ജനാധിപത്യത്തിലെ ചില കുമ്മിക്കളികൾ

ജനാധിപത്യത്തിലെ ചില കുമ്മിക്കളികൾ
January 08 05:00 2017

കാഴ്ച
പി എ വാസുദേവൻ
വടക്കുനിന്നുവരുന്നതൊക്കെ വീരഗാഥകളാണ്‌. തെരഞ്ഞെടുത്തയച്ചവരെ ചവിട്ടി, കുതിച്ചുചാടി, ഓതിരം മറിഞ്ഞ്‌ നിലയുറപ്പിക്കുന്നത്‌, മറ്റൊരു പാർട്ടിയിൽ. അതാണ്‌ ശരിയായ കുമ്മിയടി. വോട്ടുചെയ്തവരൊക്കെ അന്തംവിട്ടു നിൽക്കുമ്പോൾ നടക്കുന്ന ജനാധിപത്യ അങ്കമാണിത്‌. ഇത്തവണ കളരി യുപിയും അരുണാചലുമാണ്‌. കേട്ടാൽ അറയ്ക്കുന്ന കളംമാറലുകൾ നടക്കുമ്പോഴും ഇതൊക്കെ ജനാധിപത്യമാണെന്നു നാം വിശ്വസിക്കണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണിത്‌ എന്നോർക്കുക. ഇത്രയൊക്കെ ചെയ്താലും ഒന്നും സംഭവിക്കുന്നില്ലെന്നും എങ്ങോട്ടുമാറിയാലും ജയ്‌ വിളിക്കാനും കൂടെനടക്കാനും ആളെ കിട്ടുമെന്നതും വല്ലാത്ത രാഷ്ട്രീയ ദാരിദ്ര്യംതന്നെ. ഇതിനിടയിൽ ആരുമറിയാതെ പോകുന്നത്‌, ചിന്തിക്കുന്ന ഒരു സമ്മതിദായകന്റെ ദുഃഖമാണ്‌. വോട്ടുചെയ്തു തീരുന്നതോടെ അനാഥനാവുന്നവൻ.
യുപിയും അരുണാചലും ഇപ്പോഴത്തെ പ്രത്യക്ഷങ്ങളാണ്‌. രാഷ്ട്രീയത്തിൽ ബന്ധങ്ങളും സ്വന്തങ്ങളുമില്ലെന്നു തെളിയിച്ചുകൊണ്ട്‌ സകലമാന പൗരന്മാരെയും മണ്ടന്മാരാക്കി, അച്ഛൻ മകനെയും മകൻ തിരിച്ച്‌ അച്ഛനെയും വെട്ടി. രണ്ടുപേരും ഒരേ പാർട്ടിക്കാർ, നേതാക്കന്മാർ, രാഷ്ട്രീയ പടുക്കൾ. പക്ഷേ അവർ നടത്തിയ ചാത്തിരാങ്കത്തിൽ ഇല്ലാതിരുന്നത്‌ രാഷ്ട്രീയം മാത്രമായിരുന്നു. അതൊരു കുടുംബപ്പോർ മാത്രമായിരുന്നു. രാഷ്ട്രീയത്തിന്‌ കുറേക്കൂടിയൊക്കെ മാന്യമായൊരു തലമുണ്ടാവാം. ഈ കുടുംബപ്പോരിനെയാണ്‌ മാധ്യമങ്ങൾ രാഷ്ട്രീയ സംഭവവികാസങ്ങളെന്നു വിശേഷിപ്പിക്കുന്നത്‌. ഒരു ജനാധിപത്യവ്യവസ്ഥയുടെ നിഷാദതുല്യമായ നിഷേധമാണിത്‌.
