ജഡ്ജിമാരുടെ നിയമനത്തിന്‌ ഏകീകൃത പൊതുപരീക്ഷ

ജഡ്ജിമാരുടെ നിയമനത്തിന്‌ ഏകീകൃത പൊതുപരീക്ഷ
May 19 04:45 2017

ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരുടേയും മജിസ്ട്രേറ്റുമാരുടേയും നിയമനത്തിന്‌ നീറ്റ്‌ മാതൃകയിൽ ഏകീകൃത പൊതുപരീക്ഷ നടപ്പാക്കുന്നത്‌ പരിഗണിക്കാൻ തത്വത്തിൽ സുപ്രിം കോടതി തീരുമാനിച്ചു. ഇക്കാര്യത്തിൽ സുപ്രിം കോടതി സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും നിർദേശങ്ങൾ തേടി. സ്വജനപക്ഷപാതിത്വവും ബന്ധുനിയമനവും തടയാൻ ഇത്‌ സഹായകമാകുമെന്നാണ്‌ സുപ്രിം കോടതിയുടെ വിലയിരുത്തൽ.
ജഡ്ജിമാരുടെ നിയമനത്തിൽ സ്വജനപക്ഷപാതവും ബന്ധുനിയമനവും ഇല്ലാതാക്കാൻ ഏകജാലകസംവിധാനം കൊണ്ടുവരുന്നത്‌ പരിഗണിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ കത്ത്‌ സ്വമേധയ ഹർജിയായി പരിഗണിച്ചാണ്‌ സുപ്രിംകോടതി നടപടി. നീറ്റ്‌ മാതൃകയിൽ ഏകീകൃത പൊതുപരീക്ഷ കേന്ദ്ര ഏജൻസിയുടെ കീഴിൽ നടത്തുന്നത്‌ പരിഗണിക്കാനാണ്‌ ഇപ്പോൾ തത്വത്തിൽ സുപ്രിം കോടതി തീരുമാനിച്ചത്‌. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും നിർദേശങ്ങൾ കോടതി ആരാഞ്ഞു. തെരഞ്ഞെടുപ്പിന്‌ കേന്ദ്രീകൃത സംവിധാനമാണെങ്കിലും നിയമനം നടത്തേണ്ടത്‌ സംസ്ഥാനങ്ങളാണ്‌.
നിയമനങ്ങൾക്കായി ആൾ ഇന്ത്യ ജുഡീഷ്യൽ സർവ്വീസസിന്‌ നിയമകമ്മിഷനുകളടക്കം നിർദേശിച്ചിരുന്നുവെങ്കിലും സംസ്ഥാനങ്ങളുടേയും ഹൈക്കോടതികളുടേയും എതിർപ്പിനെ തുടർന്ന്‌ നടപ്പിലായില്ല. 2016 ജൂൺ വരെ രാജ്യത്തെ 21,320 കീഴ്കോടതികളിൽ 4937ജഡ്ജിമാരുടെ ഒഴിവുകളുണ്ട്‌. 2.8 കോടി കേസുകൾ കീഴ്കോടതികളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ജൂലൈ 10 ന്‌ ഹർജി വീണ്ടും പരിഗണിക്കുമ്പോഴേക്കും നിർദേശങ്ങൾ അറിയിക്കാനാണ്‌ സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.

  Categories:
view more articles

About Article Author