ജഡ്ജി നിയമനസംവിധാനം ഇനിയെങ്കിലും മാറ്റരുതോ?

ജഡ്ജി നിയമനസംവിധാനം ഇനിയെങ്കിലും മാറ്റരുതോ?
May 12 04:55 2017

കെ പ്രകാശ്ബാബു
ജസ്റ്റിസ്‌ സി എസ്‌ കർണൻ എന്ന ന്യായാധിപനെ ആറുമാസത്തെ തടവിന്‌ സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ച്‌ വിധിച്ചിരിക്കുന്നു. ജസ്റ്റിസ്‌ കർണനെ അറസ്റ്റു ചെയ്യാനും കൽക്കട്ട പൊലീസിനു നിർദ്ദേശം നൽകി സുപ്രിംകോടതി ഉത്തരവായി. എട്ടുവർഷം മദ്രാസ്‌ ഹൈക്കോടതിയിൽ ജഡ്ജിയായും ഇപ്പോൾ കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായും സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപന്റെ മാനസികനില പരിശോധിക്കാനും സുപ്രിം കോടതി ഒരാഴ്ചയ്ക്കു മുൻപ്‌ ഉത്തരവിട്ടിരുന്നു.
സുപ്രിം കോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും പല ജഡ്ജിമാരും (ഇത്രയും വരില്ലായെങ്കിലും) സ്വന്തം നിലവിട്ടു പെരുമാറിയ ഒട്ടനവധി സംഭവങ്ങൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്‌. എവിടെയാണ്‌ അടിസ്ഥാനപരമായ തകരാർ സംഭവിച്ചിട്ടുള്ളത്‌ എന്നതും ജഡ്ജിമാരുടെ നിയമനരീതിയും ഗൗരവമായി പൊതുസമൂഹം ചർച്ച ചെയ്യേണ്ടുന്നതാണ്‌.
ഇന്ത്യൻ ഭരണഘടനയുടെ, ആർട്ടിക്കിൾ 124(2) സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ചും ആർട്ടിക്കിൾ 217 (1) ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ചും പ്രതിപാദിക്കുന്നു. സുപ്രിം കോടതി ജഡ്ജിമാരെ നിയമിക്കുന്നത്‌ പ്രസിഡന്റിനു യുക്തമെന്നു തോന്നുന്ന സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുമായി ചർച്ച ചെയ്തുവേണം എന്നതാണ്‌ 124 (2) വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതിനെക്കുറിച്ച്‌ 217 (1) വ്യവസ്ഥ ചെയ്യുന്നത്‌ ഹൈക്കോടതിയിലെ ഓരോ ജഡ്ജിമാരെയും പ്രസിഡന്റ്‌ നിയമിക്കുന്നത്‌ ഇന്ത്യൻ ചീഫ്‌ ജസ്റ്റിസുമായും, സംസ്ഥാന ഗവർണറുമായും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമായും ചർച്ച ചെയ്തതിനുശേഷം ആയിരിക്കണമെന്നതാണ്‌. എന്നാൽ ജഡ്ജിമാരുടെ നിയമനം എക്സിക്യൂട്ടീവിന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത്‌ സ്വന്തം അക്കൗണ്ടിലാക്കി നടത്തുകയാണ്‌ ഇപ്പോൾ കൊളീജിയം സംവിധാനത്തിലൂടെ ജുഡീഷ്യറി ചെയ്തുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുമാത്രമാണ്‌ സി എസ്‌ കർണനെ പോലുള്ള ജഡ്ജിമാരുണ്ടാകുന്നത്‌ എന്ന അഭിപ്രായമല്ല ഇവിടെ പങ്കുവയ്ക്കുന്നത്‌.
ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രഗവൺമെന്റു കൊണ്ടുവന്ന “ദേശീയ ജുഡിഷ്യൽ നിയമന കമ്മിഷൻ” ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു കൊണ്ടാണ്‌ സുപ്രിംകോടതി 2015 ഒക്ടോബറിൽ ആ നിയമം റദ്ദ്‌ ചെയ്തത്‌.