തമാശ നോക്കുക; മുലായംസിങ്‌ യാദവ്‌ എന്ന യാദവകുലപതി 25 വർഷങ്ങൾക്ക്‌ മുമ്പ്‌ സോഷ്യലിസമെന്ന മറവിൽ സമാജ്‌വാദി പാർട്ടിയുണ്ടാക്കി. ലക്ഷ്യം ഉടൻ സോഷ്യലിസം. പിന്നെ യാദവന്മാരെയും തരാതരം പോലെ മുസ്ലിം വിഭാഗത്തെയും അന്യജാതിക്കാരെയും കൂട്ടുപിടിച്ച്‌ തെരഞ്ഞെടുപ്പ്‌ പലതവണ ജയിച്ചുകയറുന്നു. മകൻ അഖിലേഷ്‌ യാദവൻ വളർന്നുവന്നപ്പോൾ വംശാധിപത്യമുറപ്പിക്കാൻ അയാളെ മുൻനിർത്തി മുഖ്യമന്ത്രിയാക്കി. കൂട്ടത്തിൽ അനുജൻ ശിവപാൽ യാദവും, രാംഗോപാൽ യാദവ്‌ എന്ന മറ്റൊരു ബന്ധുവും പിന്നെ കുറേ യാദവപടയും ചേർന്നതോടെ ഉത്തർപ്രദേശ്‌ യാദവപ്രദേശമായി. ഒപ്പംതന്നെ ഡൽഹിയിൽ ഏതു പകിടകളിക്കും ശേഷിയുള്ള വൻ ബിസിനസുകാർ കീശയിലുള്ള അമർസിങ്‌ എന്ന രാഷ്ട്രീയ മാന്ത്രികൻ മുലായത്തിന്റെ കൂടെ. പിന്നെ രാഷ്ട്രീയം വിട്ട്‌ കാര്യം കുടുംബ കച്ചവടമായി. അതിനിടയിൽ അടുക്കളപിണക്കങ്ങൾ ഏറെയുണ്ടായി. ചെറിയച്ഛൻ ശിവപാൽ യാദവിനെ അഖിലേഷ്‌ കളത്തിനുപുറത്താക്കി. വരാൻപോകുന്ന തെരഞ്ഞെടുപ്പിന്‌ അച്ഛനും മകനും വേറെ വേറെ പട്ടിക ഇറക്കി.
അതോടെ ലഖ്നൗ കോഴിപ്പോരിന്റെ കളമായി. മകനെ അച്ഛനും അച്ഛനെ മകനും പുറത്താക്കി. രണ്ടുപേരും സൈക്കിൾ ചിഹ്നം ഭാഗ്യചിഹ്നമായി കാണുന്നതുകൊണ്ട്‌, അത്‌ കൈവശമാക്കാൻ ഡൽഹിയിൽ. അതിനിടയിൽ ഒരു ദിവസത്തെ വെടിനിർത്തൽ നടന്നപ്പോൾ വീണ്ടും പിതാ-പുത്ര ബന്ധം സംസ്ഥാപിതമായെന്നു തോന്നി. എവിടെ? പിറ്റേന്നു വീണ്ടും തെറ്റി. മകൻ വിളിച്ചുകൂട്ടിയ ദേശീയ കൗൺസിലിൽ, മുലയാത്തിന്റെ പാളയം മുഴുവൻ ഒഴുകിയെത്തിയതോടെ, അച്ഛനു മകനെ മനസിലായി. താൻ പഠിപ്പിച്ച തന്ത്രങ്ങൾ, പത്തിരട്ടിയായി മകൻ തനിക്കെതിരെ പയറ്റുന്നു. മുലായം ആകെ തകർന്നു. ഇപ്പോൾ വീണ്ടും അനുരഞ്ജന ശ്രമങ്ങൾ നടക്കുകയാണത്രെ.
അവരൊക്കെ ഇനിയും ഒത്തുകൂടും. അധികാരം അത്ര മധുരമുള്ളതാണ്‌. ചില്ലറ നീക്കുപോക്കുകൾ നടത്തിയാൽ ഒരു സംസ്ഥാനത്തെ തന്നെ ഒതുക്കി കുടുംബസ്വത്താക്കാമല്ലോ. യുപി ഒതുക്കിയാൽ കേന്ദ്രത്തിൽ നിർണായകശക്തിയാവാം. രാജ്യസഭയും ലോകസഭയും കക്ഷത്തിലാക്കി വിലപേശാം. ബിജെപിയോ കോൺഗ്രസോ പാട്ടിനുവരും. ഈ രാഷ്ട്രീയമൊക്കെ ഒരു വിലപേശലും വിൽക്കലും വാങ്ങലുമല്ലേ. യാദവ കഥപറഞ്ഞുതരുന്ന പാഠമതാണ്‌. അച്ഛൻ, മോൻ പോരിൽ ഒരു സംസ്ഥാനം കൈവിടാതിരിക്കാനുള്ള വിവേചനം അവർക്കുണ്ട്‌. ഇതറിയാത്ത ജനം മാത്രമാണ്‌ ഇരുകൂട്ടർക്കും കയ്യടിക്കുന്നത്‌. ഇതിൽ നഷ്ടമാവുന്നത്‌ ജനാധിപത്യമാണെന്നു മാത്രം. അതൊക്കെ ചിന്തിച്ചു വൃഥാകാലം കളയുന്നതാരാണ്‌.
