Thursday
19 Jul 2018

ജയറാം രമേഷിന്റെ സ്വയംവിമര്‍ശനവും രാഷ്ട്രീയ യാഥാര്‍ഥ്യവും

By: Web Desk | Tuesday 8 August 2017 1:24 AM IST

രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ ഭാവിയെപ്പറ്റി അതിന്റെ നേതാക്കള്‍ സമീപകാലത്ത് നടത്തിയ യാഥാര്‍ഥ്യബോധത്തോടെയും സത്യസന്ധവുമായ വിലയിരുത്തലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഇന്നലെ കൊച്ചിയില്‍ നടത്തിയത്. കോണ്‍ഗ്രസ് ഇന്ന് അഭിമുഖീകരിക്കുന്നത് കേവലം തെരഞ്ഞെടുപ്പ് പ്രതിസന്ധിയല്ല. അത് 1977 ലോ 1996 ലോ 2004 ലൊ അഭിമുഖീകരിച്ച തരത്തിലുള്ള തെരഞ്ഞെടുപ്പ് പരാജയത്തിന്റേതായ പ്രശ്‌നമല്ല. അത് ആഴമേറിയ അസ്ഥിത്വ പ്രതിസന്ധിയാണ്. അതിനെ നേരിടാനും മറികടക്കാനും കൂട്ടായ ശ്രമം കൂടിയെ തീരൂ- ജയറാം രമേഷ് അടിവരയിടുന്നു. നരേന്ദ്ര മോഡിയും അമിത്ഷായും വ്യത്യസ്തമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. വിട്ടുവീഴ്ചാ മനോഭാവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമാവുന്നില്ലെങ്കില്‍ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമാകും. പഴയ മുദ്രാവാക്യങ്ങളും പഴയ മന്ത്രങ്ങളും പഴയ പരിഹാരമാര്‍ഗങ്ങളും ഫലപ്രദമല്ല, ഇന്ത്യ മാറിയിരിക്കുന്നു. കോണ്‍ഗ്രസ് അതിനനുസരിച്ച് മാറിയിട്ടില്ല. മോഡി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ യോജിച്ച പ്രവര്‍ത്തനമല്ലാതെ മറ്റൊരു മാന്ത്രിക വടിയുമില്ല. സുല്‍ത്താന്‍മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നമ്മില്‍ പലരും സുല്‍ത്താന്‍മാരെ പോലെയാണ് ഇപ്പോഴും പെരുമാറുന്നത്. നമ്മുടെ ചിന്തയില്‍ സമ്പൂര്‍ണ മാറ്റം കൂടിയെ തീരു. നാം നമ്മെ ഉയര്‍ത്തിക്കാട്ടുന്ന രീതിയിലും ആശയവിനിമയത്തിലും ആ മാറ്റം ഉണ്ടാവണം. കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സല്‍പ്പേരുണ്ട്. പക്ഷെ അവര്‍ പുതിയ കോണ്‍ഗ്രസിനെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയെപ്പറ്റി ഒരു കോണ്‍ഗ്രസ് നേതാവ് നടത്തുന്ന സ്വയം വിമര്‍ശനമായി ജയറാം രമേഷിന്റെ വാക്കുകളെ വിലയിരുത്താം. എന്നാല്‍ അതേ ശ്വാസത്തില്‍ തന്നെ ജയറാം രമേഷ് പാര്‍ട്ടിയെ സംബന്ധിക്കുന്ന എല്ലാ പ്രതീക്ഷകളും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നത് വിചിത്രവും വിരോധാഭാസവുമായേ കാണാന്‍ കഴിയു. അത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത് വൈകുന്നതിനെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകളാണ്. കൂട്ടായ നേതൃത്വത്തെപ്പറ്റിയും പുതിയ ചിന്തകളെപ്പറ്റിയും പ്രവര്‍ത്തനരീതികളെപ്പറ്റിയുമുള്ള അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠകളെല്ലാം ചെന്നവസാനിക്കുന്നത് രാഹുല്‍ഗാന്ധിയിലാണ്.
