ജനസംഖ്യ വിസ്ഫോടനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഭീഷണി

ജനസംഖ്യ വിസ്ഫോടനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഭീഷണി
April 21 04:55 2017

2022-ൽ ഇന്ത്യ ജനസംഖ്യയിൽ ചൈനയെ പിന്നിലാക്കും

നന്തു ബാനർജി
ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയുടെ ജനസംഖ്യ 133,90,40, 095 ആണ്‌. ഈ വർഷം ഏപ്രിൽ 13-നാണ്‌ ഈ കണക്ക്‌ പുറത്തുവന്നത്‌. ഇത്‌ പ്രകാരം ചൈനയുടെ മൊത്തം ജനസംഖ്യയേക്കാൾ 47 ദശലക്ഷം മാത്രമാണ്‌ ഇന്ത്യയുടെ ജനസംഖ്യയിൽ കുറവുള്ളത്‌. ലോക ജനസംഖ്യയുടെ 17.8 ശതമാനം ഇന്ത്യയിലും 18.47 ശതമാനം ചൈനയിലുമാണെന്നാണ്‌ ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്‌. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ഇന്ത്യയുടെ ജനസംഖ്യാവർധന തോത്‌ 1.20 ശതമാനമാണ്‌. ചൈനയുടേത്‌ 0.54 ശതമാനവും. ചൈനയിൽ ഒരു കുടുംബത്തിന്‌ രണ്ട്‌ കുട്ടികൾ എന്ന നയവ്യതിയാനത്തിനുശേഷമുള്ള കണക്കുകളാണിത്‌. 2022 ആകുമ്പോഴേയ്ക്കും ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. ഇപ്പോഴത്തെ കണക്കുപ്രകാരം ലോക ജനസംഖ്യാതോതിൽ ചൈന ഒന്നാംസ്ഥാനത്തും ഇന്ത്യ രണ്ടാംസ്ഥാനത്തുമാണ്‌.
1947-ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ആകെ ജനസംഖ്യ 330 ദശലക്ഷമായിരുന്നു. 1968-ൽ വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അത്‌ 520 ദശലക്ഷമായി വർധിച്ചു. ആ സമയത്ത്‌ ഇന്ദിരാഗാന്ധിയായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി. ഇക്കാര്യം ബോധപൂർവം ഇന്ദിരാഗാന്ധി മറച്ചുവച്ചു. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത്‌ ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ്‌ ഗാന്ധി ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട്‌ അഞ്ചിന പരിപാടികൾക്ക്‌ രൂപം നൽകി. നിർബന്ധിത വന്ധ്യംകരണം ഉൾപ്പെടെയുള്ള പരിപാടികൾക്കാണ്‌ അന്ന്‌ തുടക്കമിട്ടത്‌. 1977-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിനുള്ള കാരണങ്ങളിലൊന്ന്‌ ഇതാണ്‌. അതിനുശേഷം വന്ന എല്ലാ സർക്കാരുകളും ജനന നിയന്ത്രണത്തിന്‌ ആത്മനിയന്ത്രണമാണ്‌ ആവശ്യമെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഇതിൽ നിന്ന്‌ വ്യത്യസ്തമായി, അസാമിലെ ബിജെപി മുഖ്യമന്ത്രി സർബാനന്ദ സോനോവൽ നിർബന്ധിത ജനസംഖ്യ നിയന്ത്രണത്തിനുള്ള നടപടികൾ കൊണ്ടുവരുമെന്ന്‌ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം ഉൾപ്പെടെയുള്ള കാരണങ്ങളുടെ ഫലമായി അസാമിൽ അഭൂതപൂർവമായ ജനസംഖ്യ വളർച്ചയാണ്‌ രേഖപ്പെടുത്തുന്നത്‌.
