ഡെങ്കിപ്പനി പടരുന്ന നായാടിക്കുന്ന് മേഖലയിലെ മാലിന്യ നിക്ഷേപത്തില്‍ നടപടിയെടുക്കാതെ നഗരസഭ

May 20 01:28 2017

 

മണ്ണാര്‍ക്കാട്: നായാടിക്കുന്ന് മേഖലയില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് മാലിന്യ നിക്ഷേപം നീക്കം ചെയ്യാത്തത്തില്‍ പ്രതിഷേധം.
എല്ലാതരം മാലിന്യങ്ങളും രണ്ട് ഏക്കര്‍ സ്ഥലത്ത് കുന്നു കൂടിക്കിക്കുന്ന സ്ഥിതിയിലാണ്. ഇത് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. നഗരസഭയിലെ നായാടിക്കുന്ന്, നാരങ്ങപ്പറ്റ, ചന്തപ്പടി തുടങ്ങിയ ഭാഗങ്ങളില്‍ ഒരു മാസത്തിലേറെയായി പനി പടരുകയാണ്.
പലര്‍ക്കും ഡെങ്കി സ്ഥിരീകരിച്ചു. പനി കണ്ടെത്തിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണ്. പ്രദേശത്ത് പനി പടരാന്‍ ഇടയാക്കിയ കാരണങ്ങളില്‍ ഒന്ന് വന്‍തോതില്‍ മാലിന്യം കൂട്ടിയിട്ടതാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ആരോഗ്യ വകുപ്പ് അധികൃതര്‍ മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ നഗരസഭയോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥലം ഉടമകളോട് മാലിന്യം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും ഉടമകളുടെ ഭാഗത്തു നിന്ന് ക്രിയാത്മകമായ സമീപനം ഉണ്ടായില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ട വ്യക്തികളെ കൊണ്ട് മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കത്തു നല്‍കിയതായി നഗരസഭ ചെയര്‍പഴ്‌സന്‍ എം.കെ.സുബൈദ അറിയിച്ചു.
നായാടിക്കുന്ന് മേഖലയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് ഏക്കര്‍ സ്ഥലത്താണ് വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത്. ഡെങ്കി ഉള്‍പ്പടെയുള്ള പനി ബാധിച്ച് നൂറു കണക്കിനാളുകളാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന്പറഞ്ഞ് നഗരസഭ ഒത്താശചെയ്യുന്നവെന്നാണ് ആരോപണം.

view more articles

About Article Author