ജഡ്ജിമാരുടെ കുറവ്‌ സുപ്രിം കോടതിയുടെ കാര്യക്ഷമതയെ ബാധിച്ചു: ചീഫ്‌ ജസ്റ്റിസ്‌

ജഡ്ജിമാരുടെ കുറവ്‌ സുപ്രിം കോടതിയുടെ കാര്യക്ഷമതയെ ബാധിച്ചു: ചീഫ്‌ ജസ്റ്റിസ്‌
January 12 04:45 2017

ന്യൂഡൽഹി: ആവശ്യത്തിന്‌ ജഡ്ജിമാരെ നിയമിക്കാത്തത്‌ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ടെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖേഹാർ അഭിപ്രായപ്പെട്ടു.
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട്‌ മുൻ ചീഫ്‌ ജസ്റ്റിസ്‌ ടി എസ്‌ ഠാക്കൂറിന്‌ പിന്നാലെ ശക്തമായാണ്‌ കേന്ദ്രസർക്കാർ നിലപാടിനെതിരെ പുതിയ ചീഫ്‌ ജസ്റ്റിസും രംഗത്തെത്തിയിരിക്കുന്നത്‌. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ വാദം കേൾക്കുന്നതിനിടെയാണ്‌ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.
ജഡ്ജിമാരുടെ ഒഴിവുകൾ സുപ്രിം കോടതിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. 31 ജഡ്ജിമാർ വേണ്ടിടത്ത്‌ 23 പേർ മാത്രമാണ്‌ നിലവിൽ സുപ്രിം കോടതിയിൽ ഉള്ളത്‌. എട്ടു ജഡ്ജിമാരുടെ ഒഴിവാണ്‌ കോടതിയിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജഡ്ജിമാരുടെ അഭാവം കോടതിയുടെ സുഗമമായ പ്രവർത്തനത്തിന്‌ തടസ്സമാകുന്നെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്ഥാനമൊഴിഞ്ഞ സുപ്രിം കോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌ ടി എസ്‌ ഠാക്കൂറും ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിന പരിപാടിയിൽ അഭിഭാഷകരെ അഭിസംബോധ ചെയ്ത്‌ സംസാരിക്കുന്നതിനിടെ ജഡ്ജിമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ കാണിക്കുന്ന വിമുഖതയ്ക്കെതിരെ ശക്തമായ ഭാഷയിലാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്‌ പങ്കെടുത്ത വേദിയിൽ ആയിരുന്നു ഠാക്കൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നത്‌. തുടർന്ന്‌ ഇതുമായി ബന്ധപ്പെട്ട്‌ നിയമമന്ത്രിയും, ചീഫ്‌ ജസ്റ്റിസും തമ്മിൽ പരസ്പരം പ്രസ്താവനകളിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ജനകീയനായ പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂർ നീണ്ട സ്വാതന്ത്ര്യദിന പ്രഭാഷണം താൻ കേട്ടു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ജഡ്ജിമാരുടെ നിയമനത്തെ കുറിച്ച്‌ എന്തെങ്കിലും പറയുമെന്ന്‌ താൻ പ്രതീക്ഷിച്ചിരുന്നു, എന്നാൽ, അതുണ്ടായില്ലെന്നായിരുന്നുവെന്നാണ്‌ ഠാക്കൂർ തന്റെ പ്രഭാഷണത്തിൽ പറഞ്ഞിരുന്നത്‌. ഹൈക്കോടതികളിൽ 500 ജഡ്ജിമാരുടെ ഒഴിവുകളാണ്‌ നികത്താതെ കിടക്കുന്നതെന്നും കോടതികളിൽ മതിയായ അടിസ്ഥാന സൗകര്യം നൽകാനോ ഒഴിവുകൾ നികത്താനോ ഉള്ള യാതൊരു താൽപര്യവും കേന്ദ്ര സർക്കാരിനില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

  Categories:
view more articles

About Article Author