ജീരകകൃഷിയിൽ വിജയഗാഥയുമായി കട്ടപ്പനയിലെ സിബി

ജീരകകൃഷിയിൽ വിജയഗാഥയുമായി കട്ടപ്പനയിലെ സിബി
January 10 04:45 2017

കട്ടപ്പന: ജീരക കൃഷിയിൽ വിജയഗാഥ രചിച്ച്‌ കട്ടപ്പനയിലെ യുവ കർഷകൻ. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും എല്ലാത്തരം കൃഷികളും സമൃദ്ധമായി വിളയുമെന്ന്‌ തെളിയിക്കുകയാണ്‌ മേലേചിന്നാർ നെല്ലിമലയിൽ സിബിയെന്ന കർഷകൻ. പാവൽ, പയർ തുടങ്ങി നിരവധി പച്ചക്കറികളും വാഴയും സിബി കൃഷി ചെയ്യുന്നുണ്ട്‌. ഇതിനു പുറമെയാണ്‌ പെരുംജീരകവും കൃഷി ചെയ്തത്‌. പരീക്ഷണാർത്ഥം നടത്തിയ കൃഷി ഇപ്പോൾ വിളവെടുപ്പിനു പാകമായി. ഉത്തർപ്രദേശിൽനിന്നു സുഹൃത്ത്‌ വഴിയാണ്‌ വിത്ത്‌ ലഭിച്ചത്‌. 50-ൽപ്പരം പെരുംജീരക ചെടികളാണ്‌ സിബിയുടെ വീട്ടുമുറ്റത്ത്‌ സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നത്‌. ജീരകച്ചെടികൾ കാണാൻ നിരവധി ആളുകളും എത്തുന്നുണ്ട്‌. കരിംജീരകം, സാധാരണ ജീരകം, പെരുംജീരകം, കാട്ടുജീരകം എന്നിങ്ങനെ നാലു തരത്തിലുള്ളവയാണ്‌ പ്രചാരത്തിലുള്ളത്‌.
കരിംജീരകവും കാട്ടുജീരകവും ഔഷധങ്ങളിൽ ഉപയോഗിക്കുമ്പോൾ പെരുംജീരകവും സാധാരണ ജീരകവും പാചകത്തിനായി ഉപയോഗിച്ചുവരുന്നു. ഔഷധഗുണമുള്ള സുഗന്ധ വ്യഞ്ജനമാണ്‌ പെരുംജീരകം. വായു സംബന്ധമായ അസുഖങ്ങൾക്ക്‌ ഉത്തമ ഔഷധമാണ്‌ പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ. ജലദോഷം, ബ്രോങ്കൈറ്റിസ്‌, മൂത്രതടസം എന്നിവയുടെ ശമനത്തിനും ഇതു ഉപയോഗിക്കുന്നു. പെരുംജീരകച്ചെടിയുടെ ഇലയും ഔഷധമായി ഉപയോഗിക്കുന്നുണ്ടെന്ന്‌ സിബി പറയുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്‌ ജീരകം കൃഷി ചെയ്യുന്നത്‌. വേനൽക്കാലത്ത്‌ ഇവ കൃഷി ചെയ്യാൻ കഴിയില്ല. സിറിയ, ഈജിപ്ത്‌, കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീരകം കൃഷി ചെയ്തുവരുന്നു. നമ്മുടെ രാജ്യത്ത്‌ കേരളം, ബംഗാൾ, അസാം എന്നീ സംസ്ഥാനങ്ങൾ ഒഴികെ മറ്റിടങ്ങളിലെല്ലാം ജീരകക്കൃഷിയുണ്ട്‌.
ഈർപ്പമുള്ള മണ്ണിൽ ചാണകം, കമ്പോസ്റ്റ്‌ എന്നിവ പ്രയോഗിച്ച്‌ ഇവ കൃഷി ചെയ്യാം. ഏഴു മുതൽ 14 ദിവസം കൊണ്ട്‌ വിത്തുകൾ മുളയ്ക്കും. ചെടികൾ മുളച്ച്‌ രണ്ട്‌ മാസം കഴിഞ്ഞാൽ പൂവിടും. ആറു മാസം കൊണ്ട്‌ വിളവെടുപ്പിനു പാകമാകും. ഹൈറേഞ്ചിൽ പെരുംജീരകം വ്യാപകമായി കൃഷി ചെയ്യാമെന്നാണ്‌ സിബിയുടെ അഭിപ്രായം. ഇതര സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന വിളകളെല്ലാം ഹൈറേഞ്ചിലും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്‌ സിബി.

  Categories:
view more articles

About Article Author