ചിഹ്നത്തിനായി കൈക്കൂലി: ദിനകരനെതിരെ ലുക്‌ൿഔട്ട്‌ നോട്ടീസ്‌

ചിഹ്നത്തിനായി കൈക്കൂലി: ദിനകരനെതിരെ ലുക്‌ൿഔട്ട്‌ നോട്ടീസ്‌
April 20 04:45 2017

ന്യൂഡൽഹി: എഐഡിഎംകെയിൽ നിലനിൽക്കുന്ന തർക്കത്തിനിടെ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ മരവിപ്പിച്ച പാർട്ടി ചിഹ്നമായ രണ്ടില തിരികെ ലഭിക്കുന്നതിന്‌ കമ്മിഷന്‌ കോഴ നൽകാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട്‌ ജയലളിതയുടെ തോഴി ശശികലയുടെ സഹോദര പുത്രൻ ടി ടി വി ദിനകരനെതിരെ ഡൽഹി പൊലീസ്‌ ലുക്‌ൿഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. എ ഐ എ ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആർ കെ നഗർ സ്ഥാനാർഥിയുമായ ടി ടി വി ദിനകരനെതിരായ നിയമക്കുരുക്ക്‌ മുറുകുമെന്ന്‌ ഉറപ്പായി. എ ഐ എ ഡി എം കീയിലെ രണ്ടുവിഭാഗങ്ങളും അനുരഞ്ജനത്തിന്റെ പാതയിലെത്തിയതിന്റെ ഭാഗമായി ശശികലയെയും ദിനകരനെയും പാർട്ടയിൽ നിന്ന്‌ പുറത്താക്കിയിരുന്നു. ഇതിന്‌ പിന്നാലെ ദിനകരൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന്‌ വ്യക്തമായതിനെ തുടർന്നാണ്‌ ഡൽഹി പൊലീസ്‌ ദിനകരനെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്‌. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്‌.
തെരഞ്ഞെടുപ്പ്‌ ചിഹ്നമായ രണ്ടില ലഭിക്കുന്നതിനായി കമ്മിഷന്‌ കൈക്കൂലി നൽകുന്നതിനായി ഇടനിലക്കാരനായ സുകേഷ്‌ ചന്ദ്രശേഖരനെ നിയോഗിച്ച സംഭവത്തിലാണ്‌ ദിനകരനെതിരെ പൊലീസ്‌ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്ത്‌ അന്വേഷണം ആരംഭിച്ചത്‌. സുകേഷ്‌ ചന്ദ്രശേഖരൻ വഴി 10 കോടി രൂപ കൈക്കൂലി നൽകാൻ ദിനകരൻ ശ്രമിച്ചു എന്നാണ്‌ കേസ്‌.
മുഖ്യമന്ത്രിയുടെ വസതിയിൽ കഴിഞ്ഞ ദിവസം ചേർന്ന 20 മുതിർന്ന മന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു പാർട്ടിയിലെ മന്നാർഗുഡി മാഫിയയെന്ന്‌ അറിയപ്പെട്ടിരുന്ന ശശികല വിഭാഗത്തിനെ പുറത്താക്കാൻ തീരുമാനിച്ചത്‌. വെട്രിവേൽ, തങ്കത്തമിഴ്സെൽവൻ എന്നീ എം എൽ എമാർ ദിനകരനു പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേസമയം തീരുമാനത്തിന്‌ മുഴുവൻ എം എൽ എമാരുടെയും പിന്തുണയുണ്ടെന്നാണ്‌ അവകാശവാദമെങ്കിലും ഇരുപതോളം പേർ ഇപ്പോഴും ശശികലയെ പിന്തുണക്കുന്നതായാണു സൂചന.

  Categories:
view more articles

About Article Author