ചിറാപുഞ്ചിയും കേരളവും പ്രകൃതിയുടെ ജലപാഠങ്ങൾ

ചിറാപുഞ്ചിയും കേരളവും പ്രകൃതിയുടെ ജലപാഠങ്ങൾ
April 25 04:50 2017

വലിയശാല രാജു
പാഠപുസ്തകങ്ങളിലൂടെ ചിറാപുഞ്ചിയെക്കുറിച്ച്‌ കേൾക്കാത്ത മലയാളിയുണ്ടാവില്ല. ലോകത്ത്‌ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശമാണ്‌. എല്ലാ ദിവസവും മഴ പെയ്യും. 11000 മില്ലീമീറ്റർ മഴയുടെ പ്രതിവർഷ ശരാശരി കേരളത്തിന്റെ നാലിരട്ടി. മഴ തിമിർത്ത്‌ പെയ്ത്‌ ജലാർദ്രമാണ്‌ ചിറാപുഞ്ചിയെന്ന്‌ കരുതിയെങ്കിൽ തെറ്റി. കേരളത്തിന്റെ ദുര്യോഗമാണിവിടെയും. മഴകളുടെ ഇടവേളകളിൽ വെള്ളം പോലും കിട്ടാത്ത വരൾച്ചയാണ്‌. കുടിവെള്ളത്തിനുവേണ്ടി മണിക്കൂറുകൾ സഞ്ചരിക്കേണ്ടിവരുന്നു ഗ്രാമവാസികൾക്ക്‌.
ഇന്ത്യയുടെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മേഘാലയ എന്ന കൊച്ചു സംസ്ഥാനത്തിലെ ഒരു ഗ്രാമമാണ്‌ ചിറാപുഞ്ചി. ഖാസി എന്ന പേരിലറിയപ്പെടുന്ന കുന്നുകളാണ്‌ ഇവിടത്തെ ഭൂപ്രകൃതി. ഭൂമിശാസ്ത്രപരമായി ചരിഞ്ഞ പ്രദേശങ്ങളാണ്‌. ഭൂമിയിൽ വീഴുന്ന മഴവെള്ളം മുഴുവൻ ചരിവുകളിലൂടെ ഒഴുകി അതിർത്തി രാജ്യമായ ബംഗ്ലാദേശിലെത്തുന്നു. അതുവഴി ബംഗാൾ ഉൾക്കടലിലും. പശിമയുള്ള ഒരുതരം മണ്ണാണ്‌ മേഘാലയയിൽ. വെള്ളം ഭൂമിയിലേക്കിറങ്ങാൻ പ്രയാസമാണ്‌. അതോടൊപ്പം കുന്നിൻചരിവുകൂടിയാകുമ്പോൾ ഒരു തുള്ളിവെള്ളം പോലും നിൽക്കില്ല. കേരളത്തിന്റെ അതേ അവസ്ഥ. കേരളവും ഭൂമിശാസ്ത്രപരമായി ചരിച്ച്‌ വച്ച പലകപോലെയാണ്‌. പെയ്യുന്ന മഴ എട്ട്‌ മണിക്കൂർ കൊണ്ട്‌ അറബിക്കടലിലെത്തുന്നു. ഇന്ത്യയിലെ ശരാശരി കിട്ടുന്ന മഴയുടെ ഇരട്ടി കിട്ടുന്ന കേരളത്തിൽ മഴ കഴിഞ്ഞാൽ വരൾച്ചയാണ്‌. കുടിക്കാൻ വെള്ളമില്ല. വരണ്ട പ്രദേശമായി കുതിക്കുകയാണ്‌ കേരളം.
പെയ്യുന്ന മഴ ഒഴുകിപ്പോകാതെ പിടിച്ചുനിർത്താൻ കഴിയാത്തതാണ്‌ മേഘാലയയും കേരളവും നേരിടുന്ന സമാന പ്രതിസന്ധി. പക്ഷേ കേരളത്തിലെ മണ്ണ്‌ ജലാഗീകരണശേഷി തീരെ കുറഞ്ഞവയല്ല. നമ്മുടെ അശ്രദ്ധയും കോൺക്രീറ്റ്‌ വാർക്കലുമാണ്‌ പ്രധാന വില്ലൻ.
ഇന്ന്‌ ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്‌ ചിറാപുഞ്ചിയിലല്ല. ചെറിയ ശതമാനത്തിന്റെ വ്യത്യാസത്തിൽ ചിറാപുഞ്ചിക്ക്‌ അത്‌ നഷ്ടപ്പെട്ടു. 15 കിലോമീറ്ററിനപ്പുറമുള്ള ഗ്രാമമായ മൗസിന്റമാണ്‌ ലോക ഭൂപടത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം. ഈ ഗ്രാമവും ജലക്ഷാമത്തിന്റെ പിടിയിലാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത്‌.
