ഝാൻസി യാത്രയായി ഗോദാവരിയുടെ മടിത്തട്ടിലേക്ക്‌

ഝാൻസി യാത്രയായി ഗോദാവരിയുടെ മടിത്തട്ടിലേക്ക്‌
May 19 04:45 2017

കോഴിക്കോട്‌: വഴിതെറ്റിയെത്തി ഒരു വർഷത്തോളമായി വെള്ളിമാടുകുന്ന്‌ ഷോർട്ട്സ്റ്റേ ഹോമിലെ അന്തേവാസിയായിരുന്ന ജുതുക ഝാൻസി എന്ന യുവതി സഹോദരനൊപ്പം ആന്ധ്രാപ്രദേശിലെ ഈസ്റ്റ്‌ ഗോദാവരിയിലെ രാമചന്ദ്രപുരം മുച്ചുമില്ലിയിലെ വീട്ടിലേക്ക്‌ യാത്രയായി. വെള്ളിമാടുകുന്ന്‌ ഷോർട്ട്സ്റ്റേ ഹോമിൽനിന്ന്‌ ഒരു അന്തേവാസി ആദ്യമായി വീട്ടിലേക്ക്‌ മടങ്ങുന്ന സാർഥക നിമിഷങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ ലളിതമായ യാത്രയയപ്പ്‌ ചടങ്ങ്‌ സംഘടിപ്പിച്ചു. സബ്ജഡ്ജും ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി സെക്രട്ടറിയുമായ ആർ എൽ ബൈജു ഉദ്ഘാടനം ചെയ്തു.
വീട്‌ വിടുന്ന സമയത്ത്‌ രണ്ടുവർഷമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു ഝാൻസി എന്ന്‌ ബന്ധുക്കൾ പറഞ്ഞു. അവളെ ദത്തെടുത്തിരുന്ന ലക്ഷ്മണറാവു പിന്നീട്‌ മാതാപിതാക്കളുടെ അടുത്ത്‌ തിരിച്ചുകൊണ്ടാക്കി. ഏതാനും ദിവസം കഴിഞ്ഞ്‌ അവൾ വീട്ടിലാരെയും അറിയിക്കാതെ നാടുവിടുകയായിരുന്നുവെന്നാണ്‌ ആന്ധ്ര പൊലീസിൽ നൽകിയ വിവരം. 2016 ജൂലൈ മൂന്നിനാണ്‌ കോഴിക്കോട്‌ നഗരത്തിൽനിന്ന്‌ വനിതാ പൊലീസ്‌ ഝാൻസിയെ കണ്ടെത്തുന്നത്‌. അന്ന്‌ 23 വയസ്സായിരുന്നു പ്രായം. ഷോർട്ട്‌ സ്റ്റേ ഹോമിൽ വന്ന സമയം ഒന്നും സംസാരിക്കില്ലായിരുന്നു. മൂളൽ മാത്രം. മാനസിക പ്രശ്നം കാണിച്ചപ്പോൾ കോഴിക്കോട്‌ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ പതിവായി കാണിച്ച്‌ ചികിത്സ തേടി. മരുന്നുകൾ കൃത്യമായി കഴിച്ചതിനാൽ രോഗം ഭേദമായി വന്നു.
അതിനിടെ സാമൂഹിക പ്രവർത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പിലെ മുൻ ഉദ്യോഗസ്ഥനുമായ എം ശിവന്റെ സഹായത്തോടെ ഝാൻസിയിൽനിന്ന്‌ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതാണ്‌ വഴിത്തിരിവായത്‌. പത്താം തരം വരെ പഠിച്ച ഝാൻസി സ്കൂളിന്റെ പേരും നാടും ഇംഗ്ലീഷിൽ എഴുതി നൽകി. ശിവൻ ഈസ്റ്റ്‌ ഗോദാവരിയിലെ പൊലീസുമായി ബന്ധപ്പെട്ട്‌ ബന്ധുക്കളുമായി സംസാരിച്ചു. അവർ ഝാൻസിയെ സ്വീകരിക്കാൻ തായറായി. സഹോദരെ‍ൻറ ഭാര്യയുമായി സംസാരിച്ചപ്പോഴാണ്‌ ഝാൻസിയുടെ ചുണ്ടിൽ ചിരി തിരിച്ചുവന്നത്‌. സഹോദരൻ ലോകേഷ്‌, പഞ്ചായത്തംഗം കോലമൂരി ശിവാജി എന്നിവരടക്കം അഞ്ചുപേരാണ്‌ ഝാൻസിയെ കൊണ്ടുപോവാനെത്തിയത്‌. വ്യാഴാഴ്ച വൈകിട്ടത്തെ ചെന്നൈ മെയിലിൽ ഝാൻസി ഇവർക്കൊപ്പം മടങ്ങി.
യാത്രയയപ്പ്‌ ചടങ്ങിൽ ജില്ലാ സാമൂഹികനീതി ഓഫീസർ ടി പി സാറാമ്മ അധ്യക്ഷത വഹിച്ചു. ഷോർട്ട്‌ സ്റ്റേ ഹോം സൂപ്രണ്ട്‌ എൻ റസിയ, സാമൂഹിക പ്രവർത്തകൻ എം ശിവൻ, ഐ ആന്റ്‌ പി ആർ ഡി അസി. ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്‌, കെ. പ്രകാശൻ, എ പി അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.

  Categories:
view more articles

About Article Author