ചെറുകുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ വയോജനങ്ങള്‍ക്ക് അവഗണന: മന്ത്രി പി തിലോത്തമന്‍

June 16 01:58 2017

 

ചേര്‍ത്തല: കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് സമൂഹം ചെറുകുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ വയോജനങ്ങള്‍ അവഗണിക്കപ്പെട്ടെന്നും കടുത്ത ചൂഷണത്തിന് വിധേകരാകുന്നെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കേരള സാമൂഹിക സുരക്ഷ മിഷന്‍ ചേര്‍ത്തല വി ടി എം എം ഹാളില്‍ ലോക വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഏറ്റവും പ്രായംകൂടിയ ആളാണ് എല്ലാകാര്യങ്ങളും നോക്കി നടത്തുക. അവര്‍ക്ക് മുഖ്യസ്ഥാനമുണ്ടായിരുന്നു. എന്നാല്‍ ചെറുകുടുംബ വ്യവസ്ഥ വന്നപ്പോള്‍ വയോജനങ്ങള്‍ എവിടെയും അവഗണിക്കപ്പെട്ടു. അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടുന്ന പ്രയാസകരമായ സ്ഥിതിയുണ്ട്. പൊന്നുപോലെ നോക്കി വളര്‍ത്തിയാലും മക്കള്‍ സുഖാന്വേഷണത്തിനിടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. വയോജനസംരക്ഷണത്തിന് നിയമങ്ങളുണ്ട്. ജീവിതസായാഹ്നത്തില്‍ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്-മന്ത്രി പറഞ്ഞു. ചേര്‍ത്തല നഗരസഭാധ്യക്ഷന്‍ ഐസക് മാടവന ആധ്യക്ഷ്യം വഹിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ ജി സെബാസ്റ്റിയന്‍, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം, നഗരസഭാംഗങ്ങളായ അഡ്വ. പി ഉണ്ണികൃഷ്ണന്‍, ഭാസി, മുരളി, എസ് ഐ ഡി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സി ജിന്‍സി, അഡ്വ. കെ പി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് ഐ. ടി ടി ഷാന്‍കുമാര്‍, അഡ്വ. എന്‍ വി ഷാനു എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

  Categories:
view more articles

About Article Author