ജനസംഖ്യ വർധനവ്‌ മാത്രമല്ല, ദാരിദ്ര്യത്തിലുണ്ടാകുന്ന വളർച്ച, പോഷകാഹാരക്കുറവ്‌, സാമൂഹ്യസുരക്ഷ എന്നിവയൊക്കെത്തന്നെ ഏറെ ഉൽക്കണ്ഠയുളവാക്കുന്ന കാര്യങ്ങളാണ്‌. ഇന്ത്യയിൽ 300 മുതൽ 350 ദശലക്ഷം ഇടത്തരക്കാരുള്ളതായാണ്‌ കണക്ക്‌. പാവപ്പെട്ടവരുടെ എണ്ണവും മറ്റ്‌ ഏതുരാജ്യത്തേക്കാൾ കൂടുതലാണ്‌ ഇന്ത്യയിൽ. നിലവിലുള്ള കണക്കുകൾ പ്രകാരം 400 ദശലക്ഷത്തോളം പേർ പാവപ്പെട്ടവരാണ്‌. സ്വാതന്ത്ര്യം ലഭിക്കുമ്പോഴുണ്ടായിരുന്ന മൊത്തം ജനസംഖ്യയെക്കാൾ കൂടുതലാണിത്‌. മൊത്തം ആഭ്യന്തര ഉൽപ്പാദനതോതിന്റെ വർധനയാണ്‌ ഇടത്തരക്കാരുടെ എണ്ണം വർധിക്കാനുള്ള കാരണം. പാവപ്പെട്ടവർ, പട്ടിണിക്കാർ, പോഷകാഹാരം ലഭിക്കാത്തവർ, ശരിയായ വേതനം ലഭിക്കാത്തവർ, താൽക്കാലിക ജീവനക്കാർ, തൊഴിൽരഹിതർ എന്നിവരുടെ എണ്ണം കുറയുന്നതിനു പകരം ക്രമാതീതമായി കൂടുന്നു. ഭൂമിശാസ്ത്രപരമായ വ്യാപ്തി പ്രകാരം ലോകത്തിലേറ്റവും ജനനിബിഢമായ രാജ്യം ഇന്ത്യയാണ്‌. ഇന്ത്യയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 452 ആണ്‌. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതി 29,72,892 ചതുരശ്ര കിലോമീറ്ററാണ്‌. ചൈനയുടെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന്‌ മാത്രം. ചൈനയുടെ മൊത്തം ഭൂവിസ്തൃതി 93,90,784 ചതുരശ്ര കിലോമീറ്ററും ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 148-മാണ്‌.
നഗരപ്രദേശങ്ങളിലെ ജനസംഖ്യയുടെ തോത്‌ ഇന്ത്യയിൽ ചൈനയെ അപേക്ഷിച്ച്‌ കുറവാണ്‌. ചൈനയിൽ നഗരപ്രദേശത്തെ ജനസംഖ്യാതോത്‌ 51.1 ശതമാനമാണ്‌. ഇന്ത്യയിലിത്‌ 32.8 ശതമാനമാണ്‌. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ നിന്ന്‌ ജോലിതേടി യുവാക്കൾ ഉൾപ്പെടെ നഗരങ്ങളിലേയ്ക്ക്‌ കുടിയേറുന്നതുകൊണ്ടുതന്നെ നഗരപ്രദേശത്ത്‌ ജനസംഖ്യ വർധിക്കാനാണ്‌ സാധ്യത. കൂടാതെ കാർഷിക മേഖലയിൽ നിന്നുള്ള ജോലികൊണ്ട്‌ ഗ്രാമപ്രദേശത്തെ ജനങ്ങൾക്ക്‌ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. തൊഴിൽ പ്രാപ്തി പ്രായക്കാരുടെ ശരാശരി പ്രായം ഇന്ത്യയിൽ 26.9 ആണ്‌. ചൈനയിലിത്‌ 37.3 വയസുമാണ്‌. തൊഴിൽ ചെയ്യാൻ ശേഷിയുള്ളവരുടെ പ്രായത്തിലുള്ള കുറവ്‌ എല്ലായ്പ്പോഴും നേട്ടമായി സംഭവിക്കണമെന്നില്ല. കാരണം വിദഗ്ധരും വിദ്യാസമ്പന്നരുമായ യുവാക്കൾക്ക്‌ ആവശ്യമായ തൊഴിലവസരങ്ങൾ നൽകാൻ കഴിയുന്നില്ലെന്നതാണ്‌ ശ്രദ്ധേയമായ കാര്യം. 2020 ആകുമ്പോഴേയ്ക്കും ഇന്ത്യയിൽ തൊഴിൽശേഷിയുള്ള ജനസംഖ്യ 900 ദശലക്ഷമായി ഉയരും. ഈ വർധന രാജ്യത്തെ തകർക്കാനും വളർത്താനും സാധ്യതയുണ്ട്‌. ഡോളറിന്‌ ആധാരമാക്കിയുള്ള കണക്കുകൾ പ്രകാരം മൊത്തം ആഭ്യന്തര ഉൽപ്പാദനപ്പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്താണ്‌. ഒന്നാംസ്ഥാനത്ത്‌ അമേരിക്കയും രണ്ടാം സ്ഥാനത്ത്‌ ചൈനയുമാണ്‌. മൊത്തം ആഭ്യന്തര ഉൽപ്പാദനം ഉയർത്തുന്നതിന്‌ ഇന്ത്യയ്ക്ക്‌ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്‌. ദശലക്ഷക്കണക്കിന്‌ യുവാക്കൾക്ക്‌ തൊഴിലവസരങ്ങൾ നൽകണം. കടക്കെണിയിലായ കർഷകർക്ക്‌ കാർഷികവൃത്തി സ്വീകാര്യമായ നിലയിൽ എത്തിക്കണം.
