ടീച്ചറമ്മയെ കെട്ടിയ പ്രസിഡന്റ്‌ മാക്രോണും കുസൃതിക്കുട്ടിയുടെ പൊട്ടുതൊട്ട പാട്ടും!

ടീച്ചറമ്മയെ കെട്ടിയ പ്രസിഡന്റ്‌ മാക്രോണും കുസൃതിക്കുട്ടിയുടെ പൊട്ടുതൊട്ട പാട്ടും!
May 09 04:55 2017

വാതിൽപ്പഴുതിലൂടെ
ദേവിക

രണ്ടാം വട്ട വോട്ടെടുപ്പിലൂടെ വൻഭൂരിപക്ഷത്തോടെ മിതവാദിയും കമ്മ്യൂണിസ്റ്റ്‌ പിന്തുണയുള്ള സ്ഥാനാർഥിയുമായ ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച്‌ പ്രസിഡന്റായെന്ന വാർത്ത കേട്ടപ്പോൾ കോട്ടയത്ത്‌ പാലാ ഭരണങ്ങാനത്തെ ഒരു വികൃതിപ്പയ്യനെയാണ്‌ ഓർത്തുപോയത്‌.
പത്താം ക്ലാസുകാരൻ, പ്രായം പതിനഞ്ച്‌, ടീച്ചറാകട്ടെ അതിസുന്ദരി. നെറ്റിയിലെ ചുവന്ന പൊട്ടു കൂടിയായപ്പോൾ പയ്യനാകെ ലാസ്യലഹരി, ലാവണ്യലഹരി! ഒരു ദിവസം ക്ലാസിൽ ടീച്ചർ രണ്ട്‌ ചോദ്യങ്ങളിട്ടു. ഒന്ന്‌ പൊട്ടിന്റെ രണ്ട്‌ പര്യായങ്ങളെഴുതുക. രണ്ട്‌ പൊട്ടിനെക്കുറിച്ച്‌ നാല്‌ വാചകമെഴുതുക. പയ്യൻ കൂളായി പര്യായപദങ്ങളെഴുതി. തിലകം, കുറി. വാചകങ്ങളാണെങ്കിൽ കസറി. ‘ടീച്ചറേ നിന്റെ പൊട്ട്‌, അതു കാണുമ്പോൾ എനിക്ക്‌ വട്ട്‌, ഒന്നുകിൽ നീയെന്നെ കെട്ട്‌, അല്ലെങ്കിൽ നീയെന്നെ തട്ട്‌!’ ടീച്ചർ ഉത്തരം വായിച്ച്‌ ഊറിച്ചിരിച്ചു. ചുവപ്പ്‌ പൊട്ടുതൊട്ട്‌ പയ്യന്റെ ആകർഷണ തിലകമായ ടീച്ചർ പിന്നീട്‌ അവനെ കെട്ടിയോ എന്ന്‌ തിട്ടമില്ല.
