ജൂലൈ ഒന്നിന്‌ വിള ഇൻഷുറൻസ്‌ ദിനം ആചരിക്കും

ജൂലൈ ഒന്നിന്‌ വിള ഇൻഷുറൻസ്‌ ദിനം ആചരിക്കും
June 13 04:45 2017

കോഴിക്കോട്‌: ജൂലൈ ഒന്നിന്‌ എല്ലാ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനുകളിലും വിള ഇൻഷുറൻസ്‌ ദിനം ആചരിക്കും. ഗ്രാമപഞ്ചായത്ത്‌ ഭരണസമിതികളുടെയും കാർഷിക വികസന സമിതികളുടെയും നേതൃത്വത്തിലായിരിക്കും വിള ഇൻഷുറൻസ്‌ ദിനാചരണം.
പ്രകൃതിക്ഷോഭം കാരണം ഉണ്ടാകുന്ന ദുരിതങ്ങൾ കർഷകർക്ക്‌ വൻനാശ നഷ്ടങ്ങളാണ്‌ വിതയ്ക്കുന്നത്‌. വരൾച്ച, വെളളപ്പൊക്കം, കാറ്റ്‌ തുടങ്ങി ദുരിതങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി കർഷകർ നേരിടുന്നുണ്ട്‌. വിള ഇൻഷുറൻസ്‌ പദ്ധതി ആരംഭിച്ചിട്ട്‌ 21 വർഷം കഴിഞ്ഞെങ്കിലും കർഷകർക്ക്‌ നൽകുന്ന നഷ്ടപരിഹാര തുക വളരെ തുച്ഛമായിരുന്നു. എന്നാൽ സംസ്ഥാനത്ത്‌ 1995 മുതൽ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇൻഷുറൻസ്‌ പദ്ധതി, 21 വർഷങ്ങൾക്കുശേഷം, നഷ്ടപരിഹാര തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കി ആനുപാതികമായി ഉയർത്തിയും പ്രീമിയം തുക 50 ശതമാനം ഉയർത്തിയും ഇക്കഴിഞ്ഞ മാർച്ച്‌ മാസം പുനരാവിഷ്കരിച്ച്‌ ഉത്തരവാക്കിയിട്ടുണ്ട്‌.
പ്രീമിയം നിരക്ക്‌ സംസ്ഥാനത്തെ പ്രധാനപ്പെട്ട വിളകളായ നെല്ല്‌, പച്ചക്കറി, തെങ്ങ്‌ എന്നിവയുടെ കാര്യത്തിൽ 1995-ൽ നിലവിലുണ്ടായിരുന്ന അതേ നിരക്ക്‌ നില നിർത്തിയിട്ടുണ്ട്‌. പുനരാവിഷ്കരിച്ച വിള ഇൻഷുറൻസ്‌ പദ്ധതിയിലൂടെ വിവിധ വിളകൾക്ക്‌ നഷ്ടപരിഹാര തുകയിൽ ഇരട്ടി മുതൽ പത്തിരട്ടി വരെയുളള വൻദ്ധനവാണ്‌ ഉണ്ടായിട്ടുളളത്‌. ഈ സാഹചര്യത്തിലാണ്‌ പുതുക്കിയ വിള ഇൻഷുറൻസ്‌ പദ്ധതിയിൽ സംസ്ഥാനത്തിലെ മുഴുവൻ കർഷകരെയും അംഗങ്ങളാക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന കൃഷി വകുപ്പ്‌ ജൂലൈ ഒന്നിന്‌ വിള ഇൻഷുറൻസ്‌ ദിനാചരണമായി എല്ലാ കൃഷിഭവനുകളിലും ആഘോഷിക്കുന്നത്‌. കൃഷിവകുപ്പ്‌ നടത്തിലാക്കുന്ന എല്ലാ പദ്ധതികൾക്കും ആനുകൂല്യം ലഭിക്കുന്നതിന്‌ കർഷകർ നിർബന്ധമായും വിള ഇൻഷുറൻസ്‌ പദ്ധതിയിൽ അംഗങ്ങളായിരിക്കേണ്ടതാണെന്ന്‌ അധികൃതർ അറിയിച്ചു.
വരൾച്ച, വെളളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്‌, ഇടിമിന്നൽ, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ വിള ഇൻഷുറൻസിന്റെ പരിഗണനയിൽ വരും.
കായ്ഫലം നൽകുന്ന തെങ്ങൊന്നിന്‌ ഒരു വർഷത്തേക്ക്‌ രണ്ട്‌ രൂപയാണ്‌ പ്രീമിയം. നഷ്ടപരിഹാരത്തോത്‌ 2000 രൂപയും. കറയെടുക്കുന്ന റബ്ബർ മരത്തിന്‌ മൂന്ന്‌ രൂപയാണ്‌ ഒരു വർഷത്തെ പ്രീമിയം. റബർ മരം പൂർണമായും നശിച്ചാൽ 1000 രൂപ കർഷകന്‌ നഷ്ടപരിഹാരമായി ലഭിക്കും. നട്ടു കഴിഞ്ഞാൽ അഞ്ചു മാസത്തിനുളളിൽ വാഴ ഇൻഷുർ ചെയ്യണം. വാഴ ഒന്നിന്‌ മൂന്നു രൂപയാണ്‌ പ്രീമിയം. കുലച്ച ശേഷമാണ്‌ നഷ്ടപ്പെടുന്നതെങ്കിൽ നേന്ത്രനും കപ്പ വാഴയ്ക്കും 300 രൂപയും ഞാലിപ്പൂവന്‌ 200 രൂപയും മറ്റിനങ്ങൾക്ക്‌ 75 രൂപയും ലഭിക്കും. കുലയ്ക്കാത്ത വാഴയ്ക്കും നഷ്ട പരിഹാരമുണ്ട്‌.
25 സെന്റ്‌ സ്ഥലത്തെ നെൽകൃഷിക്ക്‌ 25 രൂപ മാത്രമാണ്‌ പ്രീമിയം. നട്ട്‌ 15 ദിവസം കഴിഞ്ഞ്‌ 45 ദിവസത്തിനുളളിൽ ഇൻഷുർ ചെയ്യണം. നട്ട്‌ ഒന്നര മാസത്തിനുളളിലാണ്‌ നഷ്ടം സംഭവിക്കുന്നതെങ്കിൽ 25 സെന്റിന്‌ 1500 രൂപയും 45 ദിവസത്തിന്‌ ശേഷമാണെങ്കിൽ 3500 രൂപയും നഷ്ട പരിഹാരം നൽകും. ഇങ്ങനെ ഓരോ വിളയ്ക്കും വർദ്ധിച്ച തോതിലുളള ആനുകൂല്യമാണ്‌ വിള ഇൻഷുറൻസിലൂടെ ലഭിക്കുക.
വിളകൾക്ക്‌ നഷ്ടം സംഭവിച്ചാൽ രണ്ടാഴ്ചക്കകം നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷിക്കണം. പൂർണ നാശത്തിനാണ്‌ നഷ്ടപരിഹാരം നൽകുക. കൃഷിഭവനിലാണ്‌ വിള ഇൻഷുറൻസ്‌ ചെയ്യുന്നതിനുളള അപേക്ഷ നൽകേണ്ടത്‌.

  Categories:
view more articles

About Article Author