ചെറുവിമാനങ്ങൾ പറത്തിയും ലഗേജ്‌ വെട്ടിക്കുറച്ചും പ്രവാസികളെ എയർ ഇന്ത്യ പിഴിയുന്നു

ചെറുവിമാനങ്ങൾ പറത്തിയും ലഗേജ്‌ വെട്ടിക്കുറച്ചും പ്രവാസികളെ എയർ ഇന്ത്യ പിഴിയുന്നു
May 19 03:50 2017

എയർ ഇന്ത്യയുടെ വേനൽക്കൊള്ള

പ്രത്യേക ലേഖകൻ
ദുബായ്‌: ഗൾഫ്‌ കൊടും ചൂടിൽ കത്തിക്കാളുകയും നാട്ടിൽ മധ്യവേനലവധിക്കാലമാവുകയും ചെയ്തതോടെ കേരളത്തിലേയ്ക്കൊഴുകുന്ന പ്രവാസികളെ കൊള്ളയടിക്കാൻ എയർ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികൾ പുതിയ തന്ത്രങ്ങൾ മെനയുന്നു.
കേരള സെക്ടറിലേക്ക്‌ കൂടുതൽ വിമാനസർവീസുകൾ നടത്താമെന്ന്‌ കേന്ദ്ര സിവിൽ വ്യോമയാന വകുപ്പും ഇരുപതോളം ഇന്ത്യൻ വിമാനക്കമ്പനികളും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ ഉറപ്പിനിടെയാണ്‌ പ്രവാസികളെ പിഴിയാനുള്ള പുതിയ തന്ത്രങ്ങൾ നടപ്പാക്കിയിരിക്കുന്നത്‌. കൃത്രിമമായി യാത്രാക്ലേശം സൃഷ്ടിച്ച്‌ യാത്രക്കൂലി വർധിപ്പിക്കുന്ന ആകാശ കൊള്ളതന്ത്രം എയർ ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ നടപ്പാക്കുന്നത്‌ നേരത്തേ ‘ജനയുഗം’ പറത്തുകൊണ്ടുവന്നിരുന്നു. ഇന്ത്യയ്ക്ക്‌ പ്രതിവാരം അനുവദിച്ച 1.35 ലക്ഷം സീറ്റുകളിൽ 35,432 സീറ്റുകളിലും സർവീസ്‌ നടത്താതെ തിരക്ക്‌ വർധിച്ച്‌ നിരക്ക്‌ വർധിപ്പിക്കുന്ന അടവാണ്‌ ഇപ്പോൾ നടപ്പാക്കുന്നത്‌.
പ്രതിവാരം ദുബായ്‌ 65,200, അബുദാബി 50,000, ഷാർജ 17,841, റാസൽഖൈമ 1400 എന്നിങ്ങനെ യുഎഇ മേഖലയിൽ നിന്നുമാത്രമുള്ള 35,000 സീറ്റുകളിലാണ്‌ സർവീസ്‌ നടത്താതെ കൃത്രിമമായ തിരക്കു സൃഷ്ടിക്കുന്ന കുതന്ത്രം. ലോകത്ത്‌ ഏറ്റവും കൂടുതൽ മലയാളികൾ പണിയെടുക്കുന്ന സൗദി അറേബ്യയിൽ നിന്നു മാത്രം ആഴ്ചയിലൊരിക്കൽ സർവീസ്‌ നടത്താതെ പാഴാക്കുന്നത്‌ മുപ്പതിനായിരത്തിലേറെ സീറ്റുകൾ എന്ന്‌ എയർ ഇന്ത്യാ അധികൃതരും ട്രാവൽ ഏജൻസികളും വെളിപ്പെടുത്തുന്നു. ബഹ്‌റൈൻ, കുവൈറ്റ്‌, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി പ്രവാസികളെയും ഇപ്രകാരം കൃത്രിമ സീറ്റുക്ഷാമം സൃഷ്ടിച്ചുകൊള്ളയടിക്കുന്നു. ഇപ്രകാരം, പ്രതിവാരം നഷ്ടപ്പെടുത്തുന്ന ഗൾഫ്‌ സെക്ടറിലെ ഒരു ലക്ഷത്തോളം സീറ്റുകൾക്കാവശ്യമായ സർവീസുകൾ കൂടി നടത്തിയാൽ യാത്രാദുരിതത്തിന്‌ മിക്കവാറും പൂർണമായി വിരാമമിടാവുന്നതേയുള്ളു.