പക്ഷേ പൊട്ടില്ലാതെയും ടീച്ചറമ്മയെ പ്രണയിക്കാമെന്നും മിന്നു ചാർത്താമെന്നും ചരിത്രമെഴുതി ഫ്രഞ്ച്‌ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോൺ കമ്മ്യൂണിസ്റ്റ്‌ പിന്തുണയോടെ തീവ്രവലതുപക്ഷക്കാരിയായ ലീപെന്നിലെ തോൽപിച്ചപ്പോൾ കൂടെക്കൂടിയത്‌ പിന്നെയും ചരിത്രങ്ങൾ. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ മാക്രോണിന്‌ പ്രായം 39. പ്രായവ്യത്യാസമുള്ള ഭാര്യയുടെ ഭർത്താവായ പ്രസിഡന്റ്‌ എന്ന റെക്കോഡും സ്വന്തം. സ്വന്തം ടീച്ചറെ കെട്ടിയ വിദ്യാർഥിയായ പ്രസിഡന്റ്‌ എന്ന ചരിത്രദളം വേറെ. 15 വയസിൽ 39കാരി ടീച്ചറെ പ്രണയിച്ചു പഠിച്ച്‌ പ്രസിഡന്റായതും മാക്രോൺ. ടീച്ചർ ബ്രിജിത്ത്‌ ട്രോഗ്‌ നെക്സ്‌ മൂന്ന്‌ മക്കളും ഏഴ്‌ പേരക്കിടാങ്ങളുമൊത്താണ്‌ പ്രസിഡന്റ്‌ മാക്രോണുമൊത്ത്‌ ഇലീസി കൊട്ടാരത്തിൽ പ്രസിഡന്റ്‌ മാക്രോണുമൊത്ത്‌ പൊറുതിയാവുന്നത്‌. ബ്രിജിത്ത്‌ ടീച്ചർ സ്കൂളിൽ മാക്രോൺ പയ്യനെ പതിനഞ്ചാം വയസിൽ നാടകം പഠിപ്പിച്ചു തുടങ്ങിയ യാത്ര 54 വയസായപ്പോൾ മംഗല്യത്തിലെത്തി. ഭർത്താവായ ബാങ്കറെ ഉപേക്ഷിച്ച ശേഷം നടന്ന വാർധക്യകാല പരിണയം. മധുരപ്പതിനേഴിൽ സ്കൂൾ വിടുമ്പോൾ മക്രോൺ ടീച്ചറോട്‌ പറഞ്ഞത്‌ ‘സ്വന്തമായിത്തിരി മണ്ണ്‌ വാങ്ങിച്ചതിൽ കൊച്ചൊരു കൂരയും കെട്ടി, മാനമായ്‌ നിന്നെ ഞാൻ കൊണ്ടുപോകില്ലല്ലോ താലിയും മാലയും കെട്ടി എന്നാണ്‌ ആനിവുൾഡ്സിന്റെ ഇമ്മാനുവൽ മാക്രോൺ-എ പെർഫെക്ട്‌ യങ്ങ്‌ മാൻ’ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്‌. ടീച്ചറമ്മയുടെ വയസാംകാലത്ത്‌ കുഞ്ഞുകുട്ടി പരാതീനങ്ങളെയും പേരക്കുട്ടികളെയും ഏറ്റെടുത്ത്‌ മാക്രോൺ വിവാഹവാഗ്ദാനം പാലിച്ചു. തന്നെ ഞാനാക്കിയത്‌ ഈ ടീച്ചറമ്മയാണെന്ന്‌ പറഞ്ഞ്‌ തെരഞ്ഞെടുപ്പ്‌ റാലി ഗുരുവിനെ ചുംബിച്ച്‌ പ്രഖ്യാപിച്ച മാക്രോൺ ഇനി തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങൾ പാലിക്കുന്നതെങ്ങനെയെന്ന്‌ കാത്തിരുന്നു കാണാം. ഇലീസി കൊട്ടാരത്തിൽ നടക്കുന്ന ഫ്രഞ്ച്‌ നയരൂപീകരണത്തിൽ നിർണായക പങ്കായിരിക്കും ടീച്ചറമ്മയ്ക്കെന്ന്‌ പ്രസിഡന്റ്‌ മാക്രോൺ വിജയത്തിനുശേഷം പ്രഖ്യാപിച്ചതു കേട്ടപ്പോൾ ഭയം തോന്നുന്നു. ബന്ധു വിവാദത്തിന്റെ ചൂരും ചെത്തവും മലയാളിക്കല്ലേ അറിയൂ.
