ടിപ്പി-ദ’മൗഗ്ലി’ ഗേൾ ഓഫ്‌ ആഫ്രിക്ക

ടിപ്പി-ദ’മൗഗ്ലി’ ഗേൾ ഓഫ്‌ ആഫ്രിക്ക
April 21 04:50 2017

കാട്ടിനുള്ളിൽ ചെറിയ കൂടാരം കെട്ടിയാണ്‌ അലൈൻ ഡിഗ്രെ – സിൽവിയ റോബർട്ട്‌ ദമ്പതികൾ കഴിഞ്ഞിരുന്നത്‌. ടിപ്പിയുടെ ജനനശേഷവും ഇതേ രീതിയിൽ തന്നെയാണ്‌ കഴിഞ്ഞിരുന്നത്‌. വന്യമൃഗങ്ങൾ ഒന്നും തന്നെ ഇവരെ ശല്യപ്പെടുത്തിയിട്ടില്ല

ഹൃദ്യ മേനോൻ
ഇരുപത്തെട്ട്‌ വയസ്‌ പ്രായംവരുന്ന അബു, പിന്നെ ജെ ആൻഡ്‌ ബിയും; ഇവരാണ്‌ ടിപ്പിയുടെ ഉറ്റ സുഹൃത്തുക്കൾ. അബുവിനും ജെ ആൻഡ്‌ ബിക്കും പുറമേ എണ്ണിയാൽ ഒടുങ്ങാത്ത കൂട്ടുകാർ ടിപ്പിക്കുണ്ട്‌. ഇവർക്കൊപ്പമാണ്‌ ടിപ്പി കുട്ടിക്കാലം ചിലവിട്ടത്‌. ഇവരിൽ അബുവിന്‌ ഒരു പ്രത്യേകതയുണ്ട്‌. കാരണം അബു ടിപ്പിക്ക്‌ സുഹൃത്ത്‌ മാത്രമല്ല വല്യേട്ടൻ കൂടിയാണ്‌. പത്തുവർഷത്തെ നമീബിയ ജീവിതത്തിനൊടുവിൽ ടിപ്പി പാരീസിലേക്ക്‌ യാത്രതിരിച്ചു. വല്യേട്ടനെയും സുഹൃത്തുക്കളെയും കാട്ടിൽ ഉപേക്ഷിച്ച്‌.
വൈൽഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫർമാരായ അലൈൻ ഡിഗ്രെ – സിൽവിയ റോബർട്ട്‌ ദമ്പതികളുടെ മകളാണ്‌ ടിപ്പി ഡിഗ്രെ. അമേരിക്കൻ അഭിനേത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ ടിപ്പി ഹെഡ്‌റണിനോടുള്ള ആരാധനയാണ്‌ മകൾക്ക്‌ ടിപ്പി എന്ന്‌ പേരിടാൻ അലൈനെയും സിൽവിയയെയും പ്രേരിപ്പിച്ചത്‌. കാടിന്റെ ഉള്ളറിഞ്ഞ്‌ അതിന്റെ വശ്യ സൗന്ദര്യം ക്യാമറയിൽ പകർത്താനാണ്‌ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ നിന്നും അലൈനും സിൽവിയയും ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ എത്തിയത്‌. അവിടെ വച്ച്‌ 1990ൽ ആണ്‌ ടിപ്പി ജനിക്കുന്നത്‌. കാടിന്റെ മകളായി അങ്ങനെ ടിപ്പി വളർന്നു.
ശരിക്കും പറഞ്ഞാൽ ആഫ്രിക്കയുടെ മൗഗ്ലിയായിട്ടാണ്‌ ടിപ്പി വളർന്നത്‌. സ്വന്തം അച്ഛനമ്മമാർ കൂടെയുണ്ടായിരുന്നു എന്നതൊഴിച്ചാൽ ടിപ്പിയുടെ ജീവിതം ജംഗിൾ ബുക്കിലൂടെ റുഡ്‌യാഡ്‌ കിപ്ലിങ്‌ വിവരിച്ച മൗഗ്ലിക്ക്‌ സമാനമായിരുന്നു. ടിപ്പിയുടെ ഉറ്റ സുഹൃത്തുക്കൾ മനുഷ്യരല്ല, അരുമ മൃഗങ്ങളുമല്ല, മറിച്ച്‌ വന്യമൃഗങ്ങളായിരുന്നു. ജനിച്ച അന്നുമുതൽ ടിപ്പിയുടെ ക്യാമറക്കണ്ണുകൾ തുറന്നത്‌ കാടിന്റെ മനോഹാരിതയിലേക്കാണ്‌. അങ്ങനെയാണ്‌ കാടും കാട്ടുമൃഗങ്ങളും ടിപ്പിക്ക്‌ നാടും നാട്ടാരുമായത്‌.
