ജർമ്മനിയുടെ കോട്ട നഗരം

ജർമ്മനിയുടെ കോട്ട നഗരം
April 20 04:45 2017

അരുൺ ജി എച്ച്‌
യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നാണ്‌ ജർമ്മനി. 1961 മുതൽ 1989 വരെ ലോക പ്രശസ്തമായ ബെർലിൻ മതിലിന്റെ പേരിലറിയപ്പെട്ടിരുന്ന ജർമ്മനി ഇന്ന്‌ യൂറോപ്പിൽ റഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ്‌. ജർമ്മനിയുടെ ബവേറിയയിലുള്ള ഇംപീരിയൽ സിറ്റിയാണ്‌ ‘റോതെൻബർഗ്ഗ്‌ ഒബ്‌ ദേർ ഠൗബർ’ എന്നറിയപ്പെടുന്ന മനോഹര നഗരമായ റോതെൻബർഗ്ഗ്‌. മധ്യ കാലഘട്ടത്തിലെ കാൽപനിക നഗരം.
മധ്യ കാലഘട്ടത്തിൽ മ്യൂണിക്ക്‌, ഫ്രാങ്ക്ഫർട്ട്‌ നഗരങ്ങളോക്കെ ഒന്നുമല്ലാതിരുന്ന സമയത്ത്‌ റോതെൻബർഗ്ഗ്‌ ജർമ്മനിയുടെ രണ്ടാമത്തെ വലിയ നഗരമായിരുന്നു. ജനസംഖ്യ ആറായിരം, അക്കാലഘട്ടത്തിലെ വലിയ ജനസംഖ്യ. ഇന്നും ഇവിടെ ജനതിരക്കിന്‌ കുറവില്ല. വിലയേറിയ സ്മാരകങ്ങളുമായി റോതെൻബർഗ്ഗ്‌ നഗരം അണിഞ്ഞൊരുങ്ങി നിൽക്കുന്നു. ആധുനികതയുടെ പുറകെ നീങ്ങുന്ന പരിഷ്കൃത സമൂഹത്തിനു മുന്നിൽ പുരാതന കാലത്തെ വർണ്ണം വിളിച്ചോതുന്ന തരത്തിലുള്ള ദൃശ്യാനുഭവങ്ങളാണ്‌ റോതെൻബർഗ്ഗിന്റെ നഗരക്കാഴ്ച്ചകൾ സമ്മാനിക്കുന്നത്‌. ലോക ചരിത്രത്തിലെ ഒരുപാട്‌ യുദ്ധങ്ങൾക്കും നുറ്റാണ്ടുകളോളം നീണ്ടു നിന്ന കലഹങ്ങളൾക്കും സാക്ഷിയായ ഈ നഗരം പ്രൗഡിയുടെ മധ്യകാലഘട്ടത്തിൽ രണ്ട്‌ മഹത്തായ വ്യാപാര റൂട്ടുകളുടെ പ്രധാന കവലയായിരുന്നു. ഹാർബർഗ്ഗിൽനിന്ന്‌ ഇറ്റലിയിലെ വെനീസിലേക്കുള്ള വ്യാപാര റൂട്ടിലെ പ്രധാന ഇടത്താവളം. പക്ഷേ ഇന്ന്‌ ഇവിടുത്തെ പ്രധാന വ്യവസായം ടൂറിസമാണ്‌. ഉത്സവങ്ങളുടെ നഗരമാണിത്‌. എന്നും ക്രിസ്തുമസ്‌ ആഘോഷിക്കുന്ന നഗരമെന്ന ഖ്യാതി റോതെൻബർഗ്ഗിനു മാത്രമുള്ളതാണ്‌. കൈകൊണ്ട്‌ മെനഞ്ഞെടുത്ത ക്രിസ്തുമസ്‌ സമ്മാനങ്ങളും സുവനീറുകളുമായി വർഷം മുഴുവൻ തുറന്നിരിക്കുന്ന കടകൾ ഇവിടുത്തെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്‌. 1400ൽ നിർമ്മിച്ച കെട്ടിടങ്ങളാണ്‌ ഇവിടുത്തെ നഗരങ്ങളിലേറെയും. പഴമയുടെ ക്ലാസിക്ക്‌ ടച്ച്‌ എവിടെയും കാണാം. കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട പഴയ നഗരമായതുകൊണ്ടാവണം റോതെൻബർഗ്ഗിനെ കോട്ട നഗരം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. മതിലിനു മുകളിലൂടെ കെട്ടി ഒരുക്കിയ നടപ്പാതയിലൂടെ നടന്ന്‌ നഗരക്കാഴ്ച്ചകൾ കാണാം. നഗരകവാടത്തിലെ ടവറിൽ കയറിന്നിന്നാൽ നഗരം മുഴുവൻ നന്നായി കാണാം. രണ്ടാം ലോകമഹായുദ്ധം റോതെൻബർഗ്ഗിന്റെ ചരിത്രത്താളുകളിൽ സ്ഥാനം നേടിയിട്ടുണ്ട്‌. യുദ്ധത്തിന്റെ അവസാന ആഴ്ചകളിൽ 1945 മാർച്ച്‌ 31ന്‌ സഖ്യകക്ഷികളുടെ 16 യുദ്ധവിമാനങ്ങൾ നഗരത്തിൽ ബോംബ്‌ വർഷം നടത്തി. 