ചരിത്രം സൃഷ്ടിച്ച ജന്മത്തിന്‌ ഇരുന്നൂറാണ്ടുകൾ

ചരിത്രം സൃഷ്ടിച്ച ജന്മത്തിന്‌ ഇരുന്നൂറാണ്ടുകൾ
May 13 04:55 2017

കാഴ്ച
പി എ വാസുദേവൻ
“മാർച്ച്‌ 14-ന്‌, ഉച്ച മൂന്നു മണിയാവാൻ, കാൽ മണിക്കൂറുള്ളപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ചിന്തകൻ, ചിന്തിക്കാതെയായി. ആരുമില്ലാതെ, രണ്ടുമിനുട്ടേ അദ്ദേഹം ഒറ്റയ്ക്കുണ്ടായിരുന്നുള്ളു. ഞങ്ങൾ വന്നുനോക്കിയപ്പോൾ അദ്ദേഹം ചാരുകസേരയിൽ സമാധാനമായി ഉറങ്ങുകയായിരുന്നു-എന്നന്നേയ്ക്കുമായി.” 1883 മാർച്ച്‌ 14-ന്‌ അന്തരിച്ച മഹാനായ കാറൽ മാർക്ക്സിന്റെ, ശ്മശാനത്തിൽ നിന്നുകൊണ്ട്‌ മാർക്ക്സിന്റെ മറ്റൊരു മനസായ ഫെഡറിക്‌ ഏംഗൽസ്‌ ചെയ്ത പ്രസംഗത്തിന്റെ തുടക്കമിതായിരുന്നു. അതുപോലൊരു മനുഷ്യൻ, എല്ലാ അർഥത്തിലും മനുഷ്യൻ, ഉണ്ടായിരുന്നില്ല, ഉണ്ടാവാനും സാധ്യതയില്ല. ഷെയ്ക്സ്പിയർ ‘ഹാംലറ്റ്‌’ എന്ന വിഖ്യാത കൃതിയിൽ പറയുന്നു-“ഇതുപോലെ മറ്റൊരാളെ ഇനി എനിക്ക്‌ കാണാനാവില്ല.”
മാർക്ക്സ്‌ ജനിച്ച്‌ 200 വർഷങ്ങളാവുന്നു. നൂറ്റിമുപ്പത്തഞ്ചാണ്ടുകൾക്ക്‌ മുമ്പ്‌ മരിച്ചു. ഇന്നും മാർക്ക്സിലും മാർക്ക്സിസത്തിലും സജീവ ബൗദ്ധിക ഇടപെടലുകളും ഗവേഷണങ്ങളും നടക്കുന്നു എന്നാവുമ്പോൾ ആ വ്യക്തിയുടെയും അദ്ദേഹത്തിന്റെ പഠനങ്ങളുടെയും പ്രസക്തിയാണ്‌ ഉദ്ഘോഷിതമാകുന്നത്‌.
തന്റെ ബൗദ്ധിക വ്യാപാരങ്ങളുമായി മാർക്ക്സ്‌ പൊതുസമൂഹത്തിലേയ്ക്ക്‌ പ്രവേശിച്ചതുമുതൽ ഇന്നുവരെ അപ്രസക്തനാവാത്ത വ്യക്തിയായിരുന്നു അദ്ദേഹം. ഒരുപാട്‌ ആരാധനയും അത്രത്തോളം തന്നെ എതിർപഠനങ്ങളുമായി അദ്ദേഹം നമ്മളിൽ നിറഞ്ഞുനിന്നു. മാർക്ക്സില്ലാത്ത ഒരു ലോകമുണ്ടായിരുന്നില്ല. സ്വീകരിക്കുന്നവർക്കും നിരാകരിക്കുന്നവർക്കുമായി അക്ഷയമായ ആശയ, പ്രായോഗിക സംഹിതകൾ സ്വരൂപിച്ചെടുത്ത മാർക്ക്സ്‌ ചരിത്രത്തെ തനിക്കുമുമ്പും പിമ്പും എന്ന്‌ വിഭജിക്കുന്നു. ക്രിസ്തുവിനെക്കാൾ പിന്തുടർച്ചക്കാരുണ്ടായിരുന്ന ഏക വ്യക്തി. ആദ്യംമുതലേ ഒരു വിപ്ലവകാരിയായിരുന്ന മാർക്ക്സിന്‌ ബോൺ യൂണിവേഴ്സിറ്റി അധ്യാപക ജോലി നിരസിച്ചു. അധ്യാപക സ്വപ്നം അവസാനിച്ചത്‌, ഊർവരമായ ചിന്താ പ്രതലങ്ങളിലേയ്ക്കും ശക്തമായ സാമൂഹിക വിപ്ലവ എഴുത്തിലേയ്ക്കുമായിരുന്നു. അറിവിന്റെ ശൂന്യമേഖലകളെ നികത്താനുള്ള തീവ്രമായ പഠനങ്ങളും ഒപ്പം തുടർന്നു. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ അവരെ ബോധ്യപ്പെടുത്താനും അവകാശധ്വംസനം നടത്തുന്ന ഭരണവർഗത്തെ എതിർക്കാനുമായിരുന്നു മാർക്ക്സ്‌ എഴുതിയത്‌.
