Saturday
23 Jun 2018

ജലസേചന സൂത്രങ്ങൾ

By: Web Desk | Wednesday 28 June 2017 4:45 AM IST

പഠനക്കുറിപ്പുകൾ
ഗിഫുമേലാറ്റൂർ

വെള്ളം അമൂല്യമായ അനുഗ്രഹം തന്നെയാണെന്ന്‌ ചങ്ങാതിമാർക്കറിയാമല്ലോ. വെള്ളമില്ലെങ്കിൽ ജീവനോ ജന്തുക്കളോ ഇല്ല. വെള്ളം എന്ന ജലം പാഴാക്കിക്കളയുന്നത്‌ തടയാനും ജലത്തിന്റെ ദൗർലഭ്യം ഉണർത്താനുമാണ്‌ 2013 അന്താരാഷ്ട്ര ജലസഹകരണ വർഷമായി ലോകമാകെ ആചരിക്കാൻ ഐക്യരാഷ്ട്രസഭയ്ക്ക്‌ പൊതുസഭ ആഹ്വാനം ചെയ്തിരുന്നത്‌.
കൃഷിയാവശ്യത്തിനും മറ്റിനുമായി, ആവശ്യത്തിന്‌ മഴ ലഭിക്കാതെ വരുമ്പോൾ കൃത്രിമ മാർഗങ്ങളിലൂടെ വെള്ളമെത്തിക്കുന്ന രീതിയാൺ്‌ ജലസേചനം.
കാർഷികവിളകളുടെ വിളവുകൾ വർധിപ്പിക്കാനോ, ഉദ്യാനഭംഗി കൂട്ടുന്നതിനോ, വരണ്ടുണങ്ങിയ നിലങ്ങളിൽ പുതിയതായി കൃഷിയാരംഭിക്കാനോ മഞ്ഞുവീഴ്ചയുടെ പ്രശ്നങ്ങളിൽ നിന്ന്‌ ചെടികളെ രക്ഷിക്കാനോ, കളകൾ നിയന്ത്രണവിധേയമാകാൻ പറ്റാത്ത അവസരങ്ങളിലോ ജലസേചനം നടത്താറുണ്ട്‌. വിവിധ പാഠങ്ങളിൽ നാം സംരക്ഷിക്കേണ്ട ജലം, ജലസേചനം തുടങ്ങിയവ വരുന്നുണ്ടല്ലോ. ജലസേചനത്തിന്റെ ചരിത്രവും രീതികളും മറ്റും വായിച്ചോളൂ.

പുരാതന ജനപഥങ്ങളിൽ നിന്ന്‌
വളരെ പഴക്കമുള്ളൊരു ശാസ്ത്രമത്രെ ജലസേചനം. ജലസേചനം നടപ്പിലാക്കിയിരുന്ന ഭൂവിഭാഗങ്ങളിൽ പുരാതന സംസ്കാരങ്ങൾ ഉയിരെടുക്കുകയും വളരുകയും ചെയ്തിരുന്നു. മനുഷ്യചരിത്രത്തോട്‌ ഏറെ അടുത്തു നിൽക്കുന്ന ജലസേചനത്തിന്‌ ജന്മം നൽകിയ പുരാതന രാഷ്ട്രങ്ങളിൽ ബാബിലോണിയയും ഈജിപ്തും ചൈനയും ഇന്ത്യയും ഉൾപ്പെടുന്ന പ്രകൃതിയിൽ നിന്ന്‌ സ്വാഭാവികമായി വളർച്ചയ്ക്കാവശ്യമായ വളവും വെള്ളവും ലഭിക്കുന്നണ്ടല്ലോ. ഇത്‌ പോരാതെ വരുമ്പോഴാണ്‌ ജലസേചനം വേണ്ടിവരുന്നത്‌. ഇതിനുവേണ്ടി ഒരു ജലസ്രോതസ്‌ അത്യാവശ്യമാണ്‌. ഭൗമോപരിതലത്തിലുള്ള സ്രോതസുകൾ നദികൾ, പുഴകൾ, കുളങ്ങൾ തുടങ്ങിയ ജലാശയങ്ങളായിരിക്കും ഭൂമിക്കടിയിലുള്ള ജലം സംഭരിക്കപ്പെടുന്നത്‌ കിണറുകൾ, ഉറവ എന്നീ വഴികളിലൂടെയാണല്ലോ. ഇവയിൽ നിന്ന്‌ പല വഴികളിലൂടെയും ജലസേചനം വഴി ജലം ആവശ്യങ്ങൾക്ക്‌ ലഭിക്കുന്നു.

