ചിരിവരയിലെ വളകിലുക്കം

ചിരിവരയിലെ വളകിലുക്കം
May 14 04:45 2017

ഗോപിക അശോകൻ
നാലുവരകളിലെ ആശയങ്ങളിലൂടെ ജനാധിപത്യ പുരോഗമന വിപ്ലവാശയങ്ങളെ പൊതുജനസമക്ഷമെത്തിക്കുന്നതിൽ പ്രധാനപങ്കാണ്‌ കാർട്ടൂണിസ്റ്റ്‌ വഹിക്കുന്നത്‌. ചിരി, ചിന്ത, ഉണർവ്വ്‌ എന്നതിലുപരി ചർച്ചകൾക്കുള്ള വിനോദ-വിജ്ഞാനോപാധിയാണ്‌ ഇന്ന്‌ ഓരോ കാർട്ടൂണും. അതിന്റെ പ്രാധാന്യം അത്രയ്ക്കുള്ളതുകൊണ്ടുതന്നെയാണ്‌ ഇന്നും പത്രമാധ്യമങ്ങളിൽ കാർട്ടൂണിസ്റ്റിനും കാർട്ടൂൺ കോളത്തിനും ക്ഷാമം ഇല്ലാത്തത്‌.
ചരിത്രം പരിശോധിച്ചാൽ, കേരളത്തിൽ കാർട്ടൂൺ എന്ന കലാരൂപം പുരോഗമനകാലത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ പറിച്ചുനടപ്പെട്ടതാണ്‌. ഹാസ്യത്തിനുപരിയായി വർഗ-വർണബോധത്തിനെതിരെയും ഭരണകൂട കിരാത നയങ്ങളെ വിമർശനത്തിന്‌ വിധേയമാക്കാനും കൂടിയാണ്‌ ഈ കല ശ്രമിച്ചത്‌. കാർട്ടൂൺ ചരിത്രത്തെ അവലോകനത്തിന്‌ വിധേയമാക്കുന്നതിന്‌ മുമ്പ്‌ ഈ മേഖലയിലെ ആവർത്തിക്കപ്പെടുന്ന ന്യൂനനതയുടെ ആവിഷ്കാരമാണിത്‌. കലോത്സവങ്ങളിലും മറ്റുമായി ആൺ-പെൺ ഭേദമന്യെ എല്ലാവരും പങ്കെടുക്കുന്ന മേഖലയാണ്‌ കാർട്ടൂൺ രചന. കഴിവില്ലാത്തവരുടെ അഭാവമല്ല സ്ത്രീകൾക്ക്‌ ഈ രംഗം അന്യമാകാൻ കാരണം.
മുഖ്യധാരാ മാധ്യമങ്ങളിലെ പോക്കറ്റ്‌ കാർട്ടൂണുകളിലെ പ്രധാന ചർച്ചാവിഷയം, രാഷ്ട്രീയത്തിലെ അമളികളും, നേതാക്കളുടെ വീഴ്ചയും മാത്രമാണ്‌. സ്ത്രീ, പരിസ്ഥിതി, സാംസ്കാരിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്‌ വളരെ ദുർലഭമാണ്‌. മനുഷ്യനിലെ ധാർമിക അഹംബോധങ്ങളെ ഉത്തേജിപ്പിക്കാൻ സാധിക്കുന്ന കലാരൂപമാണ്‌ കാർട്ടൂണുകൾ. അവയ്ക്കുള്ളിലെ ഈ വിഭജനപ്രക്രിയ-പരോക്ഷമായിത്തന്നെ വർഗബോധത്തിന്റെയും/വർഗാധിപത്യത്തിന്റെയും കൊടി ചൂടുന്നു.
ഇസ്ലാമിക്‌ പലസ്തീനിലെ ക്രൂരതകളെ ആവിഷ്കരിക്കാൻ ഉമയ്യജൂഹയ്ക്ക്‌ കഴിഞ്ഞു. നിരവധി തിരിച്ചടികൾക്കിടയിലും അവർ തന്റെ തൊഴിൽ തുടരുന്നു. ഇന്ത്യയിൽ തന്നെ മായാ കമ്മത്ത്‌, കവിത ബാലകൃഷ്ണൻ, രചന, മഞ്ജുള പത്മനാഭൻ, എന്നിവർ ഈ മേഖലയിൽ അരങ്ങേറ്റം നടത്തിയവരാണ്‌. പിന്നീട്‌ ഇവരുടെ സജീവസാന്നിധ്യം മാധ്യമങ്ങളിൽ കാണുന്നില്ല.
