ചരിത്രത്തിന്റെ കർമ്മവസ്തു

ചരിത്രത്തിന്റെ കർമ്മവസ്തു
May 17 04:55 2017

കാര്യവിചാരം
യു വിക്രമൻ
‘വിശുദ്ധകുടുംബം’ എന്ന ഗ്രന്ഥത്തിൽ കാറൽമാർക്ക്സും ഏംഗൽസും തൊഴിലാളിവർഗത്തിന്റെ പങ്കിനെപ്പറ്റി കൃത്യമായ നിർവചനം നൽകുന്നുണ്ട്‌. ഒരു വ്യക്തിയുടെയോ ഒരു വർഗത്തിന്റെ തന്നെയോ-ആ വർഗം തൊഴിലാളിവർഗത്തെപ്പോലെ സുശക്തമായ ഒന്നാണെങ്കിൽപ്പോലും-ഉദ്ദേശമെന്താണെന്നത്‌ ചരിത്രത്തെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല. അവർ എഴുതുന്നു: “തൊഴിലാളിവർഗം എന്താണെന്നതും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ സ്ഥാനംവച്ചുകൊണ്ട്‌ അത്‌ വഹിക്കാൻപോകുന്ന പങ്ക്‌ എന്താണെന്നതുമാണ്‌ പ്രധാനമായിട്ടുള്ളത്‌. മുതലാളിത്തത്തിന്റെ ശവക്കുഴിതോണ്ടുകയും സമുദായത്തെയാകെ വിമോചിപ്പിക്കുകയും സോഷ്യലിസം കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഒരു ശക്തിയെന്നനിലയ്ക്കുള്ള തൊഴിലാളിവർഗത്തിന്റെ വിപ്ലവകരമായ പങ്കിന്‌ വസ്തുനിഷ്ഠമായ അടിസ്ഥാനമുണ്ട്‌. തൊഴിലാളിവർഗത്തിന്റെ വിപ്ലവാത്മക സ്വഭാവം അതിന്റെ നിലനിൽപ്പിന്റെ സാഹചര്യങ്ങളിൽ നിന്നും മുതലാളിത്തസമ്പദ്‌വ്യവസ്ഥയിൽ അതിനുള്ള സ്ഥാനത്തിൽ നിന്നും മുതലാളിത്ത ഉൽപ്പാദനസമ്പ്രദായത്തിലെ വൈരുദ്ധ്യങ്ങളിൽ നിന്നും ഉടലെടുത്തിട്ടുള്ളതാണ്‌.”
എല്ലാവിധ ഭൗതിക സമ്പത്തിന്റേയും ഉൽപ്പാദകൻ എന്നതിനുപുറമേ, ജനത ചരിത്രത്തിന്റെ കർത്താവും കർമ്മവും കൂടിയാണ്‌. സമുദായചരിത്രം മേറ്റ്ല്ലാറ്റിലുമുപരിയായി ജനതയുടെ ചരിത്രമാണ്‌. ഈ അർത്ഥത്തിൽ ജനത ചരിത്രത്തിന്റെ കർമ്മവസ്തുവാണ്‌. അതേസമയം, ജനതയാണ്‌ ചരിത്രം സൃഷ്ടിക്കുന്നതും. അതാണ്‌ ചരിത്ര സ്രഷ്ടാവ്‌, ചരിത്രത്തിന്റെ കർത്താവ്‌. വെറുമൊരു ഇംഗിതമോ ചാപല്യമോ അനുസരിച്ചല്ല, പ്രത്യുത സാമൂഹ്യവികസനത്തിന്റെ വസ്തുനിഷ്ഠ നിയമങ്ങളനുസരിച്ചാണ്‌ അത്‌ ചരിത്രം സൃഷ്ടിക്കുന്നത്‌.
വിപ്ലവാത്മകമായ എല്ലാവിധ മാറ്റങ്ങളിലേയും നിർണായകശക്തി ജനതയാണ്‌. ചരിത്രത്തിലെ ഓരോ വിപ്ലവവും നടത്തിയിട്ടുള്ളത്‌ ജനതയാണ്‌. ചെറിയ ഗ്രൂപ്പുകൾ നടത്തിയിട്ടുള്ള കൊട്ടാരവിപ്ലവങ്ങളും ജനങ്ങൾക്ക്‌ നിലവിലുള്ള സാമൂഹ്യസാഹചര്യങ്ങളോടുള്ള അസംതൃപ്തിയിൽ നിന്ന്‌ ഉടലെടുത്തിട്ടുള്ളതാണ്‌.