നഗരത്തിലേയും ഗ്രാമപ്രദേശങ്ങളിലേയും ജനസംഖ്യയിലെ വർധന, ഇതിന്‌ ആനുപാതികമായി പാവപ്പെട്ട ജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധന തുടങ്ങിയ കാര്യങ്ങൾ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന്‌ വെല്ലുവിളി ഉയർത്തുന്നു. ദൗർഭാഗ്യവശാൽ ഇന്ത്യയുടെ വാർഷിക മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ വളർച്ചയെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ കഴിയില്ല. ഇതിന്റെ ഭാഗമായാണ്‌ ആഗോള മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഉയരുന്നത്‌. ഇന്ത്യ വളരെ സാവധാനത്തിലാണ്‌ പുരോഗതി കൈവരിക്കുന്നതെന്നാണ്‌ ഐക്യരാഷ്ട്ര സഭയുടെ ആഗോള മാനവ വികസന റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്‌. 2009-നും 2014-നുമിടയിൽ ആറ്‌ സ്ഥാനത്തിന്റെ ഉയർച്ച മാത്രമാണ്‌ ഈ പട്ടികയിൽ നേടാൻ കഴിഞ്ഞത്‌. 2016-ലെ പട്ടിക പ്രകാരം ഇന്ത്യയുടെ സ്ഥാനം 131 ആണ്‌. നമീബിയ, ഗോട്ടിമാല, താജിക്കിസ്ഥാൻ, ഇറാഖ്‌ എന്നീ രാജ്യങ്ങൾക്കുപോലും പിന്നിലാണ്‌ ഇന്ത്യ. ചൈന 90-ാ‍ം സ്ഥാനത്താണ്‌. ജനസംഖ്യാ നിയന്ത്രണം വളരെ കാര്യക്ഷമമായി നടപ്പാക്കുന്നതുകൊണ്ടുതന്നെ ചൈനയുടെ സമ്പദ്‌വ്യവസ്ഥ വളരെ ശക്തമായി, ഭദ്രമായി മുന്നോട്ടുപോകും. കൂടാതെ വ്യവസായ-ഉൽപ്പാദന മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ ചൈനയുടെ സമ്പദ്‌വ്യവസ്ഥ.
വ്യവസായ-ഉൽപ്പാദന-സമ്പദ്‌വ്യവസ്ഥയിൽ നിന്നും ഏറെ വഴിമാറിയാണ്‌ ഇന്ത്യ സഞ്ചരിക്കുന്നത്‌. വ്യവസായ-ഉൽപ്പാദന മേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്‌വ്യവസ്ഥയിൽ തൊഴിൽ നിലവാരം ഉയരുന്നു, മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. വിദേശനിക്ഷേപം, വാണിജ്യം, സേവനങ്ങൾ എന്നിവയിലാണ്‌ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കൂടുതലായും അധിഷ്ഠിതമായിരിക്കുന്നത്‌. ഇതിന്മേലുള്ള നിയന്ത്രണം ഇപ്പോൾ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്‌. സേവനമേഖല, ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വിതരണം എന്നിവയെ ആധാരമാക്കിയുള്ള സാമ്പത്തിക വളർച്ച വിശ്വസനീയമവുമല്ല. ഗുണമേന്മയില്ലാത്തതും സ്ഥിരതയില്ലാത്തതുമായ തൊഴിൽ മേഖലകളിലേയ്ക്കാണ്‌ രാജ്യത്തെ യുവാക്കൾ എത്തിപ്പെടുന്നത്‌. 2022-ന്‌ ശേഷമുള്ള ഇന്ത്യയെന്നത്‌ ജനസംഖ്യയുടെ കാര്യത്തിലും സാമ്പത്തിക വളർച്ചയുടെ കാര്യത്തിലും യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയിലേയ്ക്കായിരിക്കും എത്തിപ്പെടുന്നത്‌. ഇത്‌ തികച്ചും ഭയാനകമായ അവസ്ഥയാണ്‌.
ഐപിഎ

  Categories:
view more articles

About Article Author