ജി 20 ഉച്ചകോടിക്ക്‌ തിരശീല വീണു: ട്രമ്പ്‌ ഒറ്റപ്പെട്ടു

ജി 20 ഉച്ചകോടിക്ക്‌ തിരശീല വീണു: ട്രമ്പ്‌ ഒറ്റപ്പെട്ടു
July 10 04:45 2017

ഹാംബർഗ്ഗ്‌: ജി 20 ഉച്ചകോടിക്ക്‌ തിരശീല വീണപ്പോൾ ആഗോളരാഷ്ട്രീയത്തിൽ അമേരിക്കൻ മേധാവിത്വത്തിന്‌ തിരിച്ചടി. കാലാവസ്ഥാ സംരക്ഷണത്തെ മുൻനിർത്തിയുള്ള പാരീസ്‌ ഉടമ്പടിയിൽ നിന്നുള്ള ട്രമ്പ്‌ ഭരണകൂടത്തിന്റെ ഏകപക്ഷീയ പിന്മാറ്റത്തോടുള്ള വിയോജിപ്പിന്റെ വേദിയായി മാറുകയായിരുന്നു ജി 20 ഉച്ചകോടി. പാരീസ്‌ ഉടമ്പടിയിൽ നിന്നുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ പിന്മാറ്റത്തെ കാര്യമായി ഗൗനിക്കേണ്ടതില്ലെന്ന രാഷ്ട്രീയ പ്രതീതി സൃഷ്ടിച്ചെടുക്കുന്നതിൽ ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിച്ച ജർമ്മൻ ചാൻസലർ ഏഞ്ചല മർക്കലിന്റെ നയതന്ത്ര ചാതുര്യം അടിവരയിടുന്നതായി.
അമേരിക്കൻ ഭരണകൂടവുമായി ജി-20 ലെ മറ്റ്‌ 19 അംഗരാജ്യങ്ങൾക്ക്‌ വിയോജിപ്പ്‌ നിലനിൽക്കുന്നുവെന്ന്‌ മെർക്കലെ സമ്മതിക്കുമ്പോൾ തന്നെ വിയോജിപ്പ്‌ ആർക്കും പ്രകടിപ്പിക്കാമെന്ന അവരുടെ അഭിപ്രായം ശ്രദ്ധേയമായി. ‘അമേരിക്കയുമായി 19 അംഗരാജ്യങ്ങൾക്ക്‌ വിയോജിപ്പുണ്ടെന്നത്‌ വസ്തുതയാണ്‌. മറ്റുള്ളവരുടെ വിയോജിപ്പുകൾ വില കൽപ്പിക്കപ്പെടുമ്പോൾ മാത്രമാണ്‌ വിട്ടുവീഴ്ച ഉണ്ടാകുന്നത്‌. ഞങ്ങൾക്കും പറയാം വിയോജിക്കുന്നുവെന്ന്‌.’ പാരീസ്‌ ഉടമ്പടിയിൽ നിന്നുള്ള ട്രമ്പ്‌ ഭരണകൂടത്തിന്റെ പിന്മാറ്റം ജി-’19’ രാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നാണ്‌ ജർമ്മൻ ചാൻസലറുടെ ഈ പ്രസ്താവനയിൽ നിന്ന്‌ വ്യക്തമാകുന്നത്‌.
ജി 20 ഉച്ചകോടി തങ്ങളുടെ വ്യാപാര വാണിജ്യ താൽപര്യങ്ങൾ സംരക്ഷിച്ചെടുക്കുവാനുള്ള വേദിയാക്കി മാറ്റാനാകുമെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടൽ. എന്നാൽ പാരീസ്‌ ഉടമ്പടി പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിയിൽ ഒറ്റപ്പെട്ടതോടെ ട്രംപിന്റെ കണക്കുകൂട്ടലുകൾ വേണ്ടത്ര ഫലിക്കാതെ പോയി. ‘ആദ്യം അമേരിക്ക’ എന്ന ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യം കരുതപ്പെടുമ്പോലെ സാധൂകരിക്കപ്പെടുവാൻ പോകുന്നില്ലെന്ന സൂചനകൾ ശക്തമാണ്‌.
കാലാവസ്ഥാ സംരക്ഷണ ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറിയ ട്രംപിന്റെ നിലപാട്‌ വരുംതലമുറയോടുള്ള കടുത്ത വെല്ലുവിളിയെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടുന്ന ആഗോള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിൽ ജി 20 ഉച്ചകോടി വിജയിച്ചിരിക്കുന്നുവെന്നുവേണം വിലയിരുത്താൻ. അമേരിക്കൻ മേധാവിത്വ സംസ്ഥാപന അജൻഡകൾ ഇനിയുള്ള കാലം അന്താരാഷ്ട്രതലത്തിൽ വിലപോകില്ലെന്ന മൂന്നാര്റിയിപ്പുകൂടിയായി മാറുകയായിരുന്നു ജി 20 ഉച്ചകോടി.
പരസ്പര ബന്ധിത ലോകമെന്ന ആശയം മുന്നോട്ടുവയ്ക്കുന്ന സംയുക്ത വിളംബരത്തോടെയാണ്‌ രണ്ട്‌ ദിനം നീണ്ടുനിന്ന ജി 20 ഉച്ചകോടിക്ക്‌ പരിസമാപ്തിയായത്‌. ആഗോള സാമ്പത്തിക വെല്ലുവിളികളെ മറികടന്ന്‌ രാജ്യാന്തര സാമ്പത്തിക സഹകരണം ഊട്ടിയുറപ്പിക്കുകയെന്നതാണ്‌ സംയുക്ത വിളംബരത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഭീകരവാദം, ദാരിദ്ര്യം, വിശപ്പ്‌, ആരോഗ്യം, തൊഴിലസവരങ്ങൾ സൃഷ്ടിക്കൽ, കാലാവസ്ഥാ വ്യതിയാനം, ഊർജ്ജഭദ്രത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ച്‌ പ്രവർത്തിക്കുമെന്നതാണ്‌ വിളംബരത്തിന്റെ മുഖ്യ കാതൽ.

  Categories:
view more articles

About Article Author