ജിഎസ്ടിയുടെ നേട്ടങ്ങൾ പരിമിതമെന്ന്‌ നോമുറ: വ്യത്യസ്ത നികുതി നിരക്കുകൾ സങ്കീർണത സൃഷ്ടിക്കുന്നു

ജിഎസ്ടിയുടെ നേട്ടങ്ങൾ പരിമിതമെന്ന്‌ നോമുറ: വ്യത്യസ്ത നികുതി നിരക്കുകൾ സങ്കീർണത സൃഷ്ടിക്കുന്നു
May 30 04:45 2017

ന്യൂഡെൽഹി: ചരക്കു സേവന നികുതി നടപ്പാക്കുന്നതിലൂടെ വളരെ കുറച്ച്‌ നേട്ടം മാത്രമേ ഇപ്പോഴത്തെ നിലയിൽ ഉണ്ടാകൂവെന്ന്‌ ജപ്പാൻ ആസ്ഥാനമായ സാമ്പത്തിക പഠന ഏജൻസിയായ നോമുറയുടെ റിപ്പോർട്ട്‌.
5, 12,18, 28 തുടങ്ങിയ വ്യത്യസ്ത നികുതി സ്ലാബുകളിൽ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും തരംതിരിച്ച്‌ ജിഎസ്ടി നടപ്പാക്കുന്നത്‌ സങ്കീർണത സൃഷ്ടിക്കുമെന്നാണ്‌ നോമുറ റിപ്പോർട്ട്‌ നിരീക്ഷിക്കുന്നത്‌. വ്യത്യസ്ത ഉൽപ്പന്ന വിഭാഗങ്ങളിൽ മാത്രമല്ല ഒരു ഉൽപ്പന്ന വിഭാഗത്തിൽ തന്നെ വ്യത്യസ്ത നികുതികൾ വരുന്ന സാഹചര്യമുണ്ട്‌. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും രാഷ്ട്രീയമായ കാരണങ്ങളാലുമാണ്‌ ഇത്തരത്തിൽ സങ്കീർണതകളോടെ ജിഎസ്ടി നടപ്പാക്കുന്നതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.
ആഡംബര കാറുകൾ, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയ നാല്‌ ഉൽപ്പന്നങ്ങൾക്ക്‌ പ്രത്യേകം സെസ്‌ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌. ജിഎസ്ടിയിൽ നിന്നു പ്രതീക്ഷിച്ചിരുന്ന ലളിതമായ നികുതി ഘടനയിൽ നിന്നുള്ള നേട്ടങ്ങളെ പരിമിതപ്പെടുത്തുന്നതാണ്‌ ഇവയെല്ലാമെന്ന്‌ നോമുറ വിലയിരുത്തുന്നു.
പെട്രോളിയം ഉൽപ്പന്നങ്ങൾ, ആൽക്കഹോൾ, വൈദ്യുതി, റിയൽ എസ്റ്റേറ്റ്‌, നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ ജിഎസ്ടിയുടെ പരിധിക്ക്‌ പുറത്താണ്‌. ലോജിസ്റ്റിക്സ്‌ ചെലവുകൾ കുറച്ച്‌ ജിഎസ്ടി ദീർഘകാലാടിസ്ഥാനത്തി ൽ പണപ്പെരുപ്പത്തെ കുറയ്ക്കാൻ സഹായിച്ചേക്കാമെങ്കിലും ഹ്രസ്വകാലത്തേക്ക്‌ പണപ്പെരുപ്പത്തിൽ വലിയ സ്വാധീനം ചെലുത്തില്ല.
ജിഎസ്ടിക്ക്‌ മുന്നോടിയായി പ്രകടമാകുന്ന അസന്തുലിതമായ വിലനിർണയങ്ങളും മറ്റുരാജ്യങ്ങളിലെ അനുഭവങ്ങളും കണക്കിലെടുത്ത്‌ ജിഎസ്ടി നടപ്പാക്കുമ്പോഴുള്ള വിലനിർണയ പ്രവണതകൾ സസൂക്ഷ്മം പരിശോധിക്കുമെന്ന്‌ നോമുറ പറയുന്നു.
പണപ്പെരുപ്പത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഇടിവ്‌ ഒരു മാറ്റത്തിന്റെ മുന്നോടിയാണെന്നു വിലയിരുത്തിയാൽ മറ്റു ഘടകങ്ങൾ കൂടി പരിഗണിച്ച്‌ റിസർവ്വ്‌ ബാങ്ക്‌ പലിശ നിരക്കുകൾ ഉയർത്താൻ സാധ്യത കൂടുതലുണ്ടെന്നും നോമുറ നിരീക്ഷിച്ചിട്ടുണ്ട്‌.

  Categories:
view more articles

About Article Author