ചെന്നൈ, രാജസ്ഥാൻ- സ്വാഗതം ചെയ്ത് ബിസിസിഐ: ആഘോഷമാക്കി ധോണി
ന്യൂഡൽഹി: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുൻ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്ങ്സും ഐപിഎല്ലിൽ തിരിച്ചെത്തുന്നു.
സുപ്രീം കോടതിയുടെ വിലക്ക് അവസാനിച്ച ഇരുടീമുകളെയും ബിസിസിഐ ഐപിഎല്ലിലേക്ക് സ്വാഗതം ചെയ്തു. ഇതോടെ എം എസ് ധോണി വീണ്ടും ക്യാപ്റ്റനായി തിരിച്ചെത്താനുള്ള വഴി തുറക്കുകയും ചെയ്തു.
ഒത്തുകളി ആരോപണം തെളിഞ്ഞതിനെ തുടർന്നാണ് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിങ്ങ്സിനെയും സുപ്രീം കോടതി ഐപിഎല്ലിൽ നിന്ന് രണ്ടുവർഷത്തേക്ക് വിലക്കിയത്. രാജസ്ഥാനും ചെന്നൈയും തിരിച്ചെത്തുന്നതോടെ പൂനെ, ഗുജറാത്ത് ടീമുകൾ ഇല്ലാതാവും. ചെന്നൈ സൂപ്പർ കിങ്ങ്സും രാജസ്ഥാൻ റോയൽസും ഐപിഎല്ലിൽ തിരിച്ചെത്തുന്നതോടെ മത്സരങ്ങളുടെ ആവേശം കൂടുമെന്ന ബിസിസിഐ താൽക്കാലിക പ്രസിഡന്റ് ഖാന്ന പറഞ്ഞു
ആഘോഷമാക്കി ധോണി
ചെന്നൈ: ചെന്നൈ സൂപ്പർകിങ്ങ്സിന്റെ മടങ്ങിവരവ് ആഘോഷമാക്കി ധോണിയും ആരാധകരും. എംഎസ് ധോണി തന്റെ ട്വിറ്ററിൽ പങ്കുവച്ച ഫോട്ടോ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.
തല എന്ന് എഴുതിയ ഏഴാം നമ്പർ ജഴ്സി അണിഞ്ഞുള്ള ഫോട്ടോയാണ് ധോണി ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ മടങ്ങിവരവിന്റെ ഭാഗമായി പോസ്റ്റ് ചെയ്തത്. സിഎസ്കെയുടെ മഞ്ഞനിറത്തിലുള്ള ഹെൽമറ്റ് ധരിച്ച ചിത്രം ധോണിയുടെ ഭാര്യ സാക്ഷിയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധോണി അടക്കംചെന്നൈയിൽ ഉണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകളുള്ളത്. ഇക്കാര്യം ടീം മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.