37 പേർ കൊല്ലപ്പെട്ട ബോംബിങ്ങിൽ നഗരത്തിന്റെ ഏറിയപങ്കും തകർന്നു. 306 വീടുകളും 9 നിരീക്ഷക ടവറുകളും, 2000 അടി മതിലും തകർന്നു. പക്ഷേ ഇതിനെക്കാൾ റോതെൻബർഗ്ഗിനെ ഏറ്റവുമധികം ഞെട്ടിച്ച ദുരന്തമുണ്ടായത്‌ 400 വർഷങ്ങൾക്ക്‌ മുമ്പായിരുന്നു. അക്കാലത്ത്‌ ‘തേട്ടി ഈയേഴ്സ്‌ വാർ’ എന്നറിയപ്പെട്ടിരുന്ന യുദ്ധത്തിൽ റോതെൻബർഗ്ഗ്‌ തകർന്ന്‌ തരിപ്പണമായി. 1631 ഒക്ടോബറിൽ കത്തോലിക്കനായ ടില്ലി പ്രഭു ജൊഹാൻ സെർക്ലയ്സ്‌ തന്റെ നാൽപതിനായിരം വരുന്ന സേനയുമായി റോതെൻബർഗ്ഗിലേക്ക്‌ മാർച്ച്‌ ചെയ്തു. പ്രൊട്ടസ്റ്റന്റ്‌ ലൂഥറിൻ വിഭാഗക്കാരായ റോതെൻബർഗ്ഗുകാർ സെർക്ലയിസിന്റെ പടയെ ചെറുത്തുനിന്നു. എന്നാൽ ടില്ലി പ്രഭുവിന്റെ പടയാളികൾ അനായാസം റോതെൻബർഗ്ഗ്‌ കീഴടക്കി.
ശീതകാലത്ത്‌ ഇവർ സ്ഥലംവിട്ടപ്പോഴേക്കും നഗരം ശൂന്യവും ദരിദ്രവുമായി മാറിയിരുന്നു. 1634ലെ കറുത്തമരണം കൂടുതൽ നാശം വിതച്ചു. സമ്പത്തും മറ്റും നഷ്ടപ്പെട്ട റോതെൻബർഗ്ഗിന്റെ വളർച്ച ഇതോടെ മുരടിച്ചു. റോതെൻബർഗ്ഗിനു പറയാൻ മറ്റോരു രസകരമായ ചരിത്രം കൂടിയുണ്ട്‌, 1600കളിൽ കത്തോലിക്കാ പടയാളികൾ പ്രൊട്ടസ്റ്റന്റ്കാരുടെ റോതെൻബർഗ്ഗ്‌ നഗരം പിടിച്ചെടുത്തു. അന്നത്തെ ആചാരമനുസരിച്ച്‌ കത്തോലിക്കർ നഗരത്തിലെ നേതാക്കളേയും പൗരപ്രമുഖരേയും ഒരു യോഗത്തിനായി വിളിച്ചുകൂട്ടി. യോഗത്തിൽ കത്തോലിക്കാ സേനയുടെ ജനറൽ ഒരു വിചിത്ര ആശയം മുന്നോട്ടു വച്ചു. ഈ നഗരത്തിലെ ആരെങ്കിലും 3 ലിറ്റർ കൊള്ളുന്ന ഒരു പാത്രം നിറയെ വീഞ്ഞ്‌ ഒറ്റവലിക്ക്‌ കുടിച്ചാൽ തങ്ങൾ ഈ നഗരം വിട്ട്‌ പോയിക്കൊള്ളാം എന്ന്‌ ജനറൽ വാക്ക്‌ കൊടുത്തു. റോതെൻബർഗ്ഗിലെ റിട്ടയേർഡ്‌ മെയർ ഈ വെല്ലുവിളി ഏറ്റെടുത്തു. മെയർ ഒറ്റവലിക്ക്‌ വീഞ്ഞ്‌ കുടിച്ചു അടുത്ത മൂന്ന്‌ ദിവസം മെയർ ഉറക്കത്തിലായിരുന്നു, പക്ഷേ അതുകൊണ്ട്‌ നഗരം കത്തോലിക്കരുടെ പിടിയിൽ നിന്ന്‌ രക്ഷപ്പെട്ടു. ഇന്ന്‌ നഗര ചത്വരത്തിൽ ഈ ഇതിഹാസ കഥയുടെ പുനരാവിഷ്ക്കാരണം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ ചരിത്രം പരിശോധിച്ചാൽ കത്തോലിക്കരും മറ്റും പലതവണ റോതെൻബർഗ്ഗ്‌ കീഴടക്കിയതായി കാണാം. നഗരത്തിന്റെ പ്രതാപകാലം അതോടെ തീരുകയും ചെയ്യ്തു പിന്നീട്‌ 19-ാ‍ം നൂറ്റാണ്ടിൽ നഗരം ബവേറിയയുടെ ഭാഗമായതോടെ പഴയ പ്രതാപം വീണ്ടെടുക്കുകയായിരുന്നു. കാൽപനിക കലാകാരൻമാർ പഴയ റോതെൻബർഗ്ഗിനെ വീണ്ടും കണ്ടെത്തി അവർ നഗരത്തിലേക്ക്‌ ടൂറിസം കൊണ്ടുവന്നു. പ്രധാന നഗരത്തിന്‌ മാറ്റം വരുത്താതെ നഗരം സംരക്ഷിക്കാനുള്ള നിയമം നിലവിൽ വന്നു. നിലവിൽ വന്നു. ഇന്ന്‌ ജർമ്മനിയിൽ ഏറ്റവും നന്നായി സംരക്ഷിക്കപെടുന്ന മധ്യ കാലഘട്ട നഗരമാണ്‌ റോതെൻബർഗ്ഗ്‌.

  Categories:
view more articles

About Article Author