ഇന്ത്യയെപ്പോലെ പ്രവിശാലമായ ഒരു ഉപഭൂഖണ്ഡ രാഷ്ട്രത്തില്‍ കോണ്‍ഗ്രസിനെപ്പോലെ ഒരു പാര്‍ട്ടി പ്രസക്തമായി നില്‍ക്കണമെങ്കില്‍ അതിന്റെ ഇന്നത്തെ സ്വഭാവത്തിലും ഉള്ളടക്കത്തിലും മൗലികമായ മാറ്റം കൂടിയെ തീരൂ. അതാവട്ടെ ആശയപരവും രാഷ്ട്രീയവുമായ നയപരിപാടികളുടെ അടിസ്ഥാനത്തിലുള്ള മാറ്റമാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ നേതൃത്വം ഏറ്റെടുക്കുന്നത് വഴി കൈവരിക്കാവുന്ന മാറ്റമല്ല അത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളോടുള്ള സമീപനമാണ് ആ മാറ്റത്തിന് ആധാരമാവേണ്ടത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ജയറാം രമേഷ് അടക്കം നേതാക്കള്‍ അത്തരം വിഷയങ്ങളെ തുറന്നു സമീപിക്കാന്‍ പോലും സന്നദ്ധമാവുന്നില്ല. യുപിഎ ഭരണത്തില്‍ തഴച്ചു വളര്‍ന്നതും ആ ഭരണത്തിന്റെ അന്ത്യം കുറിച്ചതുമായ അഴിമതിയോടുള്ള പാര്‍ട്ടിയുടെ സമീപനം എന്താണ്? അതിനെ തള്ളിപ്പറയാനും അഴിമതിക്കാരെ നേതൃത്വത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും ആ പാര്‍ട്ടിക്ക് കഴിയുമോ? അഴിമതിക്ക് വളക്കൂറുള്ള മണ്ണായി കോണ്‍ഗ്രസിനെ മാറ്റിയ മുതലാളിത്ത സാമ്പത്തിക നയങ്ങളെ തള്ളിപ്പറയാനും അത് തിരുത്തിക്കുറിക്കാനും കോണ്‍ഗ്രസിനാവുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പുതിയൊരു സുല്‍ത്താനെ നേതൃത്വത്തില്‍ അവരോധിച്ചുകൊണ്ട് ജനകീയ പിന്തുണ ആര്‍ജിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരമ്പരാഗത ചിന്ത അസ്ഥാനത്തായിരിക്കുമെന്ന് രാജ്യത്ത് അനുദിനം അരങ്ങേറുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
നരേന്ദ്രമോഡിയും അമിത്ഷായും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘബലവും പ്രതിരോധിക്കപ്പെടുകയും ഒരു ബദല്‍ അതിനെതിരെ ഉയര്‍ന്നുവരികയുമാണ് ജയറാം രമേഷും സമാന ചിന്താഗതിക്കാരായ കോണ്‍ഗ്രസ് നേതാക്കളും ആഗ്രഹിക്കുന്നതെങ്കില്‍ അതിന് പുതിയ വഴികള്‍ ആരായാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. അവസരവാദ കൂട്ടുകെട്ടുകള്‍ക്കപ്പുറം അഴിമതിയെ അപ്പാടെ നിരാകരിക്കുന്ന, മതനിരപേക്ഷതയില്‍ ശക്തമായി കാലുറപ്പിച്ചു നില്‍ക്കുന്ന ഒരു ബദല്‍ രാജ്യത്ത് വളര്‍ന്നുവരണം. അത് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പുവരുത്താന്‍ കഴിയുന്ന നയപരിപാടികളില്‍ അധിഷ്ഠിതമായിരിക്കണം. അത് ഫലത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് പിന്തുടരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങളില്‍ നിന്നുള്ള മൗലികമായ വേര്‍പിരിയലായിരിക്കും. അത് ഇന്ത്യയുടെ തനത് രാഷ്ട്ര സങ്കല്‍പങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ജനകീയ മുന്നേറ്റമായി മാറണം. ഇത്തരമൊരു മാറ്റത്തിനു മാത്രമെ ജനങ്ങള്‍ക്ക് പ്രത്യാശയും പ്രയോജനവും പകര്‍ന്നു നല്‍കു. സുല്‍ത്താന്‍മാരെ കണ്ടെത്തലല്ല മറിച്ച് ജനതയെ കണ്ടെത്തലും ജനവികാരം തിരിച്ചറിയലുമാണ് ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന ഇന്നിന്റെ വെല്ലുവിളി.