കൃഷിക്കണ്ടങ്ങൾ
എങ്ങനെയെല്ലാം ഭൂമിയിലെ ജലസ്രോതസുകൾ ജലസേചനത്തിനുപയോഗിക്കുന്നുവെന്ന്‌ നോക്കാം. ഇതിന്റെ മൗലികരീതികളിലൊന്നാണ്‌ ബേസിൻ ജലസേചനം. ഈ രീതിക്ക്‌ തുടക്കം കുറിച്ചത്‌ പഴയ ഈജിപ്തിലാണ്‌ (ബിസി 3300). വിസ്തൃതിയുള്ള കൃഷിഭൂമിയിൽ നാല്‌ വശങ്ങളിലും വെള്ളം നിർത്താൻ പാകത്തിനുള്ള ബേസിനുകൾ ഉണ്ടാക്കുകയാണ്‌ ആദ്യപടി. വെള്ളം പൊങ്ങുമ്പോൾ കനാലുകൾ വഴി ഈ ബേസിനുകളിലേക്ക്‌ വെള്ളം പായുന്നു. ഇങ്ങനെ വെള്ളത്തോടൊപ്പം വരുന്ന എക്കൽ എന്ന ഫലഭൂയിഷ്ഠമായ മണ്ണും കൃഷിയിടങ്ങൾക്ക്‌ വളമായി ലഭിക്കുന്നു. ഇങ്ങനെ ഒരു മീറ്ററോളം ആഴത്തിൽ വെള്ളം നിർത്താറുണ്ട്‌. ആവശ്യമായത്ര വളം ലഭിച്ചുവെന്നുറപ്പായാൽ ബേസിനിലെ വെള്ളം ഒഴുക്കിക്കളയുകയും ചെയ്യും. വൈകാതെ വിളവിറക്കുന്നു. രാസവളങ്ങൾ ഉപയോഗിക്കാത്ത കാലമായതിനാൽ, വിളവ്‌ പാകമാകുന്നതുവരെ ഇടയ്ക്കിടെ ഇങ്ങനെ ബേസിനുകളിൽ വെള്ളം നിർത്താറാണ്‌ പതിവ്‌.

സ്വാഭാവിക രീതി
ഇന്നും സ്വാഭാവികമായ ഒരു രീതിയാണ്‌ നെൽകൃഷി പോലുള്ളവയ്ക്ക്‌ കർഷകർ ആശ്രയിക്കുന്നത്‌. സ്വാഭാവിക ജലവിതാനം എന്നാണ്‌ ഈ രീതിക്ക്‌ പേര്‌. ഉപരിതലത്തിൽ വെള്ളം കെട്ടി നിർത്തുന്നതാണിത്‌. ഇന്ത്യ, പാകിസ്ഥാൻ, മലേഷ്യ, ഇറാൻ, മൊറോക്കോ, പോർച്ചുഗൽ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്നും ഈ രീതി കാണാം.

വെള്ളം തളിക്കൽ
1900-ത്തോടെ കണ്ടുപിടിക്കപ്പെട്ട ജലസേചനമാർഗമാണിത്‌. സ്പ്രിങ്ക്ലിങ്‌ എന്ന ഈ ജലം തളിക്കൽ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച്‌ മഴ വീഴുന്നതുപോലെയാണ്‌. പൈപ്പുകളിലൂടെ ഉയർന്ന മർദത്തിൽ വെള്ളമെത്തിച്ച്‌ കറങ്ങുന്ന ധാരായന്ത്രം വഴി തളിക്കുന്നു. ഇങ്ങനെ തെറിച്ചുവീഴുന്ന വെള്ളം മഴ പോലെ എല്ലായിടത്തും ഒരേ അളവിൽ പതിക്കും. ഈ രീതി വലിയ തോതിൽ ഇന്നും നടപ്പിലാക്കുന്ന രാജ്യങ്ങളാണ്‌ ഇന്ത്യ, ഹംഗറി, ആസ്ത്രിയ, പശ്ചിമജർമനി, സ്വിറ്റ്സർലൻഡ്‌, പലസ്തീൻ, ബ്രിട്ടൻ, ചെക്കോസ്ലാവാക്യ, ഹോളണ്ട്‌ എന്നിവ.

ഭൂഗർഭ ജലസേചനം
ജലസേചനത്തിനുള്ള മറ്റൊരു വഴിയാണ്‌ റിസർവോയർ റെഗുലേറ്റർ വഴിയുള്ള ജലസംഭരണി എന്ന ‘കാലവിമുക്ത ജലസേചനം.’ കനാലുകളും നീർച്ചാലുകളും അവയ്ക്കാവശ്യമായ മറ്റു പണികളുമടക്കം ഒരു വലിയ സിസ്റ്റം ഇതിനു വേണ്ടിവരും.
ഇനിയുള്ള വഴി, ഭൂഗർഭജലസേചനമാണ്‌. കൃഷിക്ക്‌ വേരുകൾ ഉള്ളിടത്ത്‌ ജലമെത്തിക്കാൻ കൃത്രിമമായി ഇത്‌ സാധ്യമാകുന്നത്‌ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന ഭൂഗർഭ പൈപ്പുകൾ വഴിയാണ്‌. ചെലവേറിയ ഒരു രീതിയാണിത്‌.

റിസർവോയറുകൾ
കൃത്രിമമായി അണകെട്ടി വെള്ളം ഒഴുകിപ്പോകാതെ സംരക്ഷിച്ചു നിർത്തുന്ന ജലാശയങ്ങളാണിത്‌. മണ്ണുകൊണ്ട്‌ ബണ്ടുകെട്ടിയ ഇത്തരം ജലസ്രോതസുകൾ പുരാതനകാലത്തുതന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ പക്ഷേ, എക്കൽ മണ്ണ്‌ അടിഞ്ഞുകൂടി സംഭരണശേഷി കുറഞ്ഞ്‌ ഉപയോഗശൂന്യമാവുക പതിവായിരുന്നു. എക്കൽ ഒഴിഞ്ഞുപോകാനുള്ള സൗകര്യങ്ങൾ പിന്നീടുള്ള റിസർവോയറുകളിൽ ഉണ്ടായിരുന്നു. പെരിയാർ റിസർവോയർ ഇതിനുദാഹരണമാണ്‌. മണ്ണൊലിപ്പ്‌ തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ച്‌ എക്കൽ അടിയുന്നത്‌ കുറയ്ക്കുന്ന, നൂറ്റാണ്ടുകളോളം ഫലപ്രദമായി പ്രവർത്തിക്കുന്ന റിസർവോയറുകൾ ഇന്ന്‌ നിർമിച്ച്‌ വരുന്നു.