങളും നികുതി നിരക്കുകളും ജിഎസ്ടി കൗൺസിലിന്റെ സാങ്കേതിക ഘടനയും അന്തിമമായി തീരുമാനിക്കുന്ന ഘട്ടത്തിൽ വിവിധ സംസ്ഥാന സർക്കാരുകളും അതുതന്നെ ചെയ്തിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവരിൽ ആശയക്കുഴപ്പമുണ്ടാക്കാനും ജിഎസ്ടി നടപ്പിലാക്കുന്നത്‌ ആഘോഷമാക്കാനാണ്‌ സർക്കാർ ശ്രമിച്ചത്‌.
അർധരാത്രിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന സമ്മേളനത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക്‌ ചുവടുവയ്ക്കുന്ന അർധരാത്രിയിൽ നടന്ന, വിധിയോട്‌ കണ്ടുമുട്ടിയ നിമിഷമെന്ന്‌ നെഹ്‌റു പ്രസംഗിച്ച, സമ്മേളനത്തോട്‌ സാമ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ സർക്കാരിന്റെ പ്രചാരണ വിഭാഗവും കോർപ്പറേറ്റ്‌ ആഭിമുഖ്യമുള്ള മാധ്യമങ്ങളും നടത്തിയത്‌. പരോക്ഷനികുതിയിലൂടെ ജനങ്ങൾക്കുമേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത്‌ 1947 ഓഗസ്റ്റ്‌ 15 ന്റെ മഹത്തായ സംഭവവുമായി താരതമ്യപ്പെടുത്താനാവുകയില്ല. എല്ലാവിധത്തിലും അത്‌ വൈരുദ്ധ്യമാണ്‌.
ഈ ‘നേട്ട’ത്തെ തന്റെ മുന്നിലുള്ള ഭരണാധികാരികളുടേതുകൂടിയായി പങ്കുവയ്ക്കാൻ മോഡി ബോധപൂർവം ശ്രമിക്കുകയുണ്ടായി. ഒരു നികുതി അടിച്ചേൽപ്പിക്കൽ എങ്ങനെയാണ്‌ ദേശത്തിനാകെ സന്തോഷപ്രദമായ സംഭവമാകുന്നതെന്ന്‌ വിശദീകരിക്കാൻ മോഡിക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല. അതോടൊപ്പം തന്നെ ഇത്‌ ഔദ്യോഗിക പരിപാടിയായിരുന്നോ മറിച്ച്‌ ഭരിക്കുന്ന പാർട്ടിയുടെ പരിപാടിയായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌. ബിജെപി അധ്യക്ഷൻ അമിത്‌ ഷാ എങ്ങനെയാണ്‌ മുൻനിരയിലെ സീറ്റുകാരനായത്‌. രണ്ടു സഭകളിൽ ഒന്നിൽ പോലും അംഗമല്ലാത്തയാളാണ്‌ അദ്ദേഹം. ആരെങ്കിലും കർശനമായി നിയമങ്ങളും ചട്ടങ്ങളും ഉന്നയിക്കുകയാണെങ്കിൽ ആ സമ്മേളനം തന്നെ ഭരണഘടനാ വിരുദ്ധമാകും. ഇത്തരത്തിൽ നിരവധി ഭരണഘടനാ ലംഘനങ്ങളാണ്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌. മോഡി സർക്കാരും അവരുടെ രക്ഷാധികാരിയായ ആർഎസ്‌എസും രാജ്യത്തെ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും അംഗീകരിക്കുന്നില്ലെന്നും കൃത്യമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. മറ്റു പല പ്രചാരണങ്ങളുടെയും സംഘപരിവാർ ഗുണ്ടകൾ നടത്തുന്ന നടപടികളിലൂടെയും അവർ എല്ലാ തരത്തിലും ഭരണഘടനാ ലംഘനം നടത്തുന്നു.
പല സാഹചര്യങ്ങളിലും ജനങ്ങൾ തെരുവിൽ ആൾക്കൂട്ട അക്രമത്തിന്‌ വിധേയരായിക്കൊണ്ടിരിക്കുന്നു. ജിഎസ്ടി നടപ്പിലാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ വിനാശകരമായ നീക്കം യഥാർഥത്തിൽ ഭരണത്തെ നിലനിർത്തുന്ന കോർപ്പറേറ്റ്‌ ശക്തികൾക്കും വൻ വ്യവസായ ശക്തികൾക്കും നേട്ടമുണ്ടാക്കുന്നതിനു വേണ്ടിയാണ്‌. അവരാണ്‌ യഥാർഥത്തിൽ സന്തോഷിക്കുന്നത്‌. ജിഎസ്ടി നടപ്പിലാക്കിയതിന്റെ ആദ്യ ദിനത്തിൽ തന്നെ സെൻസെക്സ്‌ 300 പോയിന്റ്‌ വളർച്ച രേഖപ്പെടുത്തി. പരോക്ഷ നികുതിയെന്ന പ്രധാന വരുമാന മാർഗത്തിലൂടെ സാധാരണ ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനാണ്‌ അവസാനം തീരുമാനിച്ചിരിക്കുന്നത്‌. ആദ്യം മുതൽ തന്നെ അവർക്ക്‌ ആ ഉദ്ദേശ്യമുണ്ടായിരുന്നു. അധികാരത്തിലേറിയപ്പോൾ തന്നെ കേന്ദ്ര സർക്കാർ കോർപ്പറേറ്റ്‌ നികുതി അഞ്ചു ശതമാനം കുറച്ച്‌ 30 ൽ നിന്ന്‌ 25 ശതമാനമാക്കി.