ഇത്തരം അച്ഛൻ-മകൻ പോരുപോലെ അമ്മായി അപ്പൻ, മരുമകൻ പോരും നാം കണ്ടതാണ്‌. 1995 ൽ ടിഡിപിയിലും അതുതന്നെ. എൻഡിആറിനും സ്ഥാനം പോയി. കിട്ടിയത്‌ ജാമാതാവിനും. ‘നിന്നുള്ളിലായാലും ഭീമാ എന്നുള്ളിലല്ലേ’ എന്ന ബകവാക്യംതന്നെ. യുപിയിൽ അച്ഛനും സൈക്കിളിനായി അടരാടുന്നു. എൻടിആറും മരുമകൻ ചന്ദ്രബാബു നായിഡുവും സൈക്കിളിനുവേണ്ടിയാണ്‌ പോരടിച്ചത്‌. അന്ന്‌ ഭൂരിപക്ഷം മരുമകനൊപ്പമായിരുന്നു. ഇന്ന്‌ മകനൊപ്പവും. പുതിയ തലമുറ പഴയ തലമുറയെ വെട്ടിവീഴ്ത്തുന്നു.
പക്ഷേ, പൊതുജനം ഒന്നോർക്കണം. ഇതൊക്കെ ഒരുതരം തന്ത്രമാണ്‌. ഭരണം സാദാ ആയി അധഃപതിക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിട്ട്‌, ഒരു കോലാഹലമുണ്ടാക്കാനുള്ള തന്ത്രം. വീണ്ടും എല്ലാം പഴയപടിയാവുമ്പോൾ ജനം ഒരു കളികണ്ട ഉഷാറിലായിരിക്കും. പിന്നെയും ‘ഗൃഹഭരണം’ തുടരും. അക്കഥ അച്ഛനും മകനും മരുമകനുമൊക്കെ അറിയാം. ബിഹാറിലും മറ്റൊരു യാദവകുലം ഇതേ കളി കളിക്കുകയാണ്‌. എങ്ങനെ വീണാലും അവർക്ക്‌ കിടയ്ക്കുന്നത്‌ ലാഭം. അധികാരം അടുക്കളയിലാണ്‌ വേവിക്കുന്നത്‌. ഇങ്ങനെയൊക്കെ അധികാരം കൊണ്ടുനടക്കാനാണെങ്കിൽ എന്തിന്‌ തോരണങ്ങളും ജാഥയും പ്രസംഗവും സത്യപ്രതിജ്ഞകളും. ഒക്കെ ഒരു ജാതിക്കാരുടെയോ കുടുംബാംഗങ്ങളുടെ സദസിലങ്ങു തീരുമാനിച്ചാൽ, ദാരിദ്ര്യം പിടിച്ചവർ നൽകുന്ന പൊതുപണത്തിന്റെ ദുർവ്യയം കുറയ്ക്കാമായിരുന്നല്ലോ.
