ജാതിവ്യവസ്ഥയല്ല, മനുഷ്യനന്മയാണ്‌ പ്രധാനം

ജാതിവ്യവസ്ഥയല്ല, മനുഷ്യനന്മയാണ്‌ പ്രധാനം
April 19 04:55 2017

കാര്യവിചാരം
യു വിക്രമൻ

ഇന്ത്യാചരിത്രത്തിൽ ഭക്തിപ്രസ്ഥാനത്തിന്‌ സവിശേഷമായ ഒരു സ്ഥാനമുണ്ട്‌. ഈ പ്രസ്ഥാനം നയിച്ചത്‌ പ്രധാനമായും കർഷകരും കൈത്തൊഴിൽകാരും ആയ നേതാക്കളായിരുന്നു. പിന്നാക്ക ജനവിഭാഗങ്ങളെ നന്നായി ആകർഷിക്കാൻ ഇതിന്‌ കഴിഞ്ഞു. നാടുവാഴിത്ത സമ്പ്രദായത്തിൽ കടുത്ത വൈരുധ്യങ്ങൾ പ്രത്യക്ഷപ്പെട്ട പന്ത്രണ്ടാം ശതകം മുതൽ (എ ഡി പന്ത്രണ്ട്‌) ആണ്‌ ഈ പ്രസ്ഥാനങ്ങൾ ശക്തിയാർജിച്ചു വന്നത്‌. ഈ പ്രസ്ഥാനത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ കഴിഞ്ഞത്‌ നാനാക്കിനും കബീറിനും ബസവരാജനും ആണ്‌. ഇവർ നയിച്ച പ്രസ്ഥാനങ്ങൾ ഇന്നും ബ്രാഹ്മണ ചിന്തയുടെയും വേദസ്വാധീനത്തിന്റെയും വെളിയിൽത്തന്നെ നിൽക്കുന്നു. വീരശൈവക്കാരും (ബസവരാജൻ സംഘടിപ്പിച്ച പ്രസ്ഥാനം) കബീർ പന്ഥികളും സിക്കുകാരും (നാനാക്കിന്റെ പ്രസ്ഥാനം ക്രമേണ സിക്കുമതമായി വളർന്നുവന്നു) ഉദാഹരണങ്ങളാണ്‌. ചാതുർവർണ്യാധ്യഷ്ഠിതമായ ജാതിവ്യവസ്ഥ ഉപേക്ഷിക്കാൻ ബ്രാഹ്മണാധിപത്യം വിസമ്മതിച്ചതുകൊണ്ടാണ്‌ ഈ മൂന്ന്‌ ജനവിഭാഗങ്ങളും ഇങ്ങനെ പ്രത്യേക ചിന്താഗതിക്കാരായി തുടർന്നത്‌.
നാടുവാഴിത്ത കുടുംബങ്ങളിൽ പിറന്നവരും ജാതിവ്യവസ്ഥക്കെതിരായി പോരാടിയവരുമായ രാമാനുജാചാര്യൻ, രാമാനന്ദൻ, ചൈതന്യൻ, വിദ്യാപതി, ശങ്കരദേവൻ തുടങ്ങിയവർ സംഘടിപ്പിച്ച പ്രസ്ഥാനങ്ങൾ അപ്രധാനങ്ങളാണെന്ന്‌ കരുതരുത്‌. ഹരിജനങ്ങളോടൊപ്പം ഭക്തിഗീതം പാടിയതിനും അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനാവശ്യപ്പെട്ടതിനും അവരുടെകൂടെ ഭക്ഷണം കഴിച്ചു ജീവിച്ചതിനും രാമാനുജാചാര്യനും ചൈതന്യനും ശാരീരികമായ പീഡനങ്ങൾ പോലും ഏൽക്കേണ്ടി വന്ന കഥ ഓർക്കേണ്ടതാണ്‌.
എന്നാൽ ബസവരാജൻ സംഘടിപ്പിച്ച ഭക്തിപ്രസ്ഥാനം ദശലക്ഷക്കണക്കിന്‌ ജനങ്ങളെ ആകർഷിച്ചു. വേദങ്ങൾ അംഗീകരിക്കാനോ, ബ്രാഹ്മണാധിപത്യം സ്വീകരിക്കാനോ പാടില്ലെന്ന്‌ പറഞ്ഞ ബസവരാജൻ പന്ത്രണ്ടാം നൂറ്റാണ്ടിലാണ്‌ ജീവിച്ചത്‌. ധാരാളം സ്ത്രീകൾ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. ഇവരുടെ കീർത്തനങ്ങളെല്ലാം കർണാടക ഭാഷയിലാണ്‌. കർണാടക സാഹിത്യത്തെ പുഷ്ടിപ്പെടുത്തിയത്‌ ഈ പ്രസ്ഥാനമാണെന്ന്‌ കാണണം. വീരശൈവ പ്രസ്ഥാനം എന്ന പേരിലറിയപ്പെടുന്ന ഈ പ്രസ്ഥാനം നൽകിയ ദർശനസാഹിത്യം ‘വചനങ്ങൾ’ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. കൂടുതൽ ഭൂസ്വത്തുക്കൾ കൈവശം വയ്ക്കുന്നതിനും കൂടുതൽ പണം ആർജിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്നതിനും എതിരായി പരസ്യപ്രഖ്യാപനം നടത്തിയ പ്രസ്ഥാനമാണ്‌ വീരശൈവപ്രസ്ഥാനം.