ചരിത്രവികാസത്തിൽ ജനങ്ങൾ നേരിട്ടു പങ്കെടുക്കുന്നത്‌ തടയാൻ ചൂഷകവർഗങ്ങൾ നൂറ്റാണ്ടുകളോളം ശ്രമിക്കുകയുണ്ടായി. അവരുടെ ശ്രമം എല്ലായ്പ്പോഴും വിജയിച്ചില്ലെന്നു മാത്രം. മർദ്ദനം സഹിക്കവയ്യാതാകുമ്പോൾ തങ്ങളുടെ മേലാളന്മാർക്കെതിരായി വാളെടുക്കാൻ ബഹുജനങ്ങൾ നിർബന്ധിതരായിട്ടുണ്ട്‌. വിജയകരമായ തൊഴിലാളിവർഗവിപ്ലവം വരെ ബഹുജനങ്ങൾക്ക്‌ ചരിത്രത്തിലെ ഒരു സജീവ രചനാത്മകശക്തിയാകാൻ കഴിഞ്ഞിരുന്നില്ല. സോഷ്യലിസ്റ്റ്‌ സമുദായം പുരോഗമിക്കുന്നതോടെ, ചരിത്രത്തിന്റെ ശിൽപിയെന്നനിലയിൽ ഒരു കമ്മ്യൂണിസ്റ്റ്‌ സമുദായം സൃഷ്ടിക്കുന്ന ശക്തിയെന്നനിലയിൽ, ജനതയ്ക്കുള്ള പങ്കും വർധിക്കുന്നു.
മനുഷ്യന്റെ ആധ്യാത്മിക സംസ്കാരത്തിന്‌ ജനത നൽകുന്ന സംഭാവന വമ്പിച്ചതാണ്‌. ജനത ആശയവിനിമയത്തിനുള്ള ഭാഷയ്ക്ക്‌ ജന്മം നൽകുന്നു. ഇതുകൂടാതെ സംസ്കാരം എന്നത്‌ അചിന്ത്യവുമാണല്ലോ. യോജിച്ച പ്രയത്നം സാധ്യമാക്കിയതിനുപുറമെ ഭാഷ ആധ്യാത്മിക സംസ്കാരത്തിന്റെ വളർച്ചയ്ക്കുള്ള അടിത്തറ സൃഷ്ടിക്കുകയും ചെയ്തു. നാടോടി സാഹിത്യത്തിന്റെ അടിസ്ഥാനവും ഭാഷയാണ്‌. ഏതൊരു ദേശീയ സാഹിത്യത്തിന്റെയും ഉത്ഭവം ഇതിൽ നിന്നാണ്‌. അതുപോലെ ജനത മനോഹരങ്ങളായ പാട്ടുകളും നൃത്തങ്ങളും ശിൽപങ്ങളും ചിത്രങ്ങളും രചിക്കുകയും കെട്ടിടങ്ങൾ കെട്ടുകയും ചെയ്തിട്ടുണ്ട്‌. പിൽക്കാലത്തെ പേരുകേട്ട എഴുത്തുകാരും ചിത്രകാരന്മാരും ശിൽപികളും ഗാനരചയിതാക്കളും വാസ്തുശിൽപികളും എല്ലാം ഇവയിൽ നിന്ന്‌ ആവേശം ഉൾക്കൊണ്ടിട്ടുണ്ട്‌. ജനത അവരുടെ അധ്വാനത്തിലൂടെ ബാഹ്യലോകത്തെ സംബന്ധിച്ച അറിവിന്റെ വലിയൊരു ഭണ്ഡാരവും ഉണ്ടാക്കിയിട്ടുണ്ട്‌. ശാസ്ത്രം പിന്നീട്‌ വളർന്നത്‌ ഇതിൽ നിന്നാണെന്ന്‌ ഓർക്കുക.
കായികവും മാനസികവുമായ പ്രവർത്തനങ്ങൾ തമ്മിൽ വേലികെട്ടി തിരിച്ചിട്ടില്ലാതിരുന്ന പ്രാകൃതസമുദായത്തിൽ ആധ്യാത്മിക സംസ്കാരത്തിന്റെ സ്രഷ്ടാക്കളെന്ന നിലയ്ക്കുള്ള ജനതയുടെ പങ്ക്‌ എടുത്തുപറയേണ്ടതില്ലാത്തവിധത്തിൽ സ്പഷ്ടമാണ്‌. സമുദായം വർഗങ്ങളായി പിരിയുകയും കായികാധ്വാനവും മാനസികാധ്വാനവും വേറെവേറെ ആകുകയും ചെയ്യുന്നതോടെ ജനതയുടെ സൃഷ്ടിപരപ്രയത്നത്തെ പരിമിതപ്പെടുത്താൻ ഭരണാധികാരിവർഗങ്ങൾ പഠിച്ചപണിയെല്ലാം നോക്കുന്നു. അവർ ജനതയെ ആധ്യാത്മിക സംസ്കാരത്തിൽ നിന്ന്‌ ഒറ്റപ്പെടുത്തിക്കൊണ്ട്‌ അതു മുഴുവൻ തങ്ങളുടെ കുത്തകയാക്കുകയും ചെയ്യുന്നു. തന്മൂലം ജനതയുടെ താദൃശപ്രവർത്തനത്തിന്‌ സ്വാഭാവികമായും തടസം നേരിട്ടുവെങ്കിലും അതൊരിക്കലും പൂർണമായും നിലച്ചില്ല. സൃഷ്ടിപരപ്രതിഭയുടെ വറ്റാത്ത ഉറവിടമായ ജനത വർഗസമുദായത്തിലും ആധ്യാത്മികമൂല്യങ്ങളുടെ സ്രഷ്ടാവാണ്‌. ആധ്യാത്മികരംഗത്തെ പ്രമുഖന്മാരെല്ലാം നാടോടിക്കലയിൽ തങ്ങളുടെ സ്വന്തം പ്രവർത്തനത്തിന്‌ പറ്റിയ ആശയങ്ങളുടെയും പ്രതിച്ഛായകളുടെയും അക്ഷയമായ ഒരു ഉറവിടം കണ്ടെത്തിയിട്ടുണ്ട്‌.