ഇത്രയും മഴ പെയ്തിട്ടും എന്തുകൊണ്ട്‌ ജലക്ഷാമം എന്ന ചോദ്യത്തിന്‌ മേഘാലയ വാട്ടർ അതോറിട്ടിയുടെ മേധാവി പറയുന്നത്‌ കുത്തനെയുള്ള കുന്നുകളും മലകളും നിറഞ്ഞ ഇവിടെ പെയ്യുന്ന മഴ വളരെ കുത്തിയൊലിച്ച്‌ കടലിലേക്ക്‌ ഒഴുകിപ്പോകുന്നു. ചിറാപുഞ്ചിയും മൗസിന്റവും ബംഗ്ലാദേശ്‌ അതിർത്തിയിലെ ഖാസി കുന്നുകളിലാണ്‌.
വെള്ളം ഭൂമിയിൽ പിടിച്ചുനിർത്താൻ പല പദ്ധതികളും മേഘാലയ ആവിഷ്കരിക്കുന്നുണ്ട്‌. അതിൽ പ്രധാനമാണ്‌ അണക്കെട്ടുകൾ നിർമിച്ച്‌ വെള്ളം അതിലേക്ക്‌ ശേഖരിക്കുന്നത്‌. മേഘാലയയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്‌ ഖാസി മലകളിലാണ്‌. ആറ്‌ ഡാമുകൾ ഇപ്പോൾ തന്നെ പണിഞ്ഞ്‌ വെള്ളം അതിലേക്ക്‌ ശേഖരിക്കുന്നുണ്ട്‌.
മറ്റൊന്ന്‌ കൃത്രിമ ജലാശയങ്ങൾ നിർമിക്കലാണ്‌. 3072 ഹെക്ടറുകളിലായി നൂറു കണക്കിന്‌ ജലാശയങ്ങളാണ്‌ നിർമിച്ച്‌ ജലം ശേഖരിക്കുന്നത്‌. ഈ ജലാശയങ്ങൾ മൂലം ഭൂമിയിൽ ജലസേചനം നടത്താനും കഴിഞ്ഞു.
ഈ കൃത്രിമ ജലാശയങ്ങളിൽ മത്സ്യകൃഷിക്കുള്ള സാധ്യതകളെയും ഉപയോഗപ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര ജല അതോറിട്ടിയുടെ അവാർഡ്‌ 2016 ൽ ലഭിച്ചത്‌ മേഘാലയയ്ക്കാണ്‌.
കേരളത്തിലെപ്പോലെ മഴക്കുഴികളൊന്നും മേഘാലയയ്ക്ക്‌ പ്രയോജനപ്പെടില്ല. കാരണം മണ്ണിന്‌ ജലാഗീകരണശേഷി വളരെ കുറവായത്‌ കൊണ്ടുതന്നെ. അക്കാര്യത്തിൽ കേരളം അനുഗ്രഹീതമാണ്‌. വെള്ളം ഭൂമിയിലേക്ക്‌ താഴ്ത്താൻ നമ്മുടെ മണ്ണ്‌ അനുയോജ്യമാണ്‌. മഴക്കൊയ്ത്ത്‌ ഫലപ്രദമായി നടത്താൻ കേരളത്തിന്‌ കഴിയും.
കേരളവും മേഘാലയും ഓർമിപ്പിക്കുന്ന പ്രകൃതിസത്യം ഒന്നാണ്‌. പ്രകൃതി എത്ര കനിഞ്ഞ്‌ നമ്മെ അനുഗ്രഹിച്ചാലും അവയെ നേരാംവണ്ണം നിലനിർത്തി ഉപയോഗിക്കാൻ ബുദ്ധി ഉപയോഗിച്ചില്ലെങ്കിൽ വൃഥാവിലാകും. മാത്രമല്ല പ്രകൃതി തന്നെ നമ്മെ ശിക്ഷിക്കുകയും ചെയ്യും. വരൾച്ചപോലുള്ള പ്രകൃതിദുരന്തങ്ങൾ, ശുദ്ധജലദാരിദ്ര്യം ഇതൊക്കെ ഈ ശിക്ഷയുടെ ഭാഗങ്ങളാണ്‌. ഇനിയും അമാന്തം കാണിച്ചാൽ കടുത്ത ശിക്ഷയായിരിക്കും നമുക്ക്‌ ഏറ്റുവാങ്ങേണ്ടിവരിക.

  Categories:
view more articles

About Article Author