മനുഷ്യനന്മയാണ്‌ പ്രധാനമെന്നും ജാതിവ്യവസ്ഥ അതിനെതിരാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ്‌ നാനാക്ക്‌ ഭക്തിപ്രസ്ഥാനം നയിച്ചത്‌. കബീർ, ദാദു നാനാക്ക്‌, രാമാനന്ദൻ, ചൈതന്യൻ തുടങ്ങിയവരെല്ലാം ഹിന്ദു-മുസ്ലിം ഐക്യത്തെക്കുറിച്ച്‌ ഊന്നിപ്പറയുകയുണ്ടായി. പന്ത്രണ്ട്‌ മുതൽ പതിനേഴ്‌ വരെയുള്ള ആറ്‌ നൂറ്റാണ്ടുകൾക്കുള്ളിൽ ഭക്തിപ്രസ്ഥാന നേതാക്കളായി മുന്നൂറിലധികം പേർ ജീവിച്ചിട്ടുണ്ട്‌. ഇവരിൽ പലരും അലക്കുകാർ, ക്ഷുരകന്മാർ, പരുത്തിപ്പണിക്കാർ, നെയ്ത്തുകാർ, ഹരിജനങ്ങൾ, കർഷകർ, മറ്റ്‌ കൈത്തൊഴിലുകാർ എന്നിവരാണ്‌. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്‌നാട്‌, ഉത്തരപ്രദേശ്‌, ബിഹാർ, പഞ്ചാബ്‌, രാജസ്ഥാൻ, അസം, ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഈ പ്രസ്ഥാനം വ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാമദേവനും തുക്കാറാമും സേനനും ഏകനാഥനും, ഹിന്ദി മേഖലയിലെ കബീർ, ദാദു, സൂർദാസ്‌, രവിദാസ്‌, ഹരിദാസ്‌, മീരാബായി എന്നിവരും പ്രസിദ്ധ ഭക്തിപ്രസ്ഥാന നേതാക്കളായിരുന്നു. കശ്മീരിലെ ലല്ലയും കർണാടകത്തിലെ അക്കാദേവിയും രാജസ്ഥാനിലെ മീരാഭായിയും ഭക്തിപ്രസ്ഥാനത്തിലെ മഹിളാ നേതാക്കളായിരുന്നു.
മുസ്ലിങ്ങളുടെ ഇടയിലുള്ള ഭക്തിപ്രസ്ഥാനത്തെയാണ്‌ സൂഫിപ്രസ്ഥാനം എന്ന്‌ വിളിക്കുന്നത്‌. കാബാഷെയിക്ക്‌ ഫാരിദ്‌, ക്വാജാ നിസാമുദീൻ, മൊയിനുദീൻ ചിഷ്ടി തുടങ്ങിയ സൂഫികൾ ഉത്തരേന്ത്യയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയവരാണ്‌. ഹിന്ദു-മുസ്ലിം മൈത്രിയെക്കുറിച്ചും മനുഷ്യസ്നേഹത്തെക്കുറിച്ചും ഇവർ ധാരാളം പ്രചരണം നടത്തി. ചില മുസ്ലിം രാജാക്കന്മാർക്കും പൊതുവേ മുല്ലമാർക്കും സൂഫി പ്രസ്ഥാനം ഇഷ്ടമായിരുന്നില്ല. എന്നാൽ സാധാരണക്കാരായ മുസ്ലിമുകൾ ഈ പ്രസ്ഥാനത്തെ ഇഷ്ടപ്പെട്ടു.
മറാത്തി ഭാഷയുടെ പിതാവായ നാമദേവനും ഗുജറാത്തി ഭാഷയുടെ പിതാവായ നരസിംഹമേത്തയും അസം ഭാഷാപിതാവായ ശങ്കരദേവും പഞ്ചാബി ഭാഷാപിതാവായ ഗുരുനാനാക്കും മറ്റും ഭക്തി പ്രസ്ഥാന നേതാക്കളായിരുന്നു. ഭാഷാവികസനത്തിനും സാമൂഹ്യനീതിക്കും സ്ത്രീപുരുഷസമത്വത്തിനും വേണ്ടി പാടിനടന്നവരാണ്‌ ഭക്തിപ്രസ്ഥാന നേതാക്കൾ എന്ന്‌ കാണണം. പഞ്ചാബി, ഹിന്ദുസ്ഥാനി ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിൽ സൂഫി പ്രസ്ഥാനക്കാരും നല്ല പങ്ക്‌ വഹിച്ചു. നാടുവാഴിത്തത്തിനും ജാതിവ്യവസ്ഥയ്ക്കും എതിരായി വളർന്ന ഭാരതിപ്രസ്ഥാനം ദേശീയ ജനവിഭാഗത്തിന്റെ പുതിയ അവബോധമാണ്‌ ഒരർത്ഥത്തിൽ പ്രകടിപ്പിച്ചത്‌. കർണാടകം, ഗുജറാത്തി, പഞ്ചാബി, ഹിന്ദുസ്ഥാനി, ബംഗാളി, മറാട്ടി തുടങ്ങിയ ഭാഷകളും ആ ഭാഷകൾ മുഖേന പുതിയ സംസ്കാരവും വളർത്തിയതിൽ ഈ പ്രസ്ഥാനം മികച്ച സംഭാവന നൽകി.