1993 വരെയും ജഡ്ജിമാരുടെ നിയമനം ഭരണഘടനാനുസൃതമായി എക്സിക്യൂട്ടീവ്‌ നടത്തിക്കൊണ്ടിരുന്നതാണ്‌. അപ്പോഴും അപാകതകളും ആശ്രയത്വങ്ങളും ഉണ്ടായിട്ടുണ്ട്‌ എന്നതിൽ തർക്കമില്ല. എങ്കിലും ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്നു എന്ന അഭംഗി ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കേവലം അഭംഗിയില്ല മറിച്ച്‌ പലപ്പോഴും തന്നിഷ്ടം പൊന്നിഷ്ടമായി മാറുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌.
ഒന്നാം ജഡ്ജസ്‌ കേസായ 1982 ലെ എസ്‌ പി ഗുപ്താ കേസിൽ ജ്സറ്റിസ്‌ പി എൻ ഭഗവതിയുൾപ്പെടെയുള്ള നാല്‌ ജഡ്ജിമാർ “ജഡ്ജിമാരുടെ നിയമനത്തിലും ട്രാൻസ്ഫറിലും” ചീഫ്‌ ജസ്റ്റിസിന്റെ തീർപ്പ്‌ അന്തിമമല്ലായെന്ന്‌ വിധിച്ചു. അതാണ്‌ ചീഫ്‌ ജസ്റ്റിസിന്റെ തീർപ്പിനു പകരം ഓസ്ട്രേലിയായിലും ന്യൂസിലാന്റിലും മറ്റും ഉള്ളതുപോലെ ഒരു ജുഡീഷ്യൽ കമ്മീഷൻ എന്ന നിർദ്ദേശം മുന്നോട്ടു വച്ചത്‌. 1993 ലെ രണ്ടാം ജഡ്ജസ്‌ കേസിൽ പതിനൊന്നംഗ സുപ്രിം കോടതി ബഞ്ച്‌ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസും രണ്ട്‌ സീനിയർ ജഡ്ജിമാരും അടങ്ങുന്ന ‘കൊളീജിയം’ സംവിധാനം ജഡ്ജി നിയമനം നടത്തിയാൽ എക്സിക്യൂട്ടീവിന്റെ “ജഡ്ജി നിയമനത്തിലെ കൈകടത്തൽ” അവസാനിപ്പിക്കാൻ കഴിയുമെന്നഭിപ്രായപ്പെട്ടു. 1998 ൽ ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ ആർ നാരായണന്റെ റഫറൻസിൽ കൊളീജിയം സംവിധാനം തുടരണമെന്നത്‌ സംബന്ധിച്ചും ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെപ്പറ്റി സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. മൂന്നാം ജഡ്ജസ്‌ കേസ്‌ എന്നറിയപ്പെടുന്ന പ്രസിഡന്റിന്റെ റഫറൻസിലും കൊളീജിയത്തിന്റെ പ്രാമുഖ്യം ഉറപ്പിക്കുകയാണുണ്ടായത്‌.
പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്‌ ഏറെ ചർച്ചകൾക്ക്‌ ശേഷം ദേശീയ ലോ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ്‌ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ കമ്മിഷൻ പാർലമെന്റ്‌ ഐകകണ്ഠ്യേന പാസ്സാക്കിയതാണ്‌. കൊളീജിയം സംവിധാനത്തിലെ ഒട്ടനവധി അപരിഹാര്യമായ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ നിയമം പാർലമെന്റ്‌ ഏക മനസോടെ പാസാക്കിയത്‌. പക്ഷെ ആ നിയമം സുപ്രിംകോടതി റദ്ദു ചെയ്തു. കൊളീജിയം സംവിധാനം തുടരണമെന്നും കോടതി വിധിച്ചു.