വിമാനക്കൂലി വർധിപ്പിക്കാൻ കൃത്രിമസീറ്റുക്ഷാമമുണ്ടാക്കുന്ന ഈ തന്ത്രത്തിനു സമാന്തരമായി പുതിയൊരു തന്ത്രം കൂടി എയർ ഇന്ത്യയുടെ കാർമികത്വത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ പയറ്റിത്തുടങ്ങി.
കൂറ്റൻ ബോയിങ്‌ 777 വിമാനങ്ങൾക്കു പകരം ബോയിങ്‌ 315 ശ്രേണിയിലെ ചെറു വിമാനങ്ങൾ സർവീസ്‌ നടത്തിയും രണ്ടു മാസത്തേക്ക്‌ പ്രഖ്യാപിച്ച ലഗേജ്‌ ഇളവുകൾ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ വെട്ടിക്കുറച്ചും ടിക്കറ്റ്‌ ക്ഷാമം രൂക്ഷമാക്കി യാത്രാനിരക്ക്‌ കൂട്ടിക്കൊണ്ടുള്ള ഉത്തരവ്‌ സൗദി അറേബ്യയിലെ എയർ ഇന്ത്യ റീജിയണൽ മാനേജർ കന്ദൻലാൽ ഗദ്വാസ്‌ ഗൾഫിലെ ട്രാവൽ ഏജൻസികളെ ഇന്നലെ അറിയിച്ചു. ഗൾഫിലുടനീളം എയർ ഇന്ത്യയും മറ്റ്‌ വിമാനക്കമ്പനികളും ഈ ‘ചെറുവിമാനതന്ത്രം’ പയറ്റിത്തുടങ്ങി.
ബോയിങ്‌ 777 ൽ 315 പേർക്ക്‌ സഞ്ചരിക്കാം. എ 320 വിമാനത്തിൽ 140 പേർക്കേ യാത്ര ചെയ്യാനാവൂ. സൗദിയിലെ റിയാദ്‌ മേഖലയിൽ നിന്ന്‌ എയർ ഇന്ത്യ മാത്രം 32 സർവീസുകൾ നടത്തുന്നു. ഒരു ദിവസം 5000 പേർ കേരളത്തിലെത്തുന്നത്‌ കുഞ്ഞൻ വിമാനങ്ങളിലൂടെ യാത്രക്കാരുടെ എണ്ണം പകുതിയാക്കി കൃത്രിമമായി തിരക്കുകൂട്ടിയിരിക്കുന്നു. ഒപ്പം തിരക്കു തട്ടിപ്പിന്റെ മറവിൽ വിമാനക്കൂലിയും വർധിപ്പിച്ചു. ദുബായ്‌, അബുദാബി, ഷാർജ, ബഹ്‌റൈൻ, കുവൈറ്റ്‌, ഖത്തർ എന്നിവിടങ്ങളിലും ഈ പുതിയ തന്ത്രം നടപ്പാക്കി തുടങ്ങി. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത്‌ സിൻഹ വിളിച്ചുകൂട്ടിയ യോഗത്തിലാണ്‌ ഈ ചെറുവിമാനവും ബാഗേജ്‌ ഇളവുകൾ പിൻവലിക്കലും കരുപിടിപ്പിച്ചത്‌.
എട്ട്‌ ആഴ്ചത്തേക്ക്‌ പ്രഖ്യാപിച്ച ലഗേജ്‌ ഇളവുകൾ പൊടുന്നനെ വെട്ടിക്കുറച്ചത്‌ ചെറുവിമാനങ്ങൾ സർവീസ്‌ നടത്തുന്നതുകൊണ്ടാണെന്ന്‌ എയർ ഇന്ത്യ വിശദീകരിച്ചു. ഇക്കണോമി ക്ലാസിൽ 50 കിലോയും ബിസിനസ്‌ ക്ലാസിൽ 60 കിലോയും ഫസ്റ്റ്‌ ക്ലാസിൽ 70 കിലോയും ലഗേജ്‌ കൊണ്ടുപോകാനുള്ള ഇളവാണ്‌ പൊടുന്നനെ 30 കിലോ ആയി വെട്ടിക്കുറച്ചത്‌.

view more articles

About Article Author