ചില കാലങ്ങളിൽ ചില വാർത്തകൾ മിന്നൽപിണറായി കത്തിക്കയറാറുണ്ട്‌. അതിലൊന്നാണ്‌ തലസ്ഥാനത്ത്‌ നടന്ന ഒരു ലിംഗമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം കാട്ടാക്കടയിലെ സാഗർ എന്ന പയ്യനാണ്‌ സംഭവത്തിലെ കഥാനായകൻ. അയാൾ തിരുവന്തോരം മെഡിക്കൽ കോളജിൽ സമ്പൂർണ പുരുഷനാകാൻ നിരവധി ശസ്ത്രക്രിയകൾക്ക്‌ വിധേയനായി. അവസാനഘട്ടമായി തുടയിൽ നിന്ന്‌ മാംസമെടുത്ത്‌ വലത്തേ തുടയിടുക്കിൽ ജനനേന്ദ്രിയം വച്ചുപിടിപ്പിച്ചു. അങ്ങനെ സാഗർ വലതുപക്ഷക്കാരനായി. പക്ഷേ ആകെയൊരു അസ്വസ്ഥത. നടക്കുമ്പോൾ ദേഹത്ത്‌ അധികപ്പറ്റായി ഒരവയവം വച്ചുപിടിപ്പിച്ചതുപോലെ. പോരാഞ്ഞ്‌ കടുത്ത അണുബാധയും. തന്നെ ഡോക്ടർമാർ ഒരു പരീക്ഷണ പദാർഥമാക്കിയെന്ന്‌ സാഗർ മാധ്യമങ്ങളുടെ മൈക്ക്‌ പിടിച്ചുവാങ്ങി അലറിക്കരഞ്ഞു. ഒടുവിൽ മുംബൈ ആശുപത്രിയിലെ ചില ഡോക്ടർമാർ ലിംഗമാറ്റ ശസ്ത്രക്രിയ വീണ്ടും നടത്തി ജനനേന്ദ്രിയം ഇടത്തേ തുടയിൽ വച്ചുപിടിപ്പിച്ചു. അങ്ങനെ സാഗർ ഇടതുപക്ഷക്കാരനായി.
കോട്ടയത്തുനടന്ന പരാജയപ്പെട്ട ഒരു രാഷ്ട്രീയ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച്‌ കേട്ടപ്പോൾ സാഗറെ ഓർത്തുപോയതാണ്‌. ശസ്ത്രക്രിയയിൽ സാഗർക്ക്‌ ജീവിൻ തിരിച്ചുകിട്ടി. കോട്ടയത്താണെങ്കിൽ കോഴ അണുബാധ കലശലായ രോഗിയെ കുറുകെ രണ്ടായി വെട്ടിമുറിച്ചായിരുന്നു ശസ്ത്രക്രിയ. കടഭാഗത്തെ ഡോക്ടർമാർ ഇടത്തോട്ട്‌ വലിച്ചു കൊണ്ടുപോയി. തലഭാഗം വലത്തോട്ടെറിഞ്ഞു. വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ ശസ്ത്രക്രിയ.
ബിഹാറിലെ ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ലാലുപ്രസാദ്‌ യാദവ്‌ നർമത്തിന്റെ നിറകുടമാണ്‌. ആഭ്യന്തര സുരക്ഷാ നിയമം (മിസ) അനുസരിച്ച്‌ ടിയാനെ തട്ടി അകത്താക്കിയപ്പോൾ സന്താനസമൃദ്ധിയിൽ അനുഗ്രഹീതനായ ലാലു അപ്പോൾ പിറന്ന പെൺകുഞ്ഞിന്‌ പേരിട്ടു. മിസ. ആ മിസയിപ്പോൾ ലാലുവിന്റെ പാർട്ടിയുടെ രാജ്യസഭാംഗം. ഒരു മോൻ ബിഹാർ ഉപമുഖ്യമന്ത്രി മറ്റൊരു മോൻ മന്ത്രി. ഒരിക്കൽ ഭാര്യ റാബ്‌റിയെ മുഖ്യമന്ത്രിയാക്കി. കേന്ദ്രമന്ത്രിയായിരുന്ന കാലത്ത്‌ ചിന്നവീട്ടുകാരി കാന്തിസിങ്ങിനെ കേന്ദ്രഖനി