Friday
18 Aug 2017

ജിഎസ്ടി: ഐടിസിക്ക്‌ നഷ്ടം 47,542 കോടി രൂപ

By: Web Desk | Wednesday 19 July 2017 3:15 AM IST

മുംബൈ: ചരക്ക്‌ സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതിനോട്‌ ഓഹരി വിപണി പൊതുവിൽ അനുകൂലമായാണ്‌ ഇതുവരെ പ്രതികരിച്ചിരുന്നത്‌. എന്നാൽ, തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ജിഎസ്ടി പ്രകാരം സിഗററ്റിന്‌ ചുമത്തിയിരുന്ന അധിക നികുതി (സെസ്‌) ഉയർത്തിയതോടെ, പ്രമുഖ സിഗരറ്റ്‌ നിർമാണ കമ്പനിയായ ഐടിസിയുടെ ഓഹരികളിലുണ്ടായ വൻതിരിച്ചടി രാജ്യത്തെ നിക്ഷേപകർക്കുണ്ടാക്കിയ നഷ്ടം 47,542 കോടി രൂപയാണ്‌.
ജിഎസ്ടി പ്രാബല്യത്തിൽ വന്നതിനുശേഷം ആദ്യമായാണ്‌ ഒരു പ്രമുഖ കമ്പനിയുടെ ഓഹരികൾക്ക്‌ ഇത്രയും വലിയ ആഘാതം നേരിടുന്നത്‌.
ഇന്നലത്തെ വ്യാപാരത്തിനിടെ ഇൻഷുറൻസ്‌ കമ്പനികൾക്കുണ്ടായ നഷ്ടം 11,246 കോടി രൂപയാണ്‌. ഇതിൽ പൊതുമേഖലാ സ്ഥാപനമായ ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ (എൽഐസി)ക്ക്‌ മാത്രം 8097 കോടി രൂപയാണ്‌ നഷ്ടമായത്‌. ഐടിസിയുടെ ഓഹരികളിൽ എൽഐസി വമ്പൻ നിക്ഷേപം (16.29%) നടത്തിയിരുന്നതിനാലാണ്‌ ഇത്രയും വലിയ നഷ്ടം നേരിടേണ്ടി വന്നത്‌.
ഇന്നലെ രാവിലെ ഐടിസിയുടെ വ്യാപാരം ആരംഭിച്ചതുതന്നെ തിങ്കളാഴ്ചത്തെ ഓഹരി വിലയിൽ നിന്നും 10 ശതമാനത്തിലേറെ ഇടിവോടെയായിരുന്നു. തുടർന്ന്‌ ഓഹരിയുടെ ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിച്ചത്‌ 12.63% ശതമാനം താഴ്‌ന്ന്‌ 284.55 രൂപയിലാണ്‌. 40.60 രൂപയാണ്‌ ഇന്നലെമാത്രം നേരിട്ട വിലയിടിവ്‌. 20 വർഷത്തിനിടെ ഐടിസിയുടെ ഓഹരിക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ്‌ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്‌.