ജെഎൻയുവിലെ ദുരവസ്ഥയ്ക്കെതിരെ പ്രതിരോധം കരുത്താർജിക്കണം

March 17 05:00 2017

രാജ്യത്തെ മുൻനിര സർവകലാശാലകളിൽ പ്രമുഖമായ ജവഹർലാൽ നെഹ്‌റു സർവകലാശാല അസ്വസ്ഥതകളിൽ നീറിപുകയുകയാണ്‌. സർവകലാശാലയിലെ ദളിത്‌ ഗവേഷക വിദ്യാർഥി മുത്തുകൃഷ്ണന്റെ മരണമാണ്‌ ഇപ്പോൾ ആ കാമ്പസിനെ അസ്വസ്ഥമാക്കുന്നത്‌. മുത്തുകൃഷ്ണന്റെ അസ്വാഭാവിക മരണത്തെപ്പറ്റി പട്ടികജാതി-പട്ടികവർഗ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രഥമവിവര റിപ്പോർട്ട്‌ രജിസ്റ്റർ ചെയ്ത്‌ അന്വേഷണത്തിന്‌ ഡൽഹി പൊലീസിനോട്‌ ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ബുധനാഴ്ച രാജ്യസഭയെ അറിയിക്കുകയുണ്ടായി. അതീവ ഗുരുതരമായ വിഷയത്തിൽ 48 മണിക്കൂറിനുള്ളിൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ വീഴ്ച വന്നതായി മന്ത്രി ഉപരിസഭയിൽ സമ്മതിക്കുകയുണ്ടായി. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന്‌ അച്ഛൻ ജീവാനന്ദം ആവശ്യപ്പെട്ടിരുന്നു. മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്തതാണെങ്കിൽത്തന്നെ അതേപ്പറ്റി സൂചന നൽകുന്ന യാതൊരു കുറിപ്പും കണ്ടെത്താനായിട്ടില്ല. മരണത്തിന്‌ തൊട്ടുമുമ്പുള്ള ദിവസങ്ങളിലുള്ള മുത്തുകൃഷ്ണന്റെ ഫേസ്ബുക്ക്‌ പോസ്റ്റുകളിൽ ഒരു ദളിത്‌ വിദ്യാർഥി എന്ന നിലയിൽ ജെഎൻയുവിൽ അഡ്മിഷൻ ലഭിക്കുന്നതിനും തുടർന്നും നേരിടേണ്ടിവന്ന അവഗണനകളെപ്പറ്റിയും വിവേചനത്തെപ്പറ്റിയും വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്‌. മുത്തുകൃഷ്ണൻ ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ അവിടെ പതിനാല്‌ മാസങ്ങൾക്ക്‌ മുമ്പ്‌ ആത്മഹത്യ ചെയ്ത രോഹിത്‌ വെമുലയുമായി ഉറ്റ സൗഹൃദം പുലർത്തിയിരുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ പൊതുവേ ഇളക്കിമറിച്ച രോഹിതിന്റെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെട്ടതുപോലെ മുത്തുകൃഷ്ണന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണവും തേച്ചുമായ്ക്കപ്പെടുമെന്ന ആശങ്ക ശക്തമാണ്‌. മുത്തുകൃഷ്ണന്റെ മരണം ഒരിക്കൽക്കൂടി രാജ്യത്തെ കാമ്പസുകളുടെ അവസ്ഥയെപറ്റി ഒട്ടേറെ ഉൽക്കണ്ഠകൾക്ക്‌ വഴിതെളിച്ചിരിക്കുന്നു. ജെഎൻയുവിലെ മറ്റൊരു ഗവേഷക വിദ്യാർഥി നജീബ്‌ അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിയാതെ തുടരവെയാണ്‌ പുതിയ സംഭവവികാസമെന്നതും ശ്രദ്ധേയമാണ്‌.
