ട്രംപിനെതിരെ പ്രതിഷേധം

ട്രംപിനെതിരെ പ്രതിഷേധം
April 17 04:45 2017

വാഷിങ്ങ്ടൺ: പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നു. ട്രംപിന്റെ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ്‌ നൂറുകണക്കിന്‌ ട്രമ്പ്‌ വിരുദ്ധർ തെരുവിലിറങ്ങയത്‌.
കാലിഫോർണിയയിലെ ബെർക്കലെ തെരുവിലാണ്‌ പ്രതിഷേധം അരങ്ങേറിയത്‌. പ്രതിഷേധ പ്രകടനത്തിനിടെ ഇവിടെയുണ്ടായിരുന്ന ട്രമ്പ്‌ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെ 13 പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.
വാക്കുതർക്കത്തിനിടെ രണ്ടു പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർക്കു നേരെ പോലീസ്‌ കണ്ണീർ വാതകം പ്രയോഗിച്ചു. സമാധാനപരമായി നീങ്ങിയ പ്രതിഷേധക്കാർക്കു നേരെ ട്രമ്പ്‌ അനുകൂലികൾ കൈയേറ്റം നടത്തുകയായിരുന്നുവെന്നാണ്‌ വിവരം. അതേസമയം, പ്രതിഷേധക്കാരിൽ ചിലരുടെ കൈവശം തോക്കും, കത്തിയുമടക്കമുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്ന്‌ പോലീസ്‌ വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ 18നാണ്‌ നികുതി അടക്കാനുള്ള അവസാന തീയതി.നികുതി വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധറാലികൾ ആസൂത്രിതമാണെന്ന്‌ ട്രമ്പ്‌ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ്‌ പ്രചരണ സമയത്തും ഇത്തരത്തിൽ ഒരു വിഷയം ഉയർന്നുവന്നിരുന്നു. തെരഞ്ഞെടുപ്പും കഴിഞ്ഞു. വിജയിക്കുകയും ചെയ്തു. ഇനിയും നികുതി പിരിവിന്റെ പേരിൽ ആസൂത്രിത നീക്കം നടക്കുകയാണെന്ന്‌ ട്രമ്പ്‌ ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും അവസാനമായി പുറത്തുവന്ന അഭിപ്രായസർവെയിലും 74 ശതമാനത്തോളം അമേരിക്കൻ പൗരന്മാരും ആവശ്യപ്പെട്ടത്‌ ട്രംപിന്റെ നികുതിവിവരങ്ങൾ പുറത്തുവിടണമെന്നാണ്‌. റിച്ചാർഡ്‌ നിക്സണിനുശേഷമുള്ള എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും നികുതിവിവരങ്ങൾ പുറത്തുവിടുക പതിവാണ്‌.

  Categories:
view more articles

About Article Author