സാധാരണ ജനങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന വിധത്തിൽ വിവിധ നികുതികൾ ചുമത്തുന്ന സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിനും ബഹുമുഖ നികുതികളിൽ നിന്ന്‌ അവരെ രക്ഷിക്കുന്നതിനും ഉദ്ദേശിച്ചായിരുന്നു പത്തുവർഷങ്ങൾക്കു മുമ്പ്‌ ജിഎസ്ടി എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ടത്‌. വിൽപന നികുതി മുതൽ മൂല്യവർധിത നികുതി, വിദ്യാഭ്യാസ നികുതി എന്നിങ്ങനെ വ്യത്യസ്തങ്ങളായ നികുതികളായിരുന്നു നിലവിലുണ്ടായിരുന്നത്‌. ഈ സർക്കാർ സ്വച്ഛ്‌ ഭാരത്‌ നികുതി ഏർപ്പെടുത്തിക്കൊണ്ട്‌ മറ്റൊരു ഭാരം കൂടി അടിച്ചേൽപ്പിച്ചു. രാജസ്ഥാനിലെ ബിജെപി സർക്കാർ ഗോരക്ഷാ നികുതിയും നടപ്പിലാക്കി. മറ്റു ചില ബിജെപി സർക്കാരുകൾ കാർഷിക വായ്പ എഴുതിത്തള്ളൽ നികുതി ഏർപ്പെടുത്തുന്നതിനുള്ള ആലോചനയിലാണ്‌. തുടർച്ചയായി നികുതി ഭാരം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിന്ന്‌ ജനങ്ങൾക്ക്‌ ആശ്വാസം നൽകുന്നതിനാണ്‌ ഒരു രാജ്യം ഒരു നികുതി എന്ന ആശയം ഉന്നയിക്കപ്പെട്ടത്‌. അതേസമയം തന്നെ സർക്കാരിന്റെ വരുമാനം പ്രത്യക്ഷ നികുതിയിലൂടെയായിരിക്കണമെന്നും നിർദ്ദേശമുണ്ടായി. പരോക്ഷ നികുതിയുടെ തോതും സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾ ചുമക്കേണ്ടിവരുന്ന സാമ്പത്തിക ഭാരവും കുറച്ചുകൊണ്ടുവരികയും വേണം. പക്ഷേ മോഡി സർക്കാർ എല്ലാ ആശയങ്ങളെയും അട്ടിമറിച്ചു. പരോക്ഷ നികുതി തുടർച്ചയായി വർധിപ്പിക്കുകയും സാമ്പത്തികശേഷിയുള്ള, സാധിക്കുന്നവർ നൽകേണ്ട പ്രത്യക്ഷ നികുതിയെ ആശ്രയിക്കുന്ന സാഹചര്യം കുറച്ചുകൊണ്ടുവരികയും ചെയ്യുകയാണ്‌ അവർക്കാവശ്യം. അവരിൽ കോർപ്പറേറ്റുകളും വൻകിട വ്യാപാരികളും ഉൾപ്പെടുന്നു. ഇതാണ്‌ പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച്‌ ഇടതുപക്ഷത്തിന്റെ പ്രധാന വിയോജിപ്പ്‌. എല്ലായ്പോഴും ഇടതുപക്ഷം ആവശ്യപ്പെട്ടത്‌ പ്രത്യക്ഷ നികുതി വർധിപ്പിക്കുകയെന്നതായിരുന്നു. ആരാണ്‌ കൂടുതൽ ലാഭമുണ്ടാക്കുന്നത്‌ അവർ കൂടുതൽ നികുതി നൽകുക. കാർഷിക മുതലാളിമാരിൽ നിന്ന്‌ കാർഷിക നികുതി ഈടാക്കുന്നതിനെ ഞങ്ങൾ പിന്തുണച്ചിരുന്നു.