ജെഎൻയു അടക്കം രാജ്യത്തെ സർവകലാശാലകളിൽ ഉന്നതപഠനത്തിനുള്ള പ്രവേശന മാനദണ്ഡങ്ങളിൽ യുജിസിയും സർവകലാശാല ഭരണസംവിധാനങ്ങളും നടപ്പാക്കിയതും നടപ്പാക്കാൻ ശ്രമിക്കുന്നതുമായ പരിഷ്കാരങ്ങൾ കടുത്ത എതിർപ്പ്‌ അക്കാദമിക്‌ സമൂഹത്തിൽ ഉയർന്നുവരാൻ ഇടയാക്കിയിട്ടുണ്ട്‌. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന ദളിതർ, ആദിവാസികൾ, മറ്റ്‌ പിന്നാക്ക വിഭാഗങ്ങൾ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങൾക്ക്‌ അവസരം നിഷേധിക്കുന്നവയാണ്‌ ഈ പരിഷ്കാരങ്ങൾ എന്ന വിമർശനം ഉയരുന്നുണ്ട്‌. ഈ വിഭാഗങ്ങൾ മുമ്പും ഏറെ വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്‌. എന്നാൽ അവർക്ക്‌ ബോധപൂർവം അവസരം നിഷേധിക്കുന്നവയാണ്‌ പുതിയ പരിഷ്കാരങ്ങൾ എന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. മുത്തുകൃഷ്ണനെപോലെ ഉന്നതവിദ്യാഭ്യാസം നേടുന്ന ഒന്നാം തലമുറ വിദ്യാർഥികൾക്ക്‌ പഠനം അപ്രാപ്യമാക്കുക എന്ന ഗൂഢലക്ഷ്യം പോലും ഈ പരിഷ്കാര നടപടികൾക്കു പിന്നിലുണ്ടെന്നാണ്‌ അവക്കെതിരെ സമരരംഗത്തുളള വിദ്യാർഥിസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്‌. എംഎ പ്രവേശനത്തിനും എംഫിൽ പ്രവേശനത്തിനും രണ്ട്‌ തവണ വീതം പരീക്ഷയെഴുതി, രണ്ട്‌ തവണ അഭിമുഖം നടത്തിയിട്ടും ലഭിക്കാതിരുന്ന പ്രവേശനമാണ്‌ പിഎച്ച്ഡിക്ക്‌ അവസാനം അയാൾക്ക്‌ ലഭിച്ചത്‌. വിദ്യാർഥിയുടെ സാമൂഹ്യ, സാമുദായിക, സാമ്പത്തിക പശ്ചാത്തലം വിദ്യാഭ്യാസ യോഗ്യതയേക്കാൾ പ്രാധാന്യമർഹിക്കുന്നുവെന്നാണ്‌ വിമർശനം. ഗവേഷണം സംബന്ധിച്ച ഉപക്ഷേപം 38 തവണ മാറ്റിയെഴുതാൻ അയാൾ നിർബന്ധിതനായി എന്നും ആരോപണമുണ്ട്‌.
ഗവേഷണ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിൽ മാർഗദർശികളായ അധ്യാപകർ ജാതിപരമായ കടുത്ത വിവേചനം വച്ചുപുലർത്തുന്നതായും ആരോപണം ഉയരുന്നുണ്ട്‌. മുത്തുകൃഷ്ണന്റെ കാര്യത്തിൽ ഒരു സെമസ്റ്റർ പിന്നിട്ടിട്ടും ഗൈഡിനെ കണ്ടെത്താനായിട്ടില്ലെന്നും പരാതിയുണ്ട്‌. അന്തിമ പരീക്ഷയിൽ വാചാപരീക്ഷയ്ക്ക്‌ മാർക്ക്‌ നൽകുന്നതിൽ ജാതിപരമായ വിവേചനം നിലനിൽക്കുന്നതായി തെളിവുകൾ സഹിതം വിദ്യാർഥികൾ ആരോപിക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം മുത്തുകൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം വിലയിരുത്തപ്പെടേണ്ടത്‌. അന്വേഷണം നടത്തുന്ന ഡൽഹി പൊലീസിന്റെ നിഷ്പക്ഷതയും കാര്യക്ഷമതയും സംശയകരമാണ്‌. നജീബ്‌ അഹമ്മദിന്റെ തിരോധാനം, കനയ്യകുമാർ ഉൾപ്പെടെ വിദ്യാർഥികളുടെ കേസിൽ അവലംബിച്ച നഗ്നമായ പക്ഷപാതിത്വം എന്നിവ ആ സംശയങ്ങൾക്ക്‌ ബലം പകരുന്നു. നരേന്ദ്രമോഡി സർക്കാരിന്റെ വർഗീയ അജൻഡ നടപ്പാക്കാനുള്ള ഉപകരണങ്ങളായി പൊലീസും സർവകലാശാല ഭരണ സംവിധാനങ്ങളും അധഃപതിച്ചിരിക്കുന്നു. രാജ്യത്തെ സർവകലാശാലകളെ ഇന്നത്തെ അപമാനകരമായ ദുരവസ്ഥയിൽ നിന്നും രക്ഷിക്കാൻ പുരോഗമന ജനാധിപത്യ മതേതര ശക്തികൾ നിശ്ചയദാർഢ്യത്തോടെ പ്രതിരോധം ശക്തമാക്കിയേ മതിയാവൂ.

  Categories:
view more articles

About Article Author