ഇനിയും കഥകൾ തുടരുകയാണ്‌. അഞ്ച്‌ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നത്‌ ഇതെഴുതുന്നതിനിടയാണ്‌. എല്ലാ കണ്ണുകളും ഉത്തർപ്രദേശിലാണ്‌. അച്ഛനും മകനും അടിച്ചുപിരിഞ്ഞതുതന്നെ, പാർട്ടിക്ക്‌ ഒരു നാടകീയ ശക്തി നൽകാനാണെന്നും പറഞ്ഞുകേൾക്കുന്നുണ്ട്‌. അതിനൊക്കെയുള്ള തന്ത്രം അവർക്കുണ്ട്‌. അതിനിടയിൽ മുസ്ലിം-ദളിത്‌ സംഖ്യം മുമ്പോട്ടുവച്ച്‌ മായാവതിയുടെ ബിഎസ്പിയുണ്ട്‌. എസ്‌ പിയുടെ ഒരു വിഭാഗം അടർത്താൻ ബിജെപിയും. ദളിതരോട്‌ സ്നേഹക്കൂടുതൽ കാരണം മോഡി സൗജന്യങ്ങളുടെ ഒരു മഴക്കാലം തന്നെ സൃഷ്ടിച്ചുകഴിഞ്ഞു യു പി പ്രസംഗത്തിൽ.
അങ്ങനെ പറഞ്ഞറിയിക്കാനാവാത്ത സങ്കീർണ സമവാക്യങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്‌ ഇലക്ഷൻ കമ്മിഷൻ യു പി, ഉത്തരഖണ്ഡ്‌, ഗോവ, മണിപ്പൂർ, പഞ്ചാബ്‌ എന്നിവിടങ്ങളിൽ തീയതികൾ പ്രഖ്യാപിച്ചത്‌. ഇതിനകം കാലുമാറ്റവും ഉണ്ടാവും. അരുണാചലിലെ കാലുമാറ്റ കുത്തിയൊഴുക്ക്‌ നാം ഈയിടയല്ലേ കണ്ടത്‌. അവിടെ മലയിടിച്ചൽപോലെയാണ്‌ കാലുമാറ്റം. അവിടെ ഒരു കാലുവാരി മുഖ്യനായ കലിഖോപുൽ ആത്മഹത്യ ചെയ്തു. ചിലർ നിയമസഭാ മന്ദിരം പൂട്ടിയിട്ടു.
അതിനിടയിൽ സുപ്രിംകോടതി വിധി വരുന്നു. ജാതി-മതാടിസ്ഥാനത്തിൽ പാർട്ടികളും വോട്ടുപിടുത്തവും പാടില്ലത്രേ. അതല്ലാതെ എന്തിന്റെ പേരിലാണ്‌ ഈ മഹാജനാധിപത്യത്തിൽ വോട്ടുപിടിക്കുക. ആകെക്കൂടി ഒരു കോമാളിക്കളിയായിമാറിയ ഭാരത ജനജാതി, മതം, കുടുംബം എന്നിവ മാത്രമേ വോട്ടിന്‌ അവശേഷിച്ചിട്ടുള്ളു. സുപ്രിംകോടതിവിധി ഗൗരവമായി പറഞ്ഞ ഒരു നേരംപോക്കായാണ്‌ തോന്നിയത്‌. അതിന്റെ പൊരുളറിയാൻ കാത്തിരിക്കുക. ജാതി-മത പടകൾ ദുന്ദുഭി മുഴക്കുന്നത്‌, ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നും കേൾക്കാം.
കൂടുതൽ പറയേണ്ട. തമിഴക കലൈഞ്ജർ മൂ ക മകൻ സ്റ്റാലിനെ പാർട്ടി വർക്കിങ്‌ പ്രസിഡന്റാക്കി. അതിനുവേണ്ടി പാർട്ടി ഭരണഘടനയും ഭേദഗതി ചെയ്തത്രേ. കുടുംബം, ജാതി, മതം അങ്ങനെയൊരു ചെപ്പിൽ ജനാധിപത്യം ചെന്നുപതിച്ചു. മറുപക്ഷത്ത്‌ അമ്മ പോയപ്പോൾ ‘ചിന്നമ്മ’ ഇന്ദുലേഖയില്ലെങ്കിൽ വേലക്കാരി മതി.
ഇതൊക്കെ കാണാൻ ഇനിയും ചന്തുവിന്‌ ജീവിതം ബാക്കി, എന്ന്‌ വടക്കൻ വീരഗാഥയിൽ പറഞ്ഞപോലെ, ഇതൊക്കെ കാണാൻ നാം പൗരന്മാർക്ക്‌ ആയുസ്‌ ബാക്കി!

  Categories:
view more articles

About Article Author