ജിഎസ്ടി: 66 ഇനങ്ങളുടെ നികുതി കുറച്ചു

ജിഎസ്ടി: 66 ഇനങ്ങളുടെ നികുതി കുറച്ചു
June 12 04:45 2017

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജൂലായ്‌ ഒന്നുമുതൽ ചരക്ക്‌ സേവന നികുതി നടപ്പാക്കുമ്പോൾ 66 ഇനങ്ങളുടെ നികുതി പുന:ക്രമീകരിക്കാൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. വ്യവസായ ലോകത്തെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ്‌ നികുതി നിരക്കുകളിൽ കുറവ്‌ വരുത്തുന്നതെന്ന്‌ യോഗത്തിന്‌ ശേഷം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
പുതിയ നിരക്ക്‌ പ്രകാരം രണ്ട്‌ തരത്തിലുള്ള സിനിമാ ടിക്കറ്റുകളായിരിക്കും ഉണ്ടാവുക. 100 രൂപയുടെ താഴെയുള്ള ടിക്കറ്റുകൾക്ക്‌ 18 ശതമാനം നികുതിയാണ്‌ ഏർപ്പെടുത്തിയത്‌. നൂറ്‌ രൂപയ്ക്ക്‌ മുകളിലുള്ള ടിക്കറ്റുകൾക്ക്‌ 28 ശതമാനമാണ്‌ നികുതി. കംപ്യൂട്ടർ പ്രിന്റർ, കൺമഷി എന്നിവയുടെ നികുതി 28 ൽ നിന്ന്‌ 18 ശതമാനമായി കുറയും. 133 വസ്തുക്കൾക്ക്‌ നിരക്ക്‌ കുറയ്ക്കണം എന്നാണ്‌ ജിഎസ്ടി കൗൺസിലിന്‌ മുന്നിൽ ആവശ്യം വന്നത്‌.
ലോട്ടറി ടിക്കറ്റ്‌ ഉൾപ്പെടെയുള്ളവയുടെ നികുതി നിശ്ചയിക്കാൻ അടുത്ത ഞായറാഴ്ച വീണ്ടും യോഗം ചേരും. ജൂലൈ മുതലാണ്‌ രാജ്യത്താകമാനം ജിഎസ്ടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. നാല്‌ സ്ലാബുകളിലായിട്ടാണ്‌ ജിഎസ്ടി നികുതി ഏർപ്പെടുത്തുന്നത്‌. ഏറ്റവും കുറഞ്ഞത്‌ അഞ്ച്‌ ശതമാനവും കൂടിയത്‌ 28 ശതമാനവുമാണ്‌. 12, 18 എന്നിവയാണ്‌ മറ്റ്‌ രണ്ട്‌ സ്ലാബുകൾ. 80 ശതമാനം വസ്തുക്കൾക്കും 18 ശതമാനത്തിനകത്തായിരിക്കും നികുതി.
പരിഷ്കരണങ്ങൾ ഇങ്ങനെ

  • കശുവണ്ടിയുടെ നികുതി 12ൽ നിന്ന്‌ അഞ്ചു ശതമാനമാക്കി
  • അച്ചാറുകൾ, സോസുകൾ, പായ്ക്ക്‌ ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയുടെ നികുതി 18ൽ നിന്ന്‌ 12 ശതമാനമാക്കി
  • അഗർബത്തികളുടെ നികുതി 12 ൽ നിന്ന്‌ അഞ്ച്‌ ശതമാനമാക്കി
  • ഇൻസുലിന്റെ നികുതി 12ൽ നിന്ന്‌ അഞ്ച്‌ ശതമാനമാക്കി
  • പ്ലാസ്റ്റിക്‌ മുത്തുകളുടെ നികുതി 28ൽ നിന്ന്‌ 18 ശതമാനമാക്കി
  • സ്കൂൾ ബാഗുകളുടെ നികുതി 28ൽ നിന്ന്‌ 18 ശതമാനമാക്കി
  • ചിത്രരചനാ പുസ്തകങ്ങളുടെ നികുതി എടുത്തു കളഞ്ഞു
  • ട്രാക്ടർ ഉപകരണങ്ങൾക്കുള്ള നികുതി 28 ശതമാനത്തിൽ നിന്ന്‌ 18 ശതമാനമാക്കി
  Categories:
view more articles

About Article Author