2016 സെപ്തംബറിൽ സുപ്രിംകോടതിയിൽ നിന്നും റിട്ടയർ ചെയ്ത ജസ്റ്റിസ്‌ എ കെ പട്നായിക്‌ പറഞ്ഞത്‌ “നിരവധി യോഗ്യരായ ആളുകൾ തഴയപ്പെടുകയും സുപ്രിംകോടതിയുടെ കൊളീജിയത്തിലെ അംഗങ്ങൾക്ക്‌ താൽപ്പര്യമുള്ളയാളുകൾ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യാറുണ്ട്‌. ഇതിലൊന്നും ഒരു വസ്തുനിഷ്ഠ സെലക്ഷൻ ഇല്ലായെന്നു മാത്രമല്ല എന്തടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു എന്നോ എന്തടിസ്ഥാനത്തിൽ തഴയപ്പെട്ടെന്നോ ഉള്ളത്‌ രഹസ്യവുമാണ്‌ എന്നാണ്‌”. ഈ സാഹചര്യത്തിൽ ഈ സംവിധാനം എങ്ങനെ വിശ്വസനീയമായി തുടരാൻ കഴിയും എന്നത്‌ ഗൗരവമുള്ള വിഷയമാണ്‌.
സുപ്രിംകോടതി കൊളീജിയത്തിലെ അംഗമായിരുന്ന ജസ്റ്റിസ്‌ ചലമേശ്വർ ‘കൊളീജിയം സമ്പ്രദായം സുതാര്യമല്ലെന്നും തുടർന്ന്‌ കൊളീജിയം യോഗങ്ങളിൽ പങ്കെടുക്കുകയില്ലെന്നും’ പ്രഖ്യാപിക്കുകയുണ്ടായി. രണ്ടംഗങ്ങൾ മാത്രം ചേർന്ന്‌ ആരെയെല്ലാം സെലക്ട്‌ ചെയ്യണമെന്ന്‌ തീരുമാനിക്കുകയും കൊളീജിയം അതിനംഗീകാരം നൽകുകയുമാണ്‌ ചെയ്യുന്നത്‌ എന്നും ചീഫ്‌ ജസ്റ്റിസ്‌ ചലമേശ്വർ വെളിപ്പെടുത്തുകയുണ്ടായി.
കൊളീജിയം സംവിധാനം ജുഡിഷ്യറിയുടെ വിശ്വാസ്യതയെയും സുതാര്യതയെയും ചോദ്യം ചെയ്യുന്നുണ്ട്‌ എന്നുള്ളത്‌ സുപ്രിംകോടതി തന്നെ അംഗീകരിക്കുമ്പോഴും ആ സംവിധാനം അപാകതകൾ പരിഹരിച്ച്‌ തുടരണം എന്നഭിപ്രായമാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹാറിനുള്ളത്‌.
ഇവിടെയാണ്‌ പാർലമെന്റ്‌ പാസാക്കിയ നാഷണൽ ജുഡീഷ്യൽ കമ്മിഷന്റെ പ്രസക്തി. ചീഫ്‌ ജസ്റ്റിസ്‌ ഓഫ്‌ ഇന്ത്യ അധ്യക്ഷനായ ആറംഗ കമ്മിഷനാണ്‌ നിയമത്തിൽ പറഞ്ഞിട്ടുള്ളത്‌. മുതിർന്ന രണ്ട്‌ സുപ്രിംകോടതി ജഡ്ജിമാർ, കേന്ദ്ര നിയമ മന്ത്രി, രണ്ട്‌ പ്രധാന വ്യക്തികൾ എന്നിവരാണ്‌ അംഗങ്ങൾ. പ്രഗത്ഭ വ്യക്തികളെ കണ്ടുപിടിക്കുന്നതോ പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെടുന്ന സമിതി.
ജസ്റ്റിസ്‌ കർണനെപ്പോലെയുള്ള ‘മനോനില തെറ്റി’ യെന്ന്‌ ഇപ്പോൾ സുപ്രിംകോടതി പറയുന്നവരെ ഇനിയും ഉന്നത നീതിപീഠത്തിലെത്തിക്കാതിരിക്കണമെങ്കിൽ സുപ്രിംകോടതി റദ്ദുചെയ്ത ‘എൻജെഎസി നിയമം’ പുനർ വിചാരണ ഹർജി കൊടുത്തോ മറ്റു വ്യവസ്ഥാപിത മാർഗത്തിൽക്കൂടിയോ പുനഃസ്ഥാപിക്കുകയാണ്‌ ജുഡീഷ്യറിയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാൻ ഉചിതമായ മാർഗം.

  Categories:
view more articles

About Article Author