ജയിലുകളിൽ സൗകര്യങ്ങൾ വർധിപ്പിക്കും: പിണറായി വിജയൻ

ജയിലുകളിൽ സൗകര്യങ്ങൾ വർധിപ്പിക്കും: പിണറായി വിജയൻ
March 21 04:45 2017

തിരുവനന്തപുരം: ജയിലുകളിലെ സൗകര്യങ്ങൾ കഴിയുന്നത്ര വർധിപ്പിക്കണമെന്നാണ്‌ സർക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം, എസ്ബിടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ലൈബ്രറി, വിവിധ പുനരധിവാസ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച്്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട അന്തരീക്ഷമാണ്‌ കേരളത്തിലെ ജയിലുകളിലേത്‌. സംസ്ഥാനത്തെ ജയിലുകളിൽ തൊഴിലെടുക്കുന്ന തടവുകാർക്ക്‌ മെച്ചപ്പെട്ട പ്രതിഫലമാണ്‌ നൽകുന്നത്‌. കഴിഞ്ഞ ബജറ്റിൽ ഇത്‌ 20 ശതമാനം വർധിപ്പിച്ചു. അടഞ്ഞ ജയിലുകളിലെ അന്തേവാസികളുടെ പ്രതിഫലം 130 രൂപയും തുറന്ന ജയിലുകളിലെ അന്തേവാസികളുടേത്‌ 175 രൂപയുമാണ്‌.
ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലിൽ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട്‌ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യങ്ങൾ കൊണ്ട്‌ കുറ്റം ചെയ്തുപോയവരെ കൊടും കുറ്റവാളികളായി കാണരുത്‌. കുറ്റം ചെയ്തു എന്നതുകൊണ്ട്‌ ആരും സമൂഹത്തിന്‌ വേണ്ടാത്തവരാകുന്നില്ല. ജയിൽ മുക്തരായവർ സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാൻ തൊഴിലവസരങ്ങളും അതിന്‌ സഹായകമായ സ്വഭാവ സർട്ടിഫിക്കറ്റും നൽകാവുന്നതാണ്‌.
ചെറിയൊരു കുറ്റം ചെയ്ത്‌ ജയിലിലെത്തുന്നവർ പോലും ജയിലിൽ നിന്നിറങ്ങുമ്പോൾ കൊടും കുറ്റവാളികളായിത്തീരുന്ന അവസ്ഥയുണ്ട്‌. ഇത്‌ സമ്പർക്കം കൊണ്ടുണ്ടാവുന്നതാണ്‌. പുതിയ അന്തേവാസികൾ കൊടും ക്രിമിനലുകളുടെ സമ്പർക്കത്തിലൂടെ കുറ്റവാസനയുള്ളവരായി മാറാതിരിക്കാനുള്ള നടപടികൾ ജയിലധികൃതർ കൈക്കൊള്ളണം.
മാനസിക അസ്വസ്ഥതകളുള്ളവർക്ക്‌ പ്രത്യേക പുനരധിവാസവും ചികിത്സയും സർക്കാർ ഉറപ്പാക്കും. മൂന്ന്‌ സെൻട്രൽ ജയിലുകളിലും സാമൂഹ്യ സംഗമങ്ങൾക്കായി ഹാളുകൾ നിർമിക്കുമെന്നും നൈപുണ്യ വികസനത്തിന്‌ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒ രാജഗോപാൽ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിൽ ഡിജിപി ആർ ശ്രീലേഖ സ്വാഗതം പറഞ്ഞു. വാർഡ്‌ കൗൺസിലർ വിജയലക്ഷ്മി, എസ്ബിടി ജനറൽ മാനേജർ സാം കുട്ടി മാത്യു, ഡിഐജി പ്രദീപ്‌, ജയിൽ വെൽഫെയർ ഓഫീസർ കുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.

  Categories:
view more articles

About Article Author