നാട്ടാനകളുടെ മുന്നിൽപോലും കൊച്ചു കുഞ്ഞുങ്ങളെ തനിച്ച്‌ നിർത്താൻ നമ്മളിലാരും ധൈര്യം കാട്ടാറില്ല. എന്നാൽ ഇന്ത്യൻ കരിവീരന്മാരെക്കാൾ ഭീമന്മാരായ ആഫ്രിക്കൻ ആനക്കൂട്ടത്തിനിടയിലൂടെ ഓടി നടക്കാൻ കൊച്ചുടിപ്പിക്ക്‌ കഴിയുമായിരുന്നു. തുടക്കത്തിൽ പറഞ്ഞ അബു, ടിപ്പിയുടെ വല്യേട്ടൻ – ഈ ആഫ്രിക്കൻ ആനക്കൂട്ടത്തിലെ 10 അടിപൊക്കവും അഞ്ച്‌ ടൺ ഭാരവുമുള്ള തലയെടുപ്പുള്ള കൊമ്പനാണ്‌. പിന്നെ ജെ ആൻഡ്‌ ബി ഒരുശിരൻ പുള്ളിപ്പുലിയും. മീർക്യാറ്റുകൾ (കീരി വർഗത്തിൽപ്പെട്ട ജീവി), ഒട്ടകപക്ഷി, കുട്ടി സീബ്ര, ജിറാഫുകൾ, ആഫ്രിക്കൻ ഗ്രേ പാരറ്റ്‌, ചീറ്റ, സിംഹക്കുട്ടികൾ, മുതലകൾ, പാമ്പുകൾ അങ്ങനെ അങ്ങനെ നീളുന്നു ടിപ്പിയുടെ ഫ്രണ്ട്സ്‌ ലിസ്റ്റ്‌.
കാട്ടിനുള്ളിൽ ചെറിയ കൂടാരം കെട്ടിയാണ്‌ അലൈൻ ഡിഗ്രെ – സിൽവിയ റോബർട്ട്‌ ദമ്പതികൾ കഴിഞ്ഞിരുന്നത്‌. ടിപ്പിയുടെ ജനനശേഷവും ഇതേ രീതിയിൽ തന്നെയാണ്‌ കഴിഞ്ഞിരുന്നത്‌. വന്യമൃഗങ്ങൾ ഒന്നും തന്നെ ഇവരെ ശല്യപ്പെടുത്തിയിട്ടില്ല. നമീബിയൻ കാടുകളിലെ ആദിവാസികൾ ടിപ്പിക്ക്‌ ബന്ധുക്കളായി. വന്യമൃഗങ്ങളോടൊപ്പം ടിപ്പിയുടെ സംരക്ഷണവും ഉത്തരവാദിത്വവും അവരും ഏറ്റെടുത്തിരുന്നു. പത്തുവർഷക്കാലം വന്യമൃഗങ്ങൾക്കൊപ്പം കഴിഞ്ഞിട്ടും രണ്ടുതവണ മാത്രമേ ടിപ്പിയ്ക്ക്‌ അവയിൽ നിന്നും ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടുള്ളുവെന്ന്‌ സിൽവിയയും അലൈനും പറയുന്നു. ഒരിക്കൽ ഒരു കീരി ടിപ്പിയുടെ മൂക്കിൽ കടിച്ചു. മറ്റൊരിക്കൽ ഒരു ആഫ്രിക്കൻ കുരങ്ങ്‌ ടിപ്പിയുടെ തലമുടിയിൽ പിടുത്തമിട്ടു.
കാടിന്റെ മടിത്തട്ടിൽ ഓടിനടന്ന ടിപ്പിയെയുംകൊണ്ട്‌ മാതാപിതാക്കൾ സ്വദേശമായ ഫ്രാൻസിലേക്ക്‌ തിരിക്കാൻ തീരുമാനിക്കുമ്പോൾ ടിപ്പിക്ക്‌ 10 വയസാണ്‌ പ്രായം. കാടിന്റെ അന്തരീക്ഷത്തിൽ നിന്ന്‌ പെട്ടെന്നൊരു ദിവസം നഗരത്തിന്റെ തിരക്കിലേക്ക്‌ പറിച്ചുനട്ടപ്പോൾ ടിപ്പി ഏറെ പ്രയാസപ്പെട്ടു. കൂട്ടുകാരെയും വല്യേട്ടനെയും വിട്ടുപോന്നതിന്റെ വിഷമം കുറേകാലം ടിപ്പിയെ വേട്ടയാടി. പിന്നെ പതുക്കെ നഗരവുമായി ടിപ്പി മെരുങ്ങി.