1844-ൽ ഫ്രഡറിക്‌ ഏംഗൽസ്‌ പാരിസിൽ എത്തി. അവർ കണ്ടുമുട്ടിയതോടെ, ക്രിയാത്മകമായ ചിന്തയുടെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഒരു മഹാസംഗമം ആരംഭിച്ചു. ലോകം പിൽക്കാലത്ത്‌ ആദരിച്ചും ആഘോഷിച്ചും പുലർത്തിയ ഒരു മഹാപൈതൃകം, ഒരു ധൈഷണിക സമൃദ്ധി. പിന്നെ ചർച്ചകൾ ഏറെ അതിനപ്പുറത്തേയ്ക്കു പോയിട്ടില്ല. ദാരിദ്ര്യത്തെയും ദുരിതത്തെയും കുറിച്ച്‌ അദ്ദേഹം എഴുതിയത്‌, ഇവ രണ്ടും എത്രയോ ജന്മങ്ങൾക്ക്‌ വേണ്ടത്ര അനുഭവിച്ചുകൊണ്ടായിരുന്നു. അന്നദ്ദേഹത്തെ താങ്ങിനിർത്തിയത്‌ ഒരുഭാഗത്ത്‌ ഏംഗൽസും മറുഭാഗത്ത്‌ ജെന്നിവോൺ വെസ്റ്റ്ഫാലൻ എന്ന പത്നിയുമായിരുന്നു. സർക്കാരും പ്രസും സാധ്യമായ ദുരിതങ്ങളൊക്കെ അദ്ദേഹത്തിൽ ചൊരിഞ്ഞു. പണമില്ലാത്തതുകൊണ്ട്‌ ചികിത്സകിട്ടാതെ രണ്ടു മക്കൾ മരിച്ചു. ശവമടക്കിന്‌ പണമില്ലാതെ ഒരു മകളുടെ മൃതദേഹം ഒരു മുറിയിൽ ഒരു ദിവസം മുഴുവൻ അടച്ചിടേണ്ടിവന്നു. അന്നൊക്കെ, കാറൽ മാർക്ക്സിനെ തന്റെ ദൗത്യം നിറവേറ്റാൻ, എല്ലാം സഹിച്ചും താങ്ങായിരുന്നത്‌ ജെന്നിയായിരുന്നു.
