ജൈവകൃഷി വ്യാപനത്തിന്‌ വൻപദ്ധതികളുമായി കൃഷിവകുപ്പ്‌

ജൈവകൃഷി വ്യാപനത്തിന്‌ വൻപദ്ധതികളുമായി കൃഷിവകുപ്പ്‌
January 08 04:45 2017

നല്ല കൃഷി മുറയ്ക്ക്‌ പത്തുകോടിയുടെ പദ്ധതി

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം വിഷരഹിതമായ പഴം, പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനായി ജൈവകൃഷി വ്യാപന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതിനായി കൃഷിവകുപ്പ്‌ 10 കോടി രൂപ അനുവദിച്ചു.
നല്ല കൃഷി മുറകൾ പാലിച്ചുകൊണ്ട്‌ വിഷരഹിതമായ പഴം, പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിന്‌ 25 ഹെക്ടർ വീതമുള്ള 292 ക്ലസ്റ്ററുകളിൽ കൃഷിയ്ക്കുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്‌. പുതിയ 152 ജിഎപി ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിനും നല്ലകൃഷി മുറകൾ (ജിഎപി) പാലിച്ച്‌ കൃഷി ചെയ്യുന്നതിന്‌ പ്രോത്സാഹിപ്പിക്കുന്നതിനും അനുമതി ലഭ്യമാക്കുകയും ചെയ്തു.
കർഷകരുടെ കൃഷിയിടങ്ങളിൽ തന്നെ ജൈവവളം ഉൽപാദിപ്പിക്കുന്നതിനായി ഒരു ബ്ലോക്കിൽ 10 റൂറൽ കമ്പോസ്റ്റ്‌, 10 മണ്ണിര കമ്പോസ്റ്റ്‌ എന്നീ ക്രമത്തിൽ 2920 ജൈവവള നിർമ്മാണ യൂണിറ്റുകൾ 75 ശതമാനം സബ്സിഡി നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 45 ഇക്കോഷോപ്പുകൾ പ്രവർത്തിച്ചുവരുന്നുണ്ട്‌. കൂടാതെ പുതിയ 15 ഇക്കോഷോപ്പുകൾ കൂടി സ്ഥാപിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്‌.
ജൈവരീതിയിൽ കൃഷിചെയ്യുന്ന ഉത്പന്നങ്ങൾ ലേബലും സർട്ടിഫിക്കേഷനോടും കൂടി ഇക്കോഷോപ്പ്‌ മുഖാന്തിരം വിൽപന നടത്തുന്നതിന്‌ കിലോയ്ക്ക്‌ അഞ്ചു രൂപ നിരക്കിൽ പ്രോത്സാഹന തുക (ഇൻസെന്റീവ്‌) നൽകും. ജൈവകൃഷി വ്യാപനത്തിനായി ജൈവകൃഷിയിൽ മികച്ച പ്രവർത്തനം നടത്തുന്ന നിയോജക മണ്ഡലം, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക്‌ നിലവിൽ നൽകി വരുന്ന അവാർഡ്‌ തുക നൽകാനും തീരുമാനിച്ചിട്ടുണ്ട്‌.
നല്ല കൃഷി മുറകൾ (ജിഎപി) പാലിച്ച്‌ ക്ലസ്റ്ററുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക്‌ ജിഎപി സർട്ടിഫിക്കേഷൻ സഹിതം പ്രത്യേക പായ്ക്കിംഗ്‌ ലേബലിംഗ്‌ നടത്തി റസിഡന്റ്സ്‌ അസോസിയേഷനുകളിൽ വിൽപന നടത്തുന്നതിന്‌ ക്ലസ്റ്ററുകൾക്ക്‌ ധനസഹായം നൽകാനും തീരുമാനമായി. കൃഷിയിടങ്ങൽക്ക്‌ പിജിഎസ്‌ സർട്ടിഫിക്കേഷൻ നൽകുന്നതിന്‌ എല്ലാകൃഷിഭവനുകളേയും റീജിയണൽ കൗൺസിലുകളായി (ആർസി) രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള നിർദ്ദേശം ആർസിഒഎഫിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചു.
ഇവയ്ക്ക്‌ പുറമെ അഞ്ചു വർഷം കൊണ്ട്‌ കേരളത്തിലെ 50000 ഹെക്ടർ പ്രദേശത്ത്‌ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും കൂടുതൽ ഇക്കോഷോപ്പുകൾ സ്ഥാപിക്കുന്നതിനും കൃഷിവകുപ്പ്‌ പദ്ധതി തയ്യാറാക്കിവരികയാണ്‌.

  Categories:
view more articles

About Article Author