Wednesday
23 May 2018

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാനം ബഹ്‌റൈനിൽ

By: Web Desk | Sunday 16 July 2017 4:45 AM IST

കെ രംഗനാഥ്‌
മനാമ (ബഹ്‌റൈൻ): ‘കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്ന കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്നില്ല. എങ്കിൽ പിന്നെ എന്തുകൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ യോജിക്കുന്നില്ല എന്ന്‌ ചോദിച്ചാൽ എന്തിന്‌ പാർട്ടി പിളർന്നു എന്ന മറുചോദ്യം ഒഴിവാക്കാനാണ്‌ ആ ചോദ്യത്തിന്‌ മറുപടി പറയാത്തത്‌.’ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആ പ്രതികരണം ബഹ്‌റൈൻ കേരള സമാജത്തിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത നിറഞ്ഞ സദസിൽ ചിന്താനിർഭരമായ ചിരി പടർത്തി.
അരനൂറ്റാണ്ടു പിന്നിട്ട കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള ‘ലീഡേഴ്സ്‌ സ്പീക്ക്‌’ എന്ന മുഖാമുഖം പരിപാടിയിലൂടെ രണ്ട്‌ മണിക്കൂറിലേറെ ചരിത്രത്തിന്റെ ഓളപ്പാത്തികളിലൂടെ സദസിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുംകൊണ്ടു മുന്നേറിയത്‌ ബഹ്‌റൈൻ മലയാളികൾക്ക്‌ പുതിയൊരു രാഷ്ട്രീയാനുഭവമായി. തലേദിവസം ഈ വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്‌ ശേഷമായിരുന്നു കാനത്തിന്റെ മുഖാമുഖം പരിപാടി. കേരളത്തിന്റെ സമഗ്രവികസനത്തിന്‌ അടിസ്ഥാനപരമായ സംഭാവനകൾ നൽകിയത്‌ 57ലെ ഇഎംഎസ്‌ സർക്കാരും ഏഴ്‌ വർഷക്കാലത്തെ അച്യുതമേനോൻ സർക്കാരുമാണെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. സദസിലെ സോവിച്ചൻ ചെന്നാട്ടുശേരിയുടെ ചോദ്യത്തിനായിരുന്നു കാനത്തിന്റെ ഈ മറുപടി.
മന്ത്രിമാർ പ്രസ്താവനകൾ നടത്തുമ്പോൾ മര്യാദ ലംഘിക്കുന്ന ഭാഷാപ്രയോഗങ്ങളുണ്ടാകുന്നതിനാൽ അവർക്കുവേണ്ടി ഒരു പെരുമാറ്റച്ചട്ടം വേണ്ടതല്ലേ എന്ന എടത്തൊടി ഭാസ്കരന്റെ ചോദ്യത്തിനു മറുപടി ഇതായിരുന്നു. ഇക്കാര്യത്തിൽ പെരുമാറ്റച്ചട്ടത്തെക്കാൾ നന്ന്‌ സ്വയം നിയന്ത്രണം തന്നെയാണ്‌. എന്തിനെയും എതിർക്കുന്ന സമീപനമാണ്‌ കേരളത്തിന്റേതെന്ന വാദത്തിനും അടിസ്ഥാനമില്ല. പൊതുവിൽപന നികുതിയെക്കുറിച്ച്‌ ആദ്യം ചർച്ചയായപ്പോൾ ഇടതുപക്ഷങ്ങൾ മാത്രമല്ല അന്ന്‌ ഗുജറാത്ത്‌ ഭരിക്കുന്ന നരേന്ദ്രമോഡിയും എതിർത്തു. പുതിയ സാഹചര്യത്തിൽ ജിഎസ്ടിയുമായി ഇടതുപക്ഷം സഹകരിക്കുന്നുവെങ്കിലും ഇതുവഴി നികുതിവ്യവസ്ഥയും കമ്പോളവും കുത്തഴിഞ്ഞ അവസ്ഥയിൽ മോഡി സർക്കാർ കൊണ്ടെത്തിക്കുമോ എന്ന കടുത്ത ആശങ്കയുണ്ടെന്നും കാനം പറഞ്ഞു.
കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ വിപ്ലവപാത, സംസ്ഥാനത്തെ കാർഷികപ്രതിസന്ധി എന്നിവയിലൂന്നിയ ആർ പവിത്രന്റെ ചോദ്യത്തിനും അദ്ദേഹം ഇപ്രകാരം വിശദീകരണം നൽകി. കാർഷികമേഖലയുടെ ആധുനികവൽക്കരണം നടപ്പാക്കാനാവാതെ പോയതുമൂലം 10 ലക്ഷം ഹെക്ടറിലെ കൃഷി രണ്ട്‌ ലക്ഷം ഹെക്ടറായി ചുരുങ്ങിയ കാർഷിക ദുരന്തമാണുണ്ടാക്കിയത്‌. ഇടതുപക്ഷത്തിന്റെ പരിസ്ഥിതി നിലപാട്‌, ചില വിഷയങ്ങളിൽ കാനം പ്രതിപക്ഷസ്വരത്തിൽ സംസാരിക്കുന്നുവെന്ന ചില കേന്ദ്രങ്ങളുടെ ആരോപണം എന്നിവയെക്കുറിച്ചായിരുന്നു അനിൽ വേങ്കോട്‌ പ്രതികരണം തേടിയത്‌. പരിസ്ഥിതിയായാലും മാവോയിസ്റ്റുകൾക്കെതിരായ ഭരണകൂട ഭീകരതയായാലും സിപിഐക്കും ഇടതുപക്ഷത്തിനും സുവ്യക്തമായ പ്രഖ്യാപിത നിലപാടുകളുണ്ട്‌. ഭരണത്തിലെത്തുമ്പോൾ ആ നിലപാടുകൾ ഉപേക്ഷിക്കാനാവില്ല. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നപ്പോൾ കയ്യോടെ അതിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌ കാനം ഓർമിപ്പിച്ചു. ഏറ്റുമുട്ടൽ കൊലകൾ അരുതെന്ന പ്രഖ്യാപിത നിലപാട്‌ സിപിഐ കൈക്കൊണ്ടുവെന്നു മാത്രം.