tipi3-copy


ടിപ്പി- മൈ ബുക്ക്‌ ഓഫ്‌ ആഫ്രിക്ക
ടിപ്പിയുടെ കൂട്ടിക്കാലം ക്യാമറയിൽ പകർത്തിയ അലൈനും സിൽവിയയും ആ ചിത്രങ്ങൾ ചേർത്തുവച്ച്‌ ലോകത്തിന്‌ മുന്നിലെത്തിച്ചു. ‘ടിപ്പി- മൈ ബുക്ക്‌ ഓഫ്‌ ആഫ്രിക്ക’ എന്ന പേരിൽ തന്റെ അനുഭവങ്ങളും ചേർത്ത്‌ ടിപ്പി അത്‌ മികച്ചതാക്കി. ടിപ്പിയും കാടും ഒത്തുചേരുന്ന നൂറോളം ചിത്രങ്ങളാണ്‌ ‘ടിപ്പി- മൈ ബുക്ക്‌ ഓഫ്‌ ആഫ്രിക്ക’യിൽ ഉള്ളത്‌. നമീബിയയ്ക്ക്‌ പുറമേ മഡഗാസ്ക്കറിലേയും അനുഭവങ്ങൾ ടിപ്പി ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്‌. കണ്ണുകൾ കൊണ്ടും ഹൃദയം കൊണ്ടും മനസുകൊണ്ടും ആശയവിനിമയം നടത്തിയാണ്‌ ഇത്രയധികം കൂട്ടുകാരെ നേടിയെടുത്തതെന്ന്‌ ടിപ്പി പറയുന്നു. താൻ അവരോട്‌ പറയാനാഗ്രഹിച്ചത്‌ തന്റെ കണ്ണിൽ നോക്കി അവർ മനസിലാക്കിയിരുന്നുവെന്നും ടിപ്പി വിവരിക്കുന്നു.
മൗഗ്ലി ജീവിതത്തിന്‌ താൽക്കാലിക വിരാമമിട്ട ടിപ്പി ഡിഗ്രെ ഇന്ന്‌ സിനിമാ മേഖലയിലാണ്‌ പ്രവർത്തിക്കുന്നത്‌. താൻ വന്ന വഴിയും തന്റെ ജീവിതത്തിലെ അത്യപൂർവ നിമിഷങ്ങൾ സമ്മാനിച്ച കൂട്ടുകാരെയും അവൾ മറന്നില്ല. അവർക്ക്‌ വേണ്ടിയാണ്‌ ടിപ്പി ഇന്നും പ്രവർത്തിക്കുന്നത്‌. 2002 – 2003 ൽ ഡിസ്ക്കവറി ചാനലിന്‌ വേണ്ടി ആറ്‌ ഡോക്യുമെന്ററികൾ അവതരിപ്പിച്ചു. 2004ൽ ‘എറൗണ്ട്‌ ദ വേൾഡ്‌ വിത്ത്‌ ടിപ്പി’ എന്ന പേരിൽ ടിപ്പിയെ കേന്ദ്രീകരിച്ച്‌ സംവിധാനം ചെയ്ത ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. തന്റെ അനുഭവങ്ങളെ മുൻനിർത്തി 2007ൽ ‘ദ വേൾഡ്‌ അക്കോഡിങ്‌ ടു ടിപ്പി’ എന്ന ഡോക്യുമെന്ററിയും റിലീസായി.
ഇരുപത്തേഴ്‌ വയസുകാരി ടിപ്പി ഇന്ന്‌ ഫിക്മ (ഇന്റർനാഷണൽ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ) -യുടെ കുട്ടികൾക്കായുള്ള വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിക്കുകയാണ്‌. കാടും കാടിന്റെ ഉള്ളറകളും ടിപ്പിയോളം തൊട്ടറിഞ്ഞ മറ്റാരും ഫിക്മക്കുവേണ്ടി പ്രവർത്തിക്കാൻ ഇപ്പോൾ ഉണ്ടാകില്ല. വന സംരക്ഷണവും വന്യജീവി സംരക്ഷണവും എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന്‌ നഗരവാസികളെ പറഞ്ഞ്‌ മനസിലാക്കാൻ ടിപ്പിയോളം കഴിവ്‌ മറ്റാർക്കും ഉണ്ടാകുകയുമില്ല.
അബുവും ജെ ആൻഡ്‌ ബിയുമെല്ലാം ടിപ്പിയെ പോറൽ പോലും ഏൽപ്പിക്കാതെ സംരക്ഷിച്ചു എന്ന്‌ പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം രക്തബന്ധങ്ങൾ പോലും പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ഈ ലോകത്ത്‌ മനുഷ്യരെക്കാൾ വിശ്വാസയോഗ്യം മൃഗങ്ങളാണെന്ന്‌ ടിപ്പിയുടെ കഥ എടുത്തുകാട്ടുന്നു.

wild-10-copy

view more articles

About Article Author