ചർച്ചകൾക്ക്‌ വഴിതുറന്ന്‌ കേരളനാടകം പ്രകാശിതമാകുന്നു

ചർച്ചകൾക്ക്‌ വഴിതുറന്ന്‌ കേരളനാടകം പ്രകാശിതമാകുന്നു
March 12 04:50 2017

മലപ്പുറം: ഹെർമൻ ഗുണ്ടർട്ട്‌ കേരളത്തിൽ നിന്നും ശേഖരിച്ച്‌ ജർമ്മനിയിൽ സൂക്ഷിച്ചിരുന്ന ‘കേരളനാടകം’ എന്ന അപൂർവ്വകൃതി ഗുണ്ടർട്ടിന്റെ കൈയക്ഷരത്തോടെ പ്രസിദ്ധീകരിക്കുന്നു. മലയാള സർവകലാശാലയാണ്‌ കേരളനാടകം വായനക്കാരുടെ കൈകളിലെത്തിക്കുന്നത്‌. സാഹിത്യ-ചരിത്ര വിദ്യാർഥികൾ പഠനങ്ങൾക്കായി അന്വേഷിച്ചുകൊണ്ടിരുന്ന കൃതിയെക്കുറിച്ച്‌ പല ഗ്രന്ഥങ്ങളിലും പരാമർശമുണ്ടെങ്കിലും കേരളത്തിൽ ഒരിടത്തും ഇത്‌ ലഭ്യമായിരുന്നില്ല. മലയാളസർവകലാശാല 2015ൽ ജർമ്മനിയിലെ ട്യൂബിംഗൻ സർവകലാശാലയിൽ ഗുണ്ടർട്ട്‌ ചെയർ സ്ഥാപിച്ചതിനെതുടർന്നുള്ള പ്രവർത്തനങ്ങളാണ്‌ കേരളനാടകത്തിന്റെ കയ്യെഴുത്ത്‌ പ്രതി കണ്ടെത്താൻ സഹായകമായത്‌.
എഴുത്തച്ഛൻ കൃതിയാണെന്ന്‌ കരുതിയിരുന്ന കേരളനാടകത്തിന്റെ പ്രസിദ്ധീകരണം മലയാളസാഹിത്യരംഗത്തും അക്കാദമിക മേഖലയിലും പുതിയ അന്വേഷണങ്ങൾക്ക്‌ വഴിതുറക്കുമെന്നാണ്‌ കരുതുന്നത്‌. ‘കേരളോൽപത്തി’യുടെ പാഠഭേദമായ കൃതി ഗുണ്ടർട്ട്‌ തന്നെ എഴുതിയതാകാമെന്ന നിഗമനം മുന്നോട്ട്‌ വച്ചുകൊണ്ടാണ്‌ സർവ്വകലാശാല ഇപ്പോൾ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്‌. ഉള്ളൂർ അടക്കമുള്ള സാഹിത്യ ചരിത്രകാരൻമാർ കേരളനാടകത്തെക്കുറിച്ച്‌ പരാമർശിക്കുകയും രാജ്യതാൽപര്യത്തിനായി പുസ്തകം കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്ന്‌ പ്രത്യാശിക്കുകയും ചെയ്തിരുന്നുവെങ്കിലും പരിശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. വൈസ്‌ ചാൻസലർ കെ ജയകുമാർ ട്യൂബിംഗൻ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. ബെർണ്ണ്ട്‌ എങ്ക്ലറുമായി നടത്തിയ ചർച്ചകളെ തുടർന്നാണ്‌ പുസ്തകം ലഭിക്കാനുള്ള വഴി തുറന്നത്‌. ഗുണ്ടർട്ട്‌ ചെയറിൽ വിസിറ്റിംഗ്‌ അക്കാദമിക്കും കലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം മേധാവിയുമായ പ്രൊഫ. എം ശ്രീനാഥൻ ഇക്കഴിഞ്ഞ ജൂണിൽ ജർമ്മനി സന്ദർശിച്ച്‌ ഗ്രന്ഥം പകർത്തിയെഴുതി എഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരണ സജ്ജമാക്കി. ഇതിന്റെ മുന്നോടിയായി എം ജി എസ്‌ നാരായണൻ, ഡോ. ടി ബി വേണുഗോപാലപണിക്കർ, എം ആർ രാഘവവാര്യർ, സി രാധാകൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതി രൂപീകരിച്ച്‌ പുസ്തക പ്രസാധനത്തെക്കുറിച്ച്‌ ചർച്ച നടത്തി. ഗുണ്ടർട്ട്‌ രേഖാലയപരമ്പര പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണ്ടർട്ടിന്റെ ജർമ്മൻ ശേഖരത്തിലുള്ള ‘നളചരിതം മണിപ്രവാളം’, ‘കൃഷിപ്പാട്ട്‌, തുടങ്ങിയ മറ്റ്‌ കൃതികളും പ്രസിദ്ധീകരിക്കാൻ കലാശാലയ്ക്ക്‌ പദ്ധതിയുണ്ട്‌.
പുസ്തകത്തിന്റെ പ്രകാശനം മാർച്ച്‌ 15ന്‌ 5.30 മണിക്ക്‌ കോഴിക്കോട്‌ അളകാപുരി ഓഡിറ്റോറിയത്തിൽ ഡോ. കെ എൻ ഗണേഷ്‌ നിർവ്വഹിക്കും. വൈസ്‌ ചാൻസലർ കെ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രജിസ്ട്രാർ ഡോ. കെ എം ഭരതൻ, പുസ്തകത്തിന്റെ എഡിറ്ററും അക്കാദമിക്‌ ഡീനുമായ പ്രൊഫ. എം ശ്രീനാഥൻ, എൻ പി ഹാഫിസ്‌ മുഹമ്മദ്‌, എം സി വസിഷ്ഠ്‌, വിദ്യാർഥി യൂണിയൻ ചെയർമാൻ പി കെ സുജിത്ത്‌ എന്നിവർ സംസാരിക്കും.

  Categories:
view more articles

About Article Author