ജിഎസ്ടി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന രീതി രാജ്യത്തെ വിവിധ മേഖലകളിൽ പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പാണ്‌. സംസ്ഥാനങ്ങൾ കേന്ദ്രത്തെ കൂടുതൽ കൂടുതൽ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാക്കും. സാമ്പത്തിക ഉറവിടങ്ങൾ കേന്ദ്രത്തിന്റെ കുത്തകയായിരിക്കുമ്പോൾ എങ്ങനെയായിരിക്കും സമീപനമെന്ന്‌ മോഡി സർക്കാർ നേരത്തേ തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്‌. കാർഷിക വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ സംസ്ഥാനങ്ങൾക്ക്‌ തുക നൽനാകില്ലെന്നാണ്‌ കേന്ദ്രം നിർലജ്ജം പറഞ്ഞിരിക്കുന്നത്‌. തങ്ങൾക്ക്‌ പണമുണ്ടെങ്കിൽ സംസ്ഥാനങ്ങൾ കാർഷിക വായ്പ എഴുതിത്തള്ളട്ടേയെന്നാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. രാജ്യത്ത്‌ തങ്ങളുടെ പ്രാമാണികത്വം വ്യക്തമാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ മറ്റൊരു കളിയാണിത്‌. ജിഎസ്ടി നടപ്പിലാക്കുമ്പോഴുള്ള കുഴപ്പങ്ങൾ എന്തൊക്കെയാണെന്ന്‌ വ്യക്തമായി വരുന്നതേയുള്ളൂ. സമൂഹ മാധ്യമങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭയാനകമായ ചിത്രമാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ തെളിയുന്നത്‌. മനുഷ്യർ ഭക്ഷിക്കുന്ന ബിസ്ക്കറ്റിന്‌ 18 ശതമാനം നികുതി ചുമത്തുമ്പോൾ സ്വർണ ബിസ്ക്കറ്റിന്‌ മൂന്ന്‌ ശതമാനം നികുതി മാത്രമേ ചുമത്തുന്നുള്ളൂ. സർക്കാർ 54 ശതമാനം നികുതി ഈടാക്കുന്ന പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടിക്കു പുറത്താണ്‌. പൊതുമേഖലയിൽ നിന്ന്‌ ഇന്ധന വിതരണം കൈക്കലാക്കിയിട്ടുള്ള റിലയൻസ്‌ പോലുള്ള സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന്‌ പിരിച്ചെടുക്കുന്ന ഈ നികുതിയുടെ പകുതി പോലും സർക്കാരിന്‌ നൽകുന്നുമില്ല. ഇന്ധന വിലയാകട്ടെ പൊതു വിലനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതാണ്‌. ഇത്‌ സാധാരണക്കാർക്ക്കൂടുതൽ ബാധ്യതയ്ക്കു വഴിവയ്ക്കുമെന്നുറപ്പാണ്‌.
സമാനമായി ആഡംബര കാറുകളുടെ വില കുറയുമ്പോൾ തന്നെ കുട്ടികളും വിദ്യാർഥികളും ഉപയോഗിക്കുന്ന സ്റ്റേഷനറി സാധനങ്ങളുടെ വില കുത്തനെ ഉയരുകയും ചെയ്യും. ഇത്തരത്തിലുള്ള കൂടുതൽ അസ്വാഭാവികതകൾ വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സാധാരണക്കാരാണ്‌ ഇതുമൂലം കൂടുതൽ അനുഭവിക്കാൻ പോകുന്നതെന്നും അവരുടെ സാമ്പത്തിക ബാധ്യതകളാണ്‌ വർധിക്കാൻ പോകുന്നതെന്നുമുറപ്പാണ്‌. എന്താണ്‌ കേന്ദ്ര ജിഎസ്ടി, എന്താണ്‌ സംസ്ഥാന ജിഎസ്ടി. ഇതാണോ യഥാർഥത്തിൽ ഒരു രാജ്യം ഒരു നികുതി ഘടനയെന്ന ആശയം. സർക്കാർ അവകാശപ്പെടുന്നത്‌ ചില സേവനങ്ങളുടെയും സാധനങ്ങളുടെയും നിരക്കു താഴോട്ടുവരുമെന്നാണ്‌. എന്നാൽ അതിന്റെ ഗുണം സാധാരണക്കാർക്ക്‌ ലഭ്യമാകുമോ. ലഭ്യമാകണമെന്നാണ്‌ സർക്കാരിന്റെ ആഗ്രഹമെന്നാണ്‌ ധനകാര്യ വകുപ്പ്‌ മന്ത്രി അരുൺ ജെയ്റ്റ്ലി അഭിപ്രായപ്പെടുന്നത്‌. തങ്ങളുടെ യഥാർഥ യജമാനന്മാരായ കോർപ്പറേറ്റുകൾക്ക്‌ നേട്ടമുണ്ടാകാത്ത ഒരു കാര്യവും സാധാരണക്കാർക്ക്‌ നേട്ടമുണ്ടാകുമെന്നതുകൊണ്ടുമാത്രം അവർ നടപ്പിലാക്കില്ല തന്നെ.
(സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗമാണ്‌ ലേഖകൻ)