മന്ത്രിയാക്കി ഡൽഹിയിൽ ഒപ്പം പൊറുതിയായി. അന്ന്‌ റാബ്രിദേവി ചൂലുകൊണ്ട്‌ കാന്തിസിങ്ങിനെ തല്ലി പുറത്താക്കിയെന്നും വാർത്തകളുണ്ടായിരുന്നു. ആയിരത്തോളം കോടി രൂപയുടെ പഴയ കാലിത്തീറ്റ കുംഭകോണ കേസുകളിലൊന്നിൽ പാർലമെന്റംഗത്വം തെറിച്ച്‌ ജയിലിലുമായെങ്കിലും ജാമ്യത്തിലിറങ്ങി നിൽക്കുന്ന ലാലുവിന്‌ നർമ്മം തരിമ്പ്‌ പോലും കൈമോശം വന്നിട്ടില്ല. ഇപ്പോൾ അദ്ദേഹം മോഡിയുടെ ഗോസംരക്ഷണ വ്യഗ്രതയിലും ഗോവധ നിരോധനത്തിലും ലാലു തെല്ലൊരു താദാത്മ്യം പ്രാപിച്ചപോലെ. ആൾ ഗോകുലപാലനായ സാക്ഷാൽ ശ്രീകൃഷ്ണന്റെ യാദവകുലസന്തതിയല്ലോ അപ്പോൾ ഗോസംരക്ഷണത്തിന്‌ ഒരു നിർദേശം വേണമല്ലോ. ചാകാറായ ചാവാലിപ്പശുക്കളെ മുഴുവൻ മോഡിയുടെ തൊഴുത്തിൽ കൊണ്ടുകെട്ടാനാണ്‌ ലാലുവിന്റെ പുതിയ ആഹ്വാനം. ‘സംഗതി ജഗപൊകയായില്ലെ. ബ്രഹ്മാണ്ഡത്തിലെ ഏറ്റവും വലിയ ചാവാലിപ്പശു വളർത്തുകാരനായും അവയുടെ കുഴിമാടം വെട്ടുകാരനായുമുള്ള മോഡിയുടെ ചിത്രം ഒന്നോർത്തുനോക്കൂ. ലാലുവിന്‌ നന്ദി, നല്ല നമസ്കാരം.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാപകനുമായ അരവിന്ദ്‌ കെജ്‌രിവാൾ തന്റെ ഒരു മന്ത്രിസഭാംഗത്തിൽ നിന്ന്‌ രണ്ട്‌ കോടി രൂപ കോഴ വാങ്ങിയെന്ന പിരിച്ചുവിടപ്പെട്ട ഒരു മന്ത്രിയുടെ ആരോപണം കത്തിപ്പടരുന്നു. കോഴക്കാര്യം കേസുമായി. കെജ്‌രിവാളാകട്ടെ മിണ്ടാട്ടമില്ല. ഇന്ത്യയിലെ മതേതരശക്തികളുടെ അച്ചുതണ്ടിന്റെ അച്ചായി താനായിക്കോളാം എന്ന്‌ സ്വയം അവരോധിതനായി കേരളാഹൗസിൽ വന്ന്‌ രസവടയും സാമ്പാറും കള്ളപ്പവും കരിമീൻ പൊള്ളിച്ചതും തട്ടിയ കെജ്‌രിവാൾ ഡൽഹിയിൽ കെ എം മാണിക്ക്‌ പഠിക്കുന്നുവോ എന്ന്‌ ദേവികയ്ക്ക്‌ തോന്നിപ്പോയി. അണ്ണാഹസാരെയുടെ ഐതിഹാസികമായ ലോക്പാൽ സമരകാലത്ത്‌ ലഭിച്ച കോടികളുടെ സംഭാവന കൂടെ നിന്ന ഇവന്റ്‌ മാനേജരായ കെജ്‌രിവാൾ അടിച്ചുമാറ്റിയെന്ന വാർത്തകൾ അന്നുണ്ടായിരുന്നു. ആം ആദ്മി പാർട്ടിയുണ്ടാക്കിയ ശേഷം ലോക്പാലിനെ പറ്റി പുള്ളി കമാ എന്നൊരക്ഷരവും മിണ്ടുന്നില്ല. മോഡിയാണെങ്കിൽ ലോക്പാൽ ബിൽ അട്ടത്തുവച്ചത്‌ അംബാനിക്കും അദാനിക്കും അരവിന്ദിനും കരുതിയാണോ.

  Categories:
view more articles

About Article Author