ചുട്ടിപ്പാറയിൽ വരൂ, പത്തനംതിട്ടയുടെ മനോഹാരിത കണ്ടു മടങ്ങാം

ചുട്ടിപ്പാറയിൽ വരൂ, പത്തനംതിട്ടയുടെ മനോഹാരിത കണ്ടു മടങ്ങാം
November 07 04:55 2016

സിജു സാമുവേൽ
പത്തനംതിട്ട: പത്തനംതിട്ടയിലേക്ക്‌ ഒന്നുവരൂ… ചുട്ടിപ്പാറയിൽ കയറി നഗരത്തിന്റെ മനോഹാരിത കൺകുളിർക്കെ കണ്ടു മടങ്ങാം. നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ചുട്ടിപ്പാറ സഞ്ചാരികൾക്ക്‌ കാഴ്ചയുടെ വിസ്മയമാണ്‌ തീർക്കുന്നത്‌.
സമുദ്രനിരപ്പിൽ നിന്ന്‌ 200 അടി ഉയരത്തിൽ കണ്ണങ്കരയിലാണ്‌ ചുട്ടിപ്പാറ സ്ഥിതി ചെയ്യുന്നത്‌. തിരുവല്ല – കുമ്പഴ സംസ്ഥാനപാതയിൽ നിന്ന്‌ ചുട്ടിപ്പാറയുടെ മുകളിലേക്കെത്താം. പാറയുടെ മുകളിലെത്തിയാൽ പത്തനംതിട്ട നഗരത്തിലെ ദൃശ്യങ്ങൾ കാണാം. ചുട്ടിപ്പാറയുടെ സമീപത്തുകൂടി വളഞ്ഞുപുളഞ്ഞ്‌ മനോഹരമായി ഒഴുകുന്ന അച്ചൻകോവിലാർ സഞ്ചാരികളുടെ മനസ്സിന്‌ കുളിർമയുള്ള കാഴ്ച്ചയാണ്‌. നഗരത്തിനു ചുറ്റുമായി നിർമ്മിച്ച റിംഗ്‌ റോഡും, ഇവിടെ തണൽവിരിച്ചു നിൽക്കുന്ന മരങ്ങളും കാഴ്ചയ്ക്ക്‌ കൗതുകകരമാണ്‌.
പുൽമേടുകളും ഒറ്റപ്പെട്ട മരങ്ങളും ചുട്ടിപ്പാറയെ ഹരിതാഭമാക്കുന്നു. നീർച്ചാലുകളും പാറക്കൂട്ടങ്ങൾക്കിടയിലെ വെള്ളക്കെട്ടുകളും കൂടുതൽ ദൃശ്യഭംഗി ഒരുക്കുന്നു. ഇത്‌ വെറുമൊരു പാറക്കൂട്ടം മാത്രമല്ല. കാഴ്ചകൾക്കപ്പുറം ചുട്ടിപ്പാറയിൽ വിശ്വാസങ്ങളും പൈതൃകങ്ങളും ഉറങ്ങുന്നുണ്ട്‌. അതിനു തെളിവാണ്‌ ഇവിടെയുള്ള ഹരിഹരമഹാദേവക്ഷേത്രം. പണ്ട്‌ വനവാസകാലത്ത്‌ ശ്രീരാമനും സീതയും ഇവിടെ വന്നിരുന്നുവെന്നാണ്‌ ഐതിഹ്യം. ഇവിടുത്തെ ചേലവിരിച്ച പാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിവയ്ക്കും രാമായണ കഥകളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുണ്ട്‌. പച്ചപ്പു പുതച്ചു കിടക്കുന്നതിനാലാണ്‌ ചേലവിരിച്ച പാറ എന്ന പേരു കിട്ടിയതെന്നു പറയപ്പെടുന്നു. എന്നാൽ സീത തന്റെ ചേല ഇവിടെയാണ്‌ ഉണക്കാൻ വിരിച്ചിട്ടതെന്നും അതിനാലാണ്‌ ഈ പേരു കിട്ടിയതെന്നും മറ്റൊരു പുരാവൃത്തവും നിലവിലുണ്ട്‌. കാറ്റാടിപ്പാറ, പേരു പോലെ തന്നെ ഇവിടെ നല്ല കാറ്റുമുണ്ട്‌. വായുപുത്രനായ ഹനുമാൻ ഇവിടെയാണ്‌ വിശ്രമിച്ചിരുന്നതെന്നും അതിനാലാണ്‌ കാറ്റിന്റെ സ്വാധീനമെന്നും കഥയുണ്ട്‌. ഈ പാറയ്ക്ക്‌ ഹനുമാൻപാറയെന്നും പറയുന്നു. പുലിപ്പാറയിൽ ഒരു ഗുഹയും കാണാനാകും.

  Categories:
view more articles

About Article Author