മാർക്ക്സിന്റെ എല്ലാ ദാർശനിക-പ്രത്യയശാസ്ത്ര ദുഃഖങ്ങൾക്കും അപ്പുറത്തായിരുന്നു അദ്ദേഹമനുഭവിച്ച ദാരിദ്ര്യം. അധികമാർക്കും അത്തരമൊരു മാർക്ക്സിനെ അന്നും ഇന്നും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതപ്രാരാബ്ധങ്ങൾകൂടി ചേർത്തുവയ്ക്കുമ്പോഴേ ആ പ്രതിഭയുടെ തിളക്കം മുഴുവനായും അറിയാനാവൂ. ജീവിതാനുഭവമില്ലാത്ത ഇസവും അതുകൊണ്ടുനടക്കുന്നവരും പാഴായിപ്പോവുന്നത്‌ അതുകൊണ്ടാണ്‌. ഇത്രയൊക്കെ ദുരിതങ്ങൾക്കിടയിലും നീണ്ട പഠനങ്ങളും എഴുത്തും തുടർന്നു. ചെറിയ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ പ്രതിഭയെ വരിഞ്ഞുകെട്ടുന്നതായി ജെന്നി ദുഃഖിച്ചിരുന്നു. ഭാഷയുടെ കണിശതയിലും വസ്തുതകളുടെ അന്തിമമായ ശരിയിലും ഭയങ്കര നിർബന്ധക്കാരനായിരുന്ന അദ്ദേഹം, പലതവണ എഴുതിയതൊക്കെ തിരുത്തിയിട്ടുണ്ട്‌. വരുംകാല മനുഷ്യന്റെ രാഷ്ട്രീയ-സാമ്പത്തിക ജാതകവിചാരത്തിൽ ഒന്നും പിഴയ്ക്കരുതെന്ന നിർബന്ധം, മൂലധനം, മിച്ചമൂല്യം, ടെക്നോളജി, തൊഴിലാളിവർഗ ചൂഷണം, ഭരണപരമായ മാറ്റങ്ങളും സ്ഥാപനവ്യവസ്ഥയും തുടങ്ങി അദ്ദേഹം പരിശോധിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
നിരന്തരം ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധം ചെയ്തതോടൊപ്പംതന്നെ മനുഷ്യചരിത്രത്തിന്റെ മഹാകാവ്യമായ മൂലധനം 1, 1867 പുറത്തിറക്കി. ഊഹിക്കാനാവാത്ത സങ്കീർണനിർദ്ധാരണങ്ങളും വിശകലനവുമായി ചരിത്രത്തിന്റെ ഡയലക്ടിക്കൽ സ്വരൂപമാണദ്ദേഹം വിവരിച്ചുതന്നത്‌. മൂലധനത്തിന്റെ ബാക്കി വാള്യങ്ങൾ ഏംഗൽസും തുടർന്നുള്ളവരുമാണ്‌ പൂർത്തിയാക്കിയത്‌. സമൂഹത്തിന്റെ വികാസത്തിന്റെ വൈരുദ്ധ്യങ്ങളും സമന്വയങ്ങളും രൂപാന്തരങ്ങളും എല്ലാം അതിലുണ്ടായിരുന്നു. വരുംകാല സാമ്പത്തിക, സാംസ്കാരിക പരിണാമങ്ങളുടെ വ്യാഖ്യാനത്തിന്റെ ധൈഷണിക ഉപകരണങ്ങളും സമവാക്യങ്ങളും ‘മൂലധന’ത്തിലുണ്ടായിരുന്നു. 1848-ൽ ഇറക്കിയ ‘കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ’യും അധ്വാനിക്കുന്നവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രകടനപത്രികയായിരുന്നു. പൊളിറ്റിക്കൽ ഇക്കോണമിയെ വിപ്ലവകരമാക്കിയും സമൂഹത്തിന്റെ പരിണാമ ദശകളിലെ ആന്തരികശക്തികളെ അവയുടെ പാരസ്പര്യത്തിലും വിഛേദത്തിലും സൂക്ഷ്മവിശകലനം ചെയ്തും ചരിത്രത്തിനും വികസനത്തിനും ഒരു ശാസ്ത്രീയ ഭൗതികഭാഷ്യം നൽകിയതായിരുന്നു മാർക്ക്സ്‌-ഏംഗൽസ്‌ സംസ്കൃതി.