അപ്പോൾ, ജനതയാണ്‌ ചരിത്രത്തിന്റെ നിർണായക ശക്തിയെന്നു തെളിയുന്നു. എങ്കിലും സമുന്നതരായ പല മഹാന്മാരെയും പറ്റിയുള്ള രേഖകൾ ചരിത്രം കേടുകൂടാതെ സൃക്ഷിച്ചിട്ടുണ്ട്‌. മഹാന്മാരാണ്‌ ചരിത്രത്തിന്റെ നിയാമകശക്തിയെന്നു ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും അടുത്ത കാലംവരെ ദൃഢമായി വിശ്വസിച്ചിരുന്നു. ജനതയാകട്ടെ ഈ മഹാന്മാരുടെ പ്രയത്നത്താൽ ചലിക്കുന്ന ഒരു നിർജ്ജീവ കൂട്ടമായും കരുതപ്പെട്ടുപോന്നിരുന്നു. ലോകചരിത്രം മുഴുവൻ ഒരുപിടി രാജാക്കന്മാരുടെയും പടനായകരുടെയും രാഷ്ട്രീയ നേതാക്കളുടെയും മറ്റും ചെയ്തികളായി ചുരുക്കപ്പെട്ടിരുന്നു. പ്ലെഹനോവ്‌ ഒരിക്കൽ പറഞ്ഞതുപോലെ ചരിത്രഗ്രന്ഥങ്ങൾ “മഹാന്മാരുടെ ജീവചരിത്രങ്ങൾ” ആണെന്നു തോന്നിപ്പോകുമായിരുന്നു.
ഓരോരോ കാലഘട്ടങ്ങളിൽ ഓരോരോ വർഗത്തിന്‌ മഹത്വത്തെപ്പറ്റി അതിന്റേതായ ധാരണകളുണ്ടായിരുന്നു. മഹാന്മാർ കുലീന കുടുംബങ്ങളിൽ, പറ്റുമെങ്കിൽ രാജകുടുംബങ്ങളിൽ, പിറന്നവരായിരിക്കണമെന്ന്‌ നാടുവാഴിത്ത ഭരണവർഗക്കാർ കരുതിയിരുന്നു. അങ്ങനെ എല്ലാ രാജാക്കന്മാരും ചക്രവർത്തിമാരും മറ്റും മഹാന്മാരായി കരുതപ്പെട്ടിരുന്നു. ചില രാജാക്കന്മാർക്ക്‌ സാധാരണയിൽ കവിഞ്ഞ കഴിവുണ്ടായിരുന്നുവെന്നത്‌ ശരിയാണ്‌. പക്ഷേ, അവരുടെ സംഖ്യ വിരലിലെണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളു. മിക്ക രാജാക്കന്മാർക്കും രാജ്ഞിമാർക്കും പറയത്തക്ക യാതൊരു പ്രതിഭയുമുണ്ടായിരുന്നില്ല; പാരമ്പര്യാവകാശം കൊണ്ടുമാത്രം അവർ ഭരണസ്ഥാനങ്ങളിലിരിക്കാൻ ഇടയാവുകയാണു ചെയ്തത്‌.
നാടുവാഴിത്ത വിശേഷാധികാരങ്ങളെല്ലാം തൂത്തെറിഞ്ഞ്‌ മുതലാളിത്തം മഹത്വത്തിന്റെ അളവുകോലായി എടുത്തിരിക്കുന്നത്‌ ധനമാണ്‌. പക്ഷേ, മൂലധനത്തിന്റെ ഒസ്യത്ത്‌ ഒരുവനെ സമുന്നതനാക്കുമോ? തീർച്ചയായും ഇല്ല. ഇതിനെന്തെങ്കിലും തെളിവ്‌ ആവശ്യമാണെങ്കിൽ, അതുതേടി നാം വളരെ ദൂരം പോകേണ്ടതില്ല.
എന്നാൽ, വർഗപരമായ മുൻവിധി മാറ്റിവച്ചിട്ട്‌ ചരിത്രത്തെ നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ ചില സംഭവങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കുറേയേറെ രാജ്യതന്ത്രജ്ഞരേയും രാഷ്ട്രീയ നേതാക്കളേയും പടനായകരേയും നമുക്ക്‌ കണ്ടെത്താൻ സാധിക്കും.

  Categories:
view more articles

About Article Author