ഇത്രത്തോളം ജനകീയമല്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യയിൽ പല ഭാഗങ്ങളിലായി വളർന്നുവന്ന നവീനാശയ പ്രസ്ഥാനം ശ്രദ്ധേയമായ ചരിത്ര സംഭവമാണ്‌. ഇതിനെ വേണമെങ്കിൽ നവോത്ഥാന കാലഘട്ടം എന്ന്‌ വിളിക്കാം. ഈ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌ പ്രശസ്ത ചിന്തകനായ രാജാറാം മോഹൻ റായ്‌ ആയിരുന്നു. ബംഗാളിലെ ബ്രഹ്മസമാജം, പശ്ചിമേന്ത്യയിലെ ആര്യസമാജം, മഹാരാഷ്ട്രയിലെ പ്രാർഥനാസമാജം, സത്യശോധക സമാജം, ഗുജറാത്തിലെ വിവേചന പ്രസ്ഥാനം എന്നിവ ഉദാഹരണങ്ങളാണ്‌. ഇന്ത്യയിലുള്ളത്‌ പ്രാകൃത സംസ്കാരമാണെന്നും ബ്രിട്ടീഷുകാരുടേത്‌ വിശിഷ്ട സംസ്കാരമാണെന്നുമുള്ള കോളനി ചിന്തകന്മാരുടെ പ്രചരണത്തിനുള്ള പ്രതികരണങ്ങളായിട്ടാണ്‌ ഈ പുതിയ പ്രസ്ഥാനങ്ങൾ ഉടലെടുത്തത്‌.
അതേസമയം ഹിന്ദു സമുദായത്തിലെ ഉപരിവർഗത്തിൽ നിലനിന്ന ശിശുവിവാഹം, സതി, വിധവാ വിവാഹ നിരോധം, ബഹുഭാര്യത്വം, ജാതിയാചരണം എന്നിവയെ എതിർത്തുകൊണ്ടാണ്‌ ഈ നവീന പ്രസ്ഥാനങ്ങൾ ആരംഭിച്ചത്‌. അവ ഇടത്തരക്കാരുടെ ഇടയിലും വിദ്യാസമ്പന്നരുടെ ഇടയിലും സ്വാധീനം ചെലുത്തി. ചില പരിഷ്കാരങ്ങൾ നടപ്പിലാക്കാനും അവർക്ക്‌ സാധിച്ചു. കോളനിഭരണക്കാരുടെ ആഢ്യബോധത്തെ ചോദ്യം ചെയ്തുകൊണ്ടാണ്‌ നവീന വേദാന്തചിന്ത റോയിയും വിവേകാനന്ദനും മറ്റും അക്കാലത്ത്‌ ഉന്നയിച്ചത്‌. മേൽപറഞ്ഞ പല സംഘടനകളും ചാതുർവർണ്യത്തെ നേരിട്ടെതിർക്കാൻ തുനിഞ്ഞില്ല.
എന്നാൽ സത്യശോധക സമാജം ഒരു വിധത്തിൽ അബ്രാഹ്മണ പ്രസ്ഥാനമാണെന്ന്‌ പറയാം. ഇവർ വേദങ്ങളെയോ, ബ്രാഹ്മണ്യത്തെയോ അംഗീകരിച്ചില്ല. പരസ്യമായി അവയെ എതിർത്തു. ഹിന്ദു സമുദായത്തിലെ എല്ലാ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തിയുക്തം എതിർത്തു. ജാതിയേയും അയിത്തത്തെയും തുറന്നെതിർത്തു. ധർമവിവേചന പ്രസ്ഥാനമാണെങ്കിൽ എല്ലാ മതങ്ങളെയും തുല്യനിലയിൽ കാണണമെന്നാണ്‌ പറഞ്ഞത്‌.
ഈ പ്രസ്ഥാനങ്ങൾ പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിനും പുതിയൊരു സംസ്കാരം വളർത്തിയെടുക്കുന്നതിനും സഹായകമായി.
ദേശീയപ്രസ്ഥാനം ആരംഭിച്ചതോടെ പുതിയ മാറ്റങ്ങൾ വന്നു. രാഷ്ട്രീയവും സാമ്പത്തികവും ആയ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്‌ ഈ ഘട്ടത്തിൽ മുന്നോട്ടുവന്നത്‌.

  Categories:
view more articles

About Article Author