സംസ്കൃതി എന്നു പറയുന്നതാവും ശരി. പിൻവന്ന തലമുറകൾ അതിലായിരുന്നു ആമഗ്നരായിരുന്നത്‌. കാലംകൊണ്ട്‌ വ്യാഖ്യാന ഭേദങ്ങളുണ്ടായിട്ടുണ്ടാവും. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ ഭരണമണ്ഡലത്തിലെത്തിയപ്പോൾ തകർച്ചയും നേരിട്ടിട്ടുണ്ട്‌. അതൊന്നും മാർക്ക്സ്‌-ഏംഗൽസ്‌ അടിസ്ഥാന വ്യാഖ്യാനങ്ങളുടെ സ്ഖലിതങ്ങളായിരുന്നില്ല. കാലാനുസൃതമായി നവീകരിക്കാൻ ശേഷിയില്ലാതെപോയ അക്കാദമിക്സും ഭരണത്തിന്റെ അനാർക്കിയിൽ അടിസ്ഥാന പ്രമാണങ്ങൾ കൈവിട്ട രാഷ്ട്രീയ ജീവികളും അതിനുത്തരം പറയണം. സ്വയം നവീകരിച്ച, എന്നും നവീകരണത്തിന്‌ സന്നദ്ധമായതാണ്‌ മാർക്ക്സ്‌ പ്രകാശിപ്പിച്ച ചിന്താപദ്ധതി. മാറ്റമില്ലാത്തത്‌ മാറ്റംമാത്രമാണെന്നദ്ദേഹം ഓർമ്മിപ്പിച്ചിട്ടും പിൻതലമുറയ്ക്ക്‌ അത്‌ വേണ്ടത്ര പറ്റിയില്ല. തന്റെ സിദ്ധാന്തങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരാൻ ശ്രമിച്ചതിന്റെ ഫലമായാണ്‌ വിവിധ രാജ്യങ്ങളിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സംയോജനം. ഒന്നാം ഇന്റർനാഷണലിലാണ്‌ അദ്ദേഹം തന്റെ വിശകലനവും പ്രയോഗവും പ്രകടമാക്കിയത്‌. വെറും സിദ്ധാന്തകനായിരുന്നില്ല മാർക്ക്സ്‌.
ഇത്തരമൊരു ചെറുകുറിപ്പിൽ ആ വ്യക്തിയേയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും പ്രായോഗിക പ്രസ്ഥാനങ്ങളെയും സംഗ്രഹിതമായി ഓർക്കുന്നു എന്നുമാത്രം. ഡാർവിൻ ജൈവപ്രകൃതിയുടെ വികാസസിദ്ധാന്തങ്ങൾ കൊണ്ടുവന്നപ്പോൾ മാർക്ക്സ്‌ മനുഷ്യചരിത്രവികാസത്തിന്റെ നിയമങ്ങളാണ്‌ വ്യാഖ്യാനിച്ചത്‌. അവിടെനിന്നും കാലം കുറേ പോന്നെങ്കിലും ഇന്നത്തെ ക്യാപിറ്റലിസത്തിന്റെ സങ്കീർണമായ രൂപപരിണാമങ്ങൾ തിരിച്ചറിയാനും അതിലെ ചൂഷണവ്യവസ്ഥിതിയിൽ നിന്നു മുക്തമാവാനും വേണ്ട, ധൈഷണിക തന്ത്രങ്ങൾ, മാർക്ക്സിയൻ പഠനത്തിലുണ്ട്‌. സാഹിത്യം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി വൈവിധ്യപൂർണമായ മനുഷ്യജീവിത മേഖലകളിലേയ്ക്ക്‌ വെളിച്ചം വീശുന്ന ഒട്ടേറെ നിർധാരണരഹസ്യങ്ങൾ അതിലുണ്ട്‌.
മാർക്ക്സും ഗാന്ധിജിയുമൊക്കെ അപ്രസക്തരാവാത്തത്‌ അവരുടെ ചിന്തകളുടെ നവീകരണസാധ്യതകൾ കൊണ്ടാണ്‌. പ്രായോഗിക രാഷ്ട്രീയത്തിന്റെ കോലാഹലങ്ങൾക്കും അരാജകത്വത്തിനും വഴിപ്പെടാതിരിക്കലാണ്‌ അതിനാവശ്യം. സമഗ്ര കോർപ്പറേറ്റിസത്തിന്റെ ഇക്കാലത്ത്‌ ഒരിടതുപക്ഷ പ്രസ്ഥാനത്തിൽ നിന്ന്‌ അതാണ്‌ പ്രതീക്ഷിക്കുന്നത്‌.
ഇരുന്നൂറ്‌ തികയുന്ന ഒരു ജന്മദിനത്തിൽ ഇടതുപക്ഷത്തിന്റെ സാധ്യതകൾ തുടങ്ങുന്നേയുള്ളൂ.

  Categories:
view more articles

About Article Author