ചേരക്കോഴി

ചേരക്കോഴി
March 14 04:55 2017

വംശനാശം നേരിടുന്ന ചേരക്കോഴി പാമ്പിനോട്‌ രൂപസാദൃശ്യമുള്ള നീർപ്പക്ഷിയാണ്‌. മത്സ്യങ്ങൾ ധാരാളമുള്ള ഇടങ്ങളിൽ ഈ പക്ഷിയെ സർവസാധാരണമായി കാണാൻ കഴിയും. പരുന്തിന്റെ വലിപ്പവും ദേഹത്ത്‌ വെള്ളിനിറമുള്ള വരകളും കൂർത്ത നീണ്ട കൊക്കുമാണ്‌ ഇവയുടെ പ്രത്യേകത. ദേഹം കറുപ്പും തലയും കഴുത്തും തിളക്കമുള്ള തവിട്ടുനിറവുമാണ്‌.
മീൻ കൊത്തിയെപ്പോലെ വെള്ളത്തിലേയ്ക്ക്‌ ശരവേഗത്തിൽ ഊളിയിട്ടുപോയി മീനിനെ പിടിച്ചശേഷം മേലോട്ടെറിഞ്ഞ്‌ കൊക്കുകൊണ്ട്‌ കുത്തികൊന്ന ശേഷമാണ്‌ ഭക്ഷിക്കുക. ജലത്തിന്‌ പുറത്ത്‌ കൊക്കുമാത്രം കാണത്തക്കവിധത്തിൽ ഈ പക്ഷികൾ കായൽപരപ്പിലും ജലാശയങ്ങളിലും നീങ്ങുന്നതുകാണാം. 1987ൽ നടത്തിയ ജലപ്പക്ഷികളുടെ സെൻസസിൽ ചേരക്കോഴി വംശനാശഭീഷണി നേരിടുന്നതായി കണ്ടെത്തുകയുണ്ടായി.
ഇന്ത്യയിൽ ഇടുക്കി, വയനാട്‌, ഹൈദരാബാദ്‌ എന്നിവിടങ്ങളിലാണ്‌ ഇവ കൂടുതലായി കണ്ടുവരുന്നത്‌. കായലും തടാകങ്ങളും കടലോരവും ഇവയുടെ പ്രിയപ്പെട്ട വാസകേന്ദ്രങ്ങളാണ്‌. മുങ്ങാങ്കുഴിയിടാൻ പാകത്തിൽ കാല്‌ താറാവിനെപോലെ കുറുകിയതാണ്‌. തൂവലുകൾക്ക്‌ നനയാതിരിക്കാനുള്ള കഴിവില്ല. ജലത്തിലേയ്ക്ക്‌ ഊളിയിട്ടുപോകാനുള്ള സൗകര്യത്തിനാണ്‌ ചിറകുകൾ ഇത്തരത്തിലായത്‌. അതുകൊണ്ട്‌ തൂവലുകൾ ഉണക്കേണ്ടി വരുമെന്നതിനാൽ ചേരക്കോഴികൾ നീർക്കാക്കകളെപോലെ ചിറക്‌ വിരിച്ച്‌ കൂടെക്കൂടെ വെയിൽകായും.
ജലാശയത്തിന്‌ സമീപമുള്ള വൃക്ഷങ്ങളിലാണ്‌ ഇവ മുട്ടയിടുക. നീലയും പച്ചയും കലർന്ന നിറത്തിൽ ഗോളാകൃതിയിലുള്ള മുട്ടയുടെ വലിപ്പം 52 ഃ 33 മില്ലിമീറ്ററാണ്‌. ഒരു തവണ മൂന്നോ നാലോ മുട്ടകൾ ഇടും. കുഞ്ഞുങ്ങൾക്ക്‌ വെളുത്ത തൂവലുകളാണ്‌. കാഴ്ചയിൽ കൊക്കിന്റെ കുഞ്ഞുങ്ങളെപോലെയിരിക്കും.

  Categories:
view more articles

About Article Author