‘രാഷ്ട്രീയം’- എന്ന സമസ്യയെ അഭിമുഖീകരിക്കുന്ന അവസരത്തിൽ പുരുഷമുഖങ്ങൾ വരയ്ക്കപ്പെടുവാനാണ്‌ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. രാഷ്ട്രീയ പ്രാതിനിധ്യം തുല്യമാണെന്ന്‌ ഉദ്ഘോഷിക്കുന്നുണ്ടെങ്കിലും അത്‌ കൈകാര്യം ചെയ്യാൻ കഴിയുന്നത്‌ പുരുഷനെന്ന സ്വത്വത്തിനു മാത്രമാണെന്ന ധാരണ കാർട്ടൂൺ നടത്തുന്ന സംവേദനത്തിലൂടെ കാഴ്ചവയ്ക്കുന്നു.
രാഷ്ട്രീയം-പുരുഷനുമാത്രം കൈയിലൊതുങ്ങുന്ന മേഖലയാണെന്ന പൊതുധാരണ ആവർത്തിക്കപ്പെടുന്നു. സ്വന്തം തൊഴിൽമേഖലയായി രാഷ്ട്രീയം പുരുഷന്‌ പരിണമിക്കപ്പെടുമ്പോൾ സ്ത്രീക്ക്‌ അത്‌ പാർട്ട്ടൈം അല്ലെങ്കിൽ ഒരു പ്രായത്തിനപ്പുറം എന്നതിലേയ്ക്ക്‌ ചുരുങ്ങുന്നു. ഈ ആശയത്തിന്റെ ദൃശ്യാവിഷ്കാരം ദൈനംദിന പത്രത്തിലെ കാർട്ടൂണിലൂടെ ഉദ്ഘോഷിക്കുന്നു. ഇക്കാരണങ്ങളാലൊക്കെത്തന്നെ രാഷ്ട്രീയമെന്നത്‌ സ്ത്രീപ്രാതിനിധ്യം കുറഞ്ഞതും ആൺകോയ്മയെ അംഗീകരിക്കുന്ന രീതിയിലുമാകുന്നു. അതിന്റെ ഭാഗമായി മാധ്യമം സൃഷ്ടിക്കുന്ന കാർട്ടൂണുകൾ എപ്പോഴും പുരുഷമുഖങ്ങളണ്‌. സാഹിത്യത്തിൽ പെണ്ണെഴുത്തിന്റെ സാധ്യത, പുതിയ ഉദ്ബോധനത്തിന്‌ തിരികൊളുത്തി. കാർട്ടൂൺരംഗവും ഇത്തരത്തിൽ ഒരു നവോത്ഥാനത്തിന്‌ സ്നാനപ്പെടുന്നത്‌ ഉചിതമായിരിക്കും.
രാഷ്ട്രീയകാർട്ടൂണുകൾ വരയ്ക്കുന്ന വിഭാഗത്തിലെ സ്ത്രീകളുടെ കുറവും ഈ മേഖലയിലെ സ്ത്രീപ്രാതിനിധ്യത്തിനും അവരുടെ അവതരണത്തിനും വിഘാതമാകുന്നുവെന്ന വസ്തുത മറന്നുകൂട. സ്ത്രീകാർട്ടൂണിസ്റ്റുകൾ അഭിസംബോധന ചെയ്യാനാഗ്രഹിക്കുന്നത്‌ മുഖ്യധാര അറിയാത്ത സ്ത്രീകളുടെ പ്രശ്നങ്ങളാണ്‌. അതിന്‌ രാഷ്ട്രീയത്തോളം വിപണിമൂല്യമില്ലാത്തതിനാൽ ഈ രംഗത്ത്‌ സ്ത്രീപ്രാതിനിധ്യം വരയിലും വരയ്ക്കപ്പെടുന്നതിലും കുറഞ്ഞുവരുന്നു. ഇറോം ശർമ്മിള, മേധാപട്കർ, ദയാബായി എന്നിവരൊന്നും തന്നെ വരയ്ക്ക്‌ പാത്രമാകാത്തത്‌ എന്തുകൊണ്ടാണെന്ന്‌ പറയാതെ തന്നെ മനസിലാകുന്നതാണല്ലൊ.